എരുമപ്പെട്ടി: എരുമപ്പെട്ടി മലയകം വനാതിർത്തിയിൽ പ്രവർത്തിക്കുന്ന തുകൽ സംഭരണ കേന്ദ്രം പരിസര മലിനീകരണം സൃഷ്ടിക്കുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന കേന്ദ്രം നാട്ടുകാർക്ക് ശല്യമായി തീർന്നിരിക്കുകയാണ്. എരുമപ്പെട്ടിക്ക് സമീപം പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.
ജില്ലക്കകത്തും പുറത്തുമുള്ള അറവ് ശാലകളിൽ നിന്നും ശേഖരിക്കുന്ന മൃഗങ്ങളുടെ തുകൽ വൻതോതിലാണ് ഈ കേന്ദ്രത്തിൽ സംഭരിക്കുന്നത് ഇതിന് പുറമെ അറവ് മാലിന്യങ്ങളും ഇവിടെ ശേഖരിക്കുന്നുണ്ട്. തീർത്തും വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്ന സംഭരണ കേന്ദ്രം ഇപ്പോൾ നാട്ടുകാർക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
രൂക്ഷമായ ദുർഗന്ധമാണ് പരിസര പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. പുഴുവരിക്കുന്ന മാംസാവശിഷ്ടങ്ങൾ പക്ഷികൾ കൊത്തി കിണറുകളിൽ കൊണ്ടിടുന്നതിനാൽ കുടിവെള്ളവും മലിനപ്പെടുന്ന അവസ്ഥഥയാണ്. കൂടാതെ മാംസാവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തുന്ന നായ്ക്കൾ നാട്ടുകാർക്ക് ഭീഷണിയായി മാറുന്നുണ്ട്.
കേന്ദ്രത്തിൽ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ വേട്ടയാടി പിടിക്കുന്നനതായി പരാതി ഉയർന്നിട്ടുണ്ട്. നാട്ടുകാർ പഞ്ചായത്തിലും ആരോഗ്യ വനം വകുപ്പുകളിലും നിരവധി തവണ പരാതി നൽകുന്നുണ്ടെങ്കിങ്കിലും അധികൃതർ ഇതിനെതിരെ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.