അരിമ്പൂർ: എറവ് കൊടയാട്ടി കോൾപ്പാടത്ത് ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തതിനാലെന്ന് ആരോപണം. ഗെയിലിനെതിരെയും എറവ് കൊടയാട്ടി പടവുകമ്മിറ്റിക്കെതിരെയും റവന്യൂ അധികൃതർക്കെതിരെയും നടപടി വേണമെന്നു് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ അടക്കമുള്ളവർക്ക് പരാതി നൽകി.
എറവ് കൊടയാട്ടി കോൾ പാടത്താണ് നവംബർ 20ന് ചതുപ്പിൽപ്പെട്ട് ട്രാക്ടർ തലകീഴായി മറിഞ്ഞ് ഡ്രൈവർ ബംഗാൾ സ്വദേശി രാജു മണ്ഡൽ (24) മരിച്ചത്. അപകടകാരണം സൂചനാ ബോർഡുകളും മറ്റും സ്ഥാപിക്കാത്തത് കൊണ്ടാണെന്ന് ആരോപിച്ചാണ് പൊതുപ്രവർത്തകനായ കെ. വേണുഗോപാൽ ഹൈക്കോടതി രജിസ്ട്രാർ അടക്കമുള്ളവർക്ക് പരാതി അയച്ചത്. ഇവരുടേത് ഗുരുതര വീഴ്ചയായി കാണണമെന്ന് പരാതിയിൽ പറയുന്നു.
മറ്റു കോൾ പടവുകളിലും ജനവാസ മേഖലയിലും ഗെയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഗെയിലിന്റെ ഉദാസീനതയും അനാസ്ഥയും മൂലം നടന്ന അപകടമാണെന്നും ഇവരെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്നും വേണുഗോപാൽ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. ഗെയിലിനായി പ്രവൃത്തി നടത്തിയിട്ടുള്ള സ്ഥലത്ത് വർഷകാലത്ത് വെള്ളം നിറഞ്ഞ ശേഷം ചതുപ്പ് രൂപപ്പെടുമെന്നും ശേഷം ട്രാക്ടർ അടക്കമുള്ളവ പ്രവേശിച്ചാൽ അപകടത്തിൽപ്പെടുമെന്ന് പടവ് സമിതിക്ക് അറിവുള്ളതാണ്.
മുന്നറിയിപ്പ് നൽകുന്നതിനുള്ള ബോർഡുകൾ സ്ഥാപിക്കാതെയും നിർദേശം നൽകാതെയും വീഴ്ച വരുത്തിയ എറവ് കൊടയാട്ടി പടവ് സമിതിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം. ഗെയിലിനു സ്ഥലം ഏറ്റെടുത്തു നൽകുന്നതും, നടപടികൾ പൂർത്തിയാക്കുന്നതും റവന്യൂ വകുപ്പാണ്. ഗെയിലിന്റെ പ്രവർത്തനങ്ങൾ അപകടകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടോയെന്നും ഡ്രൈവർ മരിച്ച സംഭവത്തിൽ റവന്യൂ വകുപ്പിനെതിരെയും കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തണമെന്നും വേണുഗോപാലിന്റെ പരാതിയിൽ പറയുന്നു.
അന്തിക്കാട് എസ്.എച്ച്.ഒ, തൃശൂർ റൂറൽ എസ്.പി, ജില്ലാ കളക്ടർ, ആർ.ഡി.ഒ, റവന്യൂ സെക്രട്ടറി, ഡി.ജി.പി, ഹൈക്കോടതി രജിസ്ട്രാർ എന്നിവർക്കാണ് പരാതി നൽകിയിട്ടുള്ളത്.