തൃശൂർ: പത്ത് വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ജീവപര്യന്തം തടവുകാരന് മാതാപിതാക്കളെയും അനാഥാലയത്തിൽ കഴിയുന്ന ഭാര്യയെയും കുട്ടികളെയും കാണാൻ പരോൾ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. വരുന്ന ജയിൽ ഉപദേശക സമിതി യോഗത്തിൽ വിഷയം ഒരിക്കൽ കൂടി പരിഗണിക്കണമെന്നും കമ്മിഷൻ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. വിയ്യൂർ സെൻട്രൽ ജയിലിലെ 1483ാം നമ്പർ തടവുകാരൻ മണികണ്ഠന് പരോൾ അനുവദിക്കണമെന്നാണ് ഉത്തരവ്. മണികണ്ഠന് നാളിതുവരെ പരോൾ അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം സമർപ്പിച്ച പരാതിയിൽ പറയുന്നു. 10 വർഷം പൂർത്തിയായ തടവുകാരന് വേണ്ടി പൊലീസ്, പ്രൊബേഷൻ ഓഫീസർ എന്നിവരിൽ നിന്നും റിപ്പോർട്ട് വരുത്തിയെങ്കിലും അത് അനുകൂലവും പ്രതികൂലവുമായിരുന്നു. ജയിൽ ഉപദേശക സമിതി പരോൾ പരിശോധിച്ചെങ്കിലും ഉത്തരവ് തടവുകാരന് പ്രതികൂലമായി. 2018 ലെ പുനരവലോകനസമിതി യോഗം തടവുകാരന്റെ അപേക്ഷ വീണ്ടും പരിഗണിക്കാൻ ജയിൽ ഉപദേശകസമിതിക്ക് നൽകിയിട്ടുണ്ട്. തടവുകാരന്റെ മാതാപിതാക്കളും കുടുംബവും മറ്റുള്ളവരുടെ സഹായത്താലാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ പരോൾ അനുവദിക്കുന്ന കാര്യം ഒരിക്കൽ കൂടി പരിഗണിക്കണമെന്നും പി. മോഹനദാസ് ആവശ്യപ്പെട്ടു.