തൃശൂർ: പേരും പെരുമയും കഴിവുമുളള വിധികർത്താക്കളെ ജില്ലാ കലോത്സവത്തിൻ്റെ ഭൂരിഭാഗം വേദികളിലും കണ്ടെത്താനായില്ലെന്ന പരാതിയുമായി കലാകാരൻമാർ. ചുരുങ്ങിയ ചെലവിൽ ഒരുക്കിയ വേദികൾ മത്സരങ്ങളുടെ മിഴിവും മികവും നഷ്ടപ്പെടുത്തിയെന്ന് മത്സരാർത്ഥികളും അദ്ധ്യാപകരും ഗുരുക്കൻമാരും. കലോത്സവത്തിൻ്റെ സമാപനദിനത്തിലും പരാതികളും പരിഭവങ്ങളും ഒഴിഞ്ഞില്ല.

സേക്രഡ് ഹാർട്ട് ഗേൾസ് സ്കൂളിൽ അരങ്ങേറിയ ഹയർ സെക്കൻഡറി നാടകമത്സരത്തിന് ചെറിയ വേദിയായിരുന്നു ഒരുക്കിയത്. വേണ്ടത്ര വെളിച്ചമുണ്ടായിരുന്നില്ല. തുറന്നവേദിയായതിനാൽ പുറമേനിന്നുളള ശബ്ദശല്യവും നാടകത്തിൻ്റെ ആസ്വാദനത്തെയും പ്രകടനത്തെയും ബാധിച്ചു.

കാണികളും പ്രതീക്ഷിച്ച പോലെ ഉണ്ടായില്ല. വിധികർത്താക്കളെ ചൊല്ലിയും ആക്ഷേപം ഉയർന്നു. മികച്ച വിധികർത്താക്കളെ ഒഴിവാക്കി ചുരുങ്ങിയ പ്രതിഫലം കൊടുത്ത് അപ്രശസ്തരെയാണ് നിയോഗിച്ചതെന്നും അതുകൊണ്ടു തന്നെ വിധിനിർണ്ണയത്തിൽ സംതൃപ്തരല്ലെന്നും നാടകപ്രവർത്തകർ പറഞ്ഞു.

മറ്റു പല മത്സരങ്ങൾക്കും വേദികൾക്കുള്ള ശബ്ദസംവിധാനങ്ങൾ മാത്രമാണുണ്ടായിരുന്നത്. അറിയിപ്പുകൾ ഒന്നും പുറത്തേക്ക് കേൾക്കാൻ കഴിഞ്ഞില്ല. കാണികളുടെ കുറവും മറ്റ് വേദികളിൽ പ്രകടമായി. കാണികളുടെ തിരക്കുണ്ടാകാറുളള നൃത്തമത്സരങ്ങൾക്കു പോലും ശുഷ്‌കമായ സദസ്സായിരുന്നു. ഹൈസ്കൂൾ വിഭാഗം ഒപ്പനമത്സരം തർക്കത്തെ തുടർന്ന് വൈകി. ഫലപ്രഖ്യാപനത്തിനും കാലതാമസമുണ്ടായി.

 വെളളമില്ല

വേദികളിൽ കുടിവെള്ള സൗകര്യം ഒരുക്കാത്തതും വിദ്യാർത്ഥികളെ വലച്ചു. കുടിവെള്ളം വാങ്ങാൻ വേണ്ടി നഗരത്തിലെ കടകളിലേക്കുളള ഒാട്ടത്തിലായിരുന്നു രക്ഷിതാക്കളും അദ്ധ്യാപകരും. മുഖത്ത് ചായം തേച്ച മത്സരാർത്ഥികളുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. ഗ്രീൻ റൂം ഇല്ലാത്തതും മത്സരാർത്ഥികളെ കഷ്ടപ്പെടുത്തി. എല്ലാ വേദികളിലും അദ്ധ്യാപകരെ കൂടാതെ വിദ്യാഭ്യാസവകുപ്പിലെ ഉന്നതോദ്യോഗസ്ഥരെ കൂടി നിയോഗിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ചില വേദികളിൽ ഉദ്യോഗസ്ഥരെ കാണാനുണ്ടായില്ല.