ചാലക്കുടി: മേലൂർ പഞ്ചായത്തിലെ കുന്നപ്പിള്ളി തട്ടുപാറ തടയണ നിർമ്മാണം പുനരാരംഭിച്ചു. ഇതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും ജലസേചനത്തിനും ശാശ്വത പരിഹാരമാകും. മേലൂർ, പരിയാരം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചാലക്കുടിപ്പുഴയ്ക്ക് കുറുകെയാണ് തട്ടുപാറ തടയണ നിർമ്മിക്കുന്നത്. പരിയാരത്തെ കാഞ്ഞിരപ്പിള്ളിയാണ് തയണയുടെ മറുകര.
2011ൽ തടയണയുടെ നിർമ്മാണം ആരംഭിച്ചെങ്കിലും ഇടയ്ക്ക് നിർമ്മാണം നിലച്ചു. തുടർന്ന് ഒരവധിക്ക് ശേഷം നിർമ്മാണം പുനരാരംഭിച്ചെങ്കിലും അധികം വൈകാതെ വീണ്ടും നിലക്കുകയായിരുന്നു. കരാറുകാർ ഇട്ടുപോയ തടയണയുടെ നിർമ്മാണം ഇപ്പോൾ മൂന്നാമത്തെ ടെൻഡറിലാണ് വീണ്ടും ആരംഭിച്ചത്. കരാറുകാരന്റെ നഷ്ടഉത്തരവാദിത്വത്തിലാണ് പുതിയ ടെൻഡർ വിളിച്ചത്.
പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളി ഭാഗത്ത് മണൽചാക്കുകൾ നിരത്തി പുഴയിലെ വെള്ളം തടഞ്ഞുനിറുത്തി കോൺക്രീറ്റിംഗ് ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് നിർമ്മാണം. പുഴയുടെ നാല് കിലോമീറ്ററോളം വരുന്ന ഭാഗത്തെ വെള്ളം തടഞ്ഞുനിറുത്തി ജലക്ഷാമം പരിഹരിക്കുന്നതാണ് പദ്ധതി.
മേലൂർ, പരിയാരം പഞ്ചായത്തുകലിലെ കുടിവെള്ള ക്ഷാമത്തിന് തടയണ നിർമ്മാണത്തിലൂടെ ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. മേലൂരിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് ദേവരാജഗിരി. ഇവിടേക്കുള്ള കുടിവെള്ള പമ്പിംഗ് സ്റ്റേഷൻ കുന്നപ്പിള്ളിയിലാണ് സ്ഥാപിച്ചിരിക്കുന്നത്.
വേനൽക്കാലത്ത് പുഴയിലെ ജലവിതാനം കാര്യമായി താഴുന്നതിനെ തുടർന്ന് പമ്പിംഗ് കാര്യക്ഷമമാകാറില്ല. അതിനാൽ കുടിവെള്ള വിതരണവും നടക്കാറില്ല. തടയണ നിർമ്മാണം പൂർത്തിയാകുന്നതോടെ പുഴയിൽ വെള്ളം കെട്ടിനിൽക്കുകയും പമ്പിംഗ് കാര്യക്ഷമാകുകയും ചെയ്യും. ഇതോടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. കാർഷിക മേഖലയ്ക്കും തടയണ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
വേനൽക്കാലത്ത് ജലസേചന സൗകര്യമില്ലാത്തത് കർഷകരും നേരിടുന്ന വെല്ലുവിളിയാണ്. ഈ പ്രശ്‌നത്തിനും തടയണ നിർമ്മാണത്തോടെ പരിഹാരം ഉണ്ടാകും. നിലവിൽ ചാലക്കുടി പുഴയിൽ രണ്ട് തടയണകളാണുള്ളത്. കൂടപ്പുഴയിലെയും കൊമ്പൻപാറയിലെയും തടയണ നിർമ്മാണം പൂർത്തീകരിച്ചതോടെ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായിട്ടുണ്ട്.
തട്ടുപാറ തടയണയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ മേഖലകളിലെയും കുടവെള്ള, ജലസേചന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.