ഗുരുവായൂർ: മക്കളായ ആകാശിന്റെയും ഇഷയുടെയും വിവാഹ ക്ഷണപത്രിക കണ്ണന്റെ സോപാനത്ത് സമർപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ക്ഷേത്ര ദർശനം. ഇളയ മകൻ ആനന്ദ് അംബാനി, റിലയൻസ് ഡയറക്ടർ പി.എം.എസ്. പ്രസാദ് എന്നിവരോടൊപ്പമാണ് എത്തിയത്. ക്ഷേത്ര സോപാനത്ത് ഉരുളിയിൽ നെയ്യ്, കദളിക്കുല, കാണിക്ക എന്നിവയും സമർപ്പിച്ചു.

ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസിന് മുകേഷ് വിവാഹ ക്ഷണപത്രിക കൈമാറി. മുംബയിൽ നിന്ന് രാവിലെ തിരുപ്പതിയിലെത്തി ക്ഷേത്ര ദർശനം കഴിഞ്ഞാണ് ഗുരുവായൂരിലെത്തിയത്. രാവിലെ 10 മണിക്കുശേഷം രാമേശ്വരം ക്ഷേത്ര ദർശനത്തിനായി തിരിച്ചു. അവിടെ പൂജകൾ ഏല്പിച്ചതിനാൽ നടയടയ്ക്കുന്നതിന് മുമ്പ്‌ എത്തേണ്ടതിനാൽ തിരക്കിട്ടായിരുന്നു മടക്കയാത്ര. വിവാഹശേഷം നവദമ്പതികളുമായി കണ്ണനെ കാണാനെത്തുമെന്ന് മുകേഷ് അംബാനി ദേവസ്വം ചെയർമാനോട് പറഞ്ഞു. രാവിലെ ഒമ്പതോടെ അരികന്നിയൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ വന്നിറങ്ങി അവിടെ നിന്നു കാർ മാർഗമാണ് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയത്.

ശ്രീവത്സത്തിലെത്തിയ മുകേഷിനെ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്രത്തിലെത്തിയ മുകേഷിനെ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി. ശങ്കുണ്ണിരാജ് സ്വീകരിച്ചു. മേൽശാന്തി കലിയത്ത് പരമേശ്വരൻ നമ്പൂതിരിയിൽ നിന്നു പ്രസാദം സ്വീകരിച്ച ശേഷം ഉപദേവന്മാരെയും തൊഴുതാണ് മടങ്ങിയത്. ആകാശ് അംബാനിയും ശ്ലോക മേത്തയും ഇഷ അംബാനിയും ആനന്ദ് പിരമിളും തമ്മിലുള്ള വിവാഹം ഡിസം 12ന് മുംബയിൽ നടക്കും.