തൃപ്രയാർ: തൃപ്രയാർ ക്ഷേത്ര വാദ്യകലാ ആസ്വാദക സമിതി ഏർപ്പെടുത്തിയ ശ്രീരാമപാദ സുവർണ്ണ മുദ്ര പുരസ്കാരം തിമില വിദ്വാൻ കരവട്ടേടത്ത് നാരായണമാരാർക്ക് സമ്മാനിക്കും. വെള്ളിയാഴ്ച വൈകീട്ട് ആറിന് തൃപ്രയാർ ക്ഷേത്രം പടിഞ്ഞാറെ നടയിലെ കലാസാംസ്കാരിക വേദിയിൽ വെച്ച് കൊച്ചിൻ ദേവസ്വം അസി: കമ്മിഷണർ എ. ജയകുമാർ പുരസ്കാരം നല്കുമെന്ന് സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ശബരിമല മേൽശാന്തി എ.വി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പെരുവനം കുട്ടൻമാരാർ മുഖ്യാതിഥിയാവും. പെരുവനം സംസ്കൃതി ക്ഷേത്രം ചെയർമാൻ കെ. ഗോപിനാഥൻ പൊന്നാട അണിയിക്കും. നാരായണ മാരാർ മൂവാറ്റുപുഴ രാമമംഗലം സ്വദേശിയാണ്. തൃശൂർ പൂരത്തിൽ 28 വർഷം പങ്കെടുത്തിട്ടുണ്ട്. കേരളത്തിന് പുറമെ മദ്രാസ്, മുംബയ്, ഡൽഹി, ഉത്തർപ്രദേശ്, ബാംഗ്ളൂർ, തൃശ്ചിനാപ്പിള്ളി എന്നിവിടങ്ങളിലും കലാവൈദഗ്ദ്ധ്യം തെളിയിച്ചിട്ടുണ്ട്. 2011ൽ സംസ്ഥാന സർക്കാരിന്റെ പല്ലാവൂർ പുരസ്കാരം, പാറമേക്കാവ് ദേവസ്വം സുവർണ്ണ മുദ്ര, കണ്ണമ്പുഴ ക്ഷേത്രം സ്വർണ്ണപതക്കം, കലാചാര്യ പുരസ്കാരം, എറണാകുളത്തപ്പൻ പുരസ്കാരം എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. വാദ്യകലാ ആസ്വാദകസമിതി ഭാരവാഹികളായ കെ.പി വിജയൻ നായർ, കെ.എം മോഹനമാരാർ, എൻ.കെ ചിദംബരം, യു.പി കൃഷ്ണനുണ്ണി, സി. കൃഷ്ണനുണ്ണി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. . . .