shef-of-the-year
സെലിബ്രിറ്റി ടിവി അവതാരകനും,എഴുത്തുകാരനുമായ ചാപ്മാനില്‍ നിന്നും അവാര്‍ഡും,പ്രശസ്തി പത്രവും ഏറ്റുവാങ്ങുന്ന ആശിഷ്

ചാവക്കാട്: ആലപ്പുഴ ശൈലിയിൽ മീൻകറിയും നാടൻ ചിക്കൻ കറിയും ഒരുക്കിയ ചാവക്കാട് സ്വദേശി ആശിഷിന് ഏഷ്യൻ ഷെഫ് ഒഫ് ദി ഇയർ പുരസ്കാരം. ചാവക്കാട് തിരുവത്ര കോട്ടപ്പുറം സ്വദേശിയും നായർശേരി അരവിന്ദാക്ഷൻ - ബേബി ദമ്പതികളുടെ മകനുമാണ് കാർഡിഫ് മലയാളിയായ ആശിഷ് അരവിന്ദാക്ഷൻ.

ഞായറാഴ്ച ലണ്ടനിലെ ഗ്രോസ്‌നോവർ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ സെലിബ്രിറ്റി ടി.വി അവതാരകനും എഴുത്തുകാരനുമായ ചാപ്മാനിൽ നിന്നുമാണ് അവാർഡും പ്രശസ്തി പത്രവും ഏറ്റുവാങ്ങിയത്. റോഗൻ ജോഷ് ചിക്കൻ കറിയും മാങ്ങയിട്ടുവച്ച ആലപ്പി ഫിഷ് കറിയും തോരനും തേങ്ങാ വറുത്തരച്ചു വച്ച നാടൻ ചിക്കൻ കറിയുമാണ് ആശിഷിനെ അവാർഡിലേക്ക് നയിച്ചത്.

ആശിഷിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കാർഡിഫ് കൗബ്രിഡ്ജിലെ ഷാമ്പൻ റസ്റ്റോറന്റ് വെയിൽസിലെ ഏറ്റവും മികച്ച റസ്റ്റോറന്റായും തിരഞ്ഞെടുക്കപ്പെട്ടു. ഹോട്ടൽ മാനേജ്‌മെന്റ് പഠനശേഷം 18-ാം വയസിൽ ജോലി തുടങ്ങിയ ആശിഷിന് മത്സരം നാടൻ വിഭവങ്ങളെ ലണ്ടനിൽ പരിചയപ്പെടുത്താനുള്ള സന്ദർഭമായും മാറി.

ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന പൂജയാണ് ഭാര്യ. കൊച്ചി നേവൽ ബേസിലെ നേവി ക്ലബ്ബിലും തുടർന്ന് കൊച്ചി കാസിനോ ഹോട്ടലിലും ഗുരുവായൂർ ബസുരി ഇൻ എന്നിവിടങ്ങളിലും ജോലി ചെയ്ത ശേഷം ദുബായിലെത്തി സ്റ്റാൻഡ് വ്യൂ ഹോട്ടലിൽ ഷെഫ് ആയി. പിന്നീട് യു.കെയിലെത്തി ആദ്യം കാർഡിഫിലെ മിന്റ് ആൻഡ് മസ്റ്റാർഡ് എന്ന ഇന്ത്യൻ ഹോട്ടലിലും പിന്നീട് പർപ്പിൾ പപ്പടം, പിക്കിൾഡ് പേപ്പർ എന്നീ റസ്റ്റോറന്റുകളിലും ജോലി ചെയ്ത ശേഷമാണ് ഷാമ്പൻ റെസ്റ്റോറന്റ് എന്ന പേരിൽ സ്വന്തം സ്ഥാപനം തുടങ്ങിയത്.

സ്ഥാപനം തുടങ്ങി ആറുമാസത്തിനകം തന്ന മികച്ച ഷെഫ് ആയും റസ്റ്റോറന്റ് ആയും തിരഞ്ഞെടുത്തതിലുള്ള സന്തോഷത്തിലാണ് ആശിഷും പൂജയും. നീണ്ട 18 വർഷമായി പാചകരംഗത്ത് പ്രവർത്തിക്കുന്ന ആശിഷ് 'ആഷ്' എന്നാണ് അറിയപ്പെടുന്നത്.