കയ്പ്പമംഗലം : വീട് ശുചിയാക്കാൻ ബാറ്ററിയിൽ പ്രവർത്തിക്കുന്ന കുഞ്ഞൻ റോബോട്ടിനെ വികസിപ്പിച്ച് വിദ്യാർത്ഥികൾ. പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഫുആദ് സനീൻ, മുബാറക്ക് എന്നിവർ ചേർന്നാണ് കുഞ്ഞൻ റോബോട്ടിനെ വികസിപ്പിച്ചെടുത്ത് സംസ്ഥാന ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. പ്ലാസ്റ്റിക് നിർമ്മിതമായ റോബോട്ടിന്റെ നിയന്ത്രണം വിദ്യാർത്ഥികൾ തന്നെ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ് വഴിയാണ്. ശുചിത്വത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് വീട്ടിൽ നിന്ന് തന്നെ ശുചിത്വ ചിന്തകൾ തുടങ്ങണം എന്ന ആശയത്തിലാണ് വിദ്യാർത്ഥികൾക്ക് പോലും എളുപ്പം കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിൽ റോബോട്ടിനെ വികസിപ്പിച്ചെടുത്തത്. ലിമ്പോ റോബോ എന്ന് പേര് നൽകിയ റോബോട്ട് വീട് വെള്ളമൊഴിച്ച് തുടയ്ക്കുവാനും , വാക്വം ക്ലീനർ ആയും ഉപയോഗപ്പെടുത്താം. വീട്ടിലെ എൽ.പി. ജി ഗ്യാസ് ചോർച്ച ഉണ്ടാകുന്ന സമയത്ത് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനവും റോബോട്ടിന് അകത്ത് സജ്ജീകരിച്ചിട്ടുണ്ട്. പ്രത്യേകമായി ഘടിപ്പിക്കുന്ന ബ്ലേഡ് ഉപയോഗിച്ച് പൂന്തോട്ടങ്ങൾ മിനുക്കാനും ഈ കുഞ്ഞൻ റോബോട്ടിനെ ആശ്രയിക്കാം . അഞ്ച് മണിക്കൂർ വരെ തുടർച്ചയായി ഇത് ഉപയോഗിക്കാൻ കഴിയും. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കൈത്തുമ്പിൽ നിയന്ത്രിക്കാൻ കഴിയുന്ന ഈ കുഞ്ഞൻ റോബോട്ടിനെ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്തത്. . .