പെരിങ്ങോട്ടുകര : സി.പി.ഐ താന്ന്യം ലോക്കൽ കമ്മിറ്റി ഓഫീസ് ആക്രമിച്ച് എ.ഐ.എസ്.എഫ് വനിത പ്രവർത്തകരെയും നേതാക്കളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേരള മഹിളാസംഘം നാട്ടിക മണ്ഡലം കമ്മിറ്റിയും എ.ഐ.വൈ.എഫ് വനിതാ സബ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പെരിങ്ങോട്ടുകര സെന്ററിൽ പ്രതിഷേധ സായാഹ്നവും പ്രകടനവും നടത്തി. മഹിള സംഘം സംസ്ഥാന ജോ സെക്രട്ടറി ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം നാട്ടിക മണ്ഡലം സെക്രട്ടറി ഷീന അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം നിമിഷ രാജു, എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് നവ്യ തമ്പി, സജന പർവ്വിൻ, എം. സ്വർണ്ണലത എന്നിവർ സംസാരിച്ചു. കെ.പി പ്രഭാകരൻ സ്മാരക മന്ദിരത്തിൽ നിന്നും തുടങ്ങിയ പ്രകടനത്തിന് മീന സുനിൽ, സുജ പുഷ്കരൻ, സീന കണ്ണൻ, സീമ രാജൻ, ശുഭാ സുരേഷ് എന്നിവർ നേതൃത്വം നൽകി. പ്രതിഷേധയോഗത്തിന് മൈക്ക് ഉപയോഗിക്കാൻ അനുമതി നിഷേധിച്ച അന്തിക്കാട് പൊലീസ് സി.പി.എം ജാഥയ്ക്ക് മൈക്ക് ഉപയോഗിക്കാൻ അനുമതി നൽകിയത് ഇരട്ടത്താപ്പാണെന്ന് നേതാക്കൾ ആരോപിച്ചു.