കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെയും സമീപപ്രദേശങ്ങളിലെയും പാരമ്പര്യവിളയായ പൊട്ടുവെള്ളരിയുടെ പ്രശസ്തി മറുനാടുകളിലേക്ക് കൂടി വ്യാപിപ്പിക്കാനും അതിനെ ഒരു ഭൗമ സൂചക ഉത്പന്നമായി രജിസ്റ്റർ ചെയ്യാനുമുള്ള പഠന ഗവേഷണ പദ്ധതിക്ക് തുടക്കമായി. കാർഷിക സർവകലാശാലയും കൃഷി വകുപ്പും സംയുക്തമായാണ് ഇതിനായുള്ള ശ്രമം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ പൊട്ടുവെള്ളരിയുടെ ഭൗമസൂചക സംരക്ഷണം എന്നതിനെ ആധാരമാക്കി ഡിസം.1 ന് ഏകദിന ശിൽപ്പശാല നടക്കും. എട്ട് കേരളീയ കാർഷിക ഉത്പന്നങ്ങൾക്ക് ഭൗമസൂചികാ പദവി ഉറപ്പാക്കിയ കാർഷിക സർവകലാശാലയിലെ ഗവേഷണ വിഭാഗവും കൃഷി വകുപ്പും ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്. പണിക്കേഴ്സ് ഹാളിൽ 1ന് വൈകീട്ട് 3.30 മുതൽ നടക്കുന്ന സെമിനാർ കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തും. നഗരസഭാ ചെയർമാൻ കെ.ആർ.ജൈത്രൻ പൊട്ടു വെള്ളരിയുടെ വിത്ത് കാർഷിക സർവകലാശാലയ്ക്ക് കൈമാറും.
65 ദിവസത്തെ ആയുസ്
വിത്ത് കുത്തിയാൽ 22-)ം ദിവസം മുതൽ കായ വിരിഞ്ഞ് തുടങ്ങി 47ാം ദിവസം മുതൽ വിളവെടുത്ത് തുടങ്ങാം. കേവലം 65 ദിവസത്തെ ആയുസേ ചെടിക്ക് ഉള്ളൂ. കൊയ്ത്ത് കഴിഞ്ഞ നെൽപ്പാടങ്ങളിൽ തുലാവർഷം കഴിഞ്ഞ് മണ്ണിലെ തണുപ്പ് വിടും മുമ്പാണ് കൃഷി ചെയ്യുക. കൊടുംവേനലിലാണ് ഇതിന്റെ വിളവെടുപ്പ്. ജൂസാക്കിയും അല്ലാതെയും ഭക്ഷിക്കാം. വേനലിൽ മികച്ച ദാഹശമനിയുമാണ് ഈ വിള.