തൃശൂർ: കേരളത്തിന് തീരാനഷ്ടങ്ങളുണ്ടാക്കിയ പ്രളയം കഴിഞ്ഞ് മൂന്നരമാസം പിന്നിടുമ്പോൾ നാടിന്റെ പുനർനിർമ്മാണത്തിലും, ഇനിയൊരു ദുരന്തം സംഭവിച്ചാൽ ഫലപ്രദമായി നേരിടാനും യുവജനങ്ങളെ അണിനിരത്താൻ ജില്ല ഒരുങ്ങുന്നു. 15നും 30നും ഇടയിൽ പ്രായമുള്ള പതിനായിരം പേരെ ഉൾക്കൊളളിച്ച് കേരളാ വോളന്ററി യൂത്ത് ആക്‌ഷൻ ഫോഴ്‌സ് രൂപീകരിക്കാനാണ് ലക്ഷ്യം. സംസ്ഥാനത്ത് ഒരു ലക്ഷം പേരെ ഉൾക്കൊളളിക്കാനാണ് ശ്രമം.

ദുരന്തങ്ങളിൽ എല്ലാ വിധ അതിർവരമ്പുകളും മറന്ന് ഒരേ മനസോടെ സാഹസികമായി ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട യുവാക്കൾ ലോകത്തിന് മുന്നിൽ മാതൃകയായത് പരിഗണിച്ചാണ് സംസ്ഥാന യുവജനക്ഷേമ ബോർഡ് ദുരന്തനിവാരണസേന തുടങ്ങാൻ തീരുമാനിച്ചത്. ഇതിൻ്റെ ഭാഗമായി കാസർകോട് നിന്ന് തുടങ്ങിയ 'ഡ്രൈവ് എ തോൺ"

റാലിയും കലാജാഥയും ഫ്ളാഷ്മോബും ഡിസംബർ ഏഴിന് ജില്ലയിലെത്തും. കലാമണ്ഡലം, വ്യാസ, കേരളവർമ്മ, ക്രൈസ്റ്റ് കോളേജുകളിലെത്തി, കൊടുങ്ങല്ലൂരിൽ ജാഥ സമാപിക്കും. ഒരു ലക്ഷം പേർക്ക് അംഗത്വം നൽകിയ ശേഷം 19ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. ചലച്ചിത്രതാരങ്ങളായ പൃഥ്വിരാജ്, മഞ്ജുവാര്യർ,
ആസിഫ് അലി തുടങ്ങിയവർ അംഗങ്ങളായിട്ടുണ്ട്. കൂടുതൽ കലാപ്രവർത്തകരെയും ഉൾപ്പെടുത്താനുളള ശ്രമങ്ങളും നടക്കുന്നുണ്ട്. നവംബർ 29 ന് കാസർകോഡ് പീലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാനതല ഉദ്ഘാടനം നടത്തി ഡിസംബർ 18 ന് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ സമാപിക്കുന്ന രീതിയിലാണ് പ്രചരണപരിപാടി സംഘടിപ്പിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍റെ സംസ്ഥാനതല ഉദ്‌ഘാടനം സെപ്‌റ്റംബറിൽ തിരുവനന്തപുരത്ത്‌ നടത്തിയിരുന്നു.

 100 പേർക്ക് പരിശീലനം
അത്യാവശ്യഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് പ്രാപ്തരാക്കാൻ നൂറു പേർക്ക് വിദഗ്ധ പരിശീലനം നൽകും. ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകുകയും ചെയ്യും. കൗൺസിലിംഗ്, സാങ്കേതിക വൈദഗ്ധ്യം, സർവേ തുടങ്ങി വിവിധ മേഖലകളിലായി ടീമുകൾക്ക് പരിശീലനം നൽകും.

 അപേക്ഷിക്കാം

'' http://volunteer.ksywb.in/എന്ന ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്കിലൂടെയാണ് ഫോഴ്‌സിൽ അംഗമാകാൻ അപേക്ഷിക്കേണ്ടത്.

സന്നദ്ധതയും കഴിവുമുള്ള ചെറുപ്പക്കാരെയാണ് തേടുന്നത്. വിവരങ്ങൾക്ക് 0487 2362321 എന്ന വിലാസത്തിൽ ബന്ധപ്പെടണം. പേര്, വിലാസം, ജനനതീയതി, മൊബൈൽ നമ്പർ, വാട്സാപ്പ് നമ്പർ എന്നിവയുമായി ജില്ലാ യുവജനകേന്ദ്രത്തിലും അപേക്ഷിക്കാം. "

- പി.ആർ.ശ്രീകല (യൂത്ത് പ്രോഗ്രാം ഒാഫീസർ, ജില്ലാ യുവജനകേന്ദ്രം, ജില്ലാ പഞ്ചായത്ത്, അയ്യന്തോൾ)