ബസുകളിൽ സംവരണ അറിയിപ്പുമായി സ്റ്റിക്കറുകൾ
തൃപ്രയാർ: സബ് ആർ.ടി.ഒ പരിധിയിൽ വാഹന പരിശോധനയ്ക്ക് മോട്ടോർ വാഹന വകുപ്പ് മൂന്നാംകണ്ണ് സംവിധാനം ആരംഭിച്ചതായി ജോയിന്റ് ആർ.ടി.ഒ. പി. എ. നസീർ അറിയിച്ചു. വാഹനം തടഞ്ഞു നിറുത്താതെയും ഓടിക്കുന്ന ആൾ അറിയാതെയും മൊബൈലിൽ പകർത്തി പരിശോധിച്ച് നടപടിയെടുക്കലാണ് മൂന്നാംകണ്ണ് സംവിധാനം. അമിതവേഗത, ഹെൽമറ്റ് ധരിക്കൽ, ക്രമം തെറ്റിച്ച ഡ്രൈവിംഗ് ഉൾപ്പെടെയുള്ളവ ഇതിൽപ്പെടും.
പൊതുജനങ്ങൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം. സംഭവം മൊബൈലിൽ പകർത്തി 9188524875 എന്ന വാട്സ് ആപ് നമ്പറിലേക്ക് അയച്ചു കൊടുത്താൽ പരിശോധിച്ച് നടപടിയെടുക്കും. തൃപ്രയാർ സബ്ബ് ആർ.ടി ഓഫീസിന്റെ പ്രവർത്തനം ഒരു മാസം പിന്നിട്ടപ്പോൾ 3,613 അപേക്ഷകൾ ലഭിച്ചതായി ജോ: ആർ.ടി.ഒ പറഞ്ഞു. ഇതിൽ 2397 അപേക്ഷയിൽ തീർപ്പു കല്പിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയ 756 ൽ 586 പേർ ലൈസൻസ് നേടി. ടെസ്റ്റ് നടത്തിയ ദിവസം വൈകിട്ട് തന്നെ ലൈസൻസ് നൽകുകയാണ് പുതിയ രീതി. ലൈസൻസില്ലാത്ത 97 പേരെ പിടികൂടിയതിൽ 2.43 ലക്ഷം രൂപ പിഴയടപ്പിച്ചു. 951 വാഹനങ്ങൾക്ക് ഫിറ്റ്നെസ് ടെസ്റ്റ് നടത്തി. തൃശൂരിലും ഗുരുവായൂരിലും ടെസ്റ്റ് നടത്തേണ്ട വാഹനങ്ങളാണ് തൃപ്രയാറിലെത്തിയത്. കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകളിൽ സ്റ്റിക്കർ സംവിധാനം നടപ്പിലാക്കിയതായും ജോ: ആർ.ടി.ഒ പറഞ്ഞു. സീറ്റ് റിസർവേഷൻ ബോധവത്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ യാത്രക്കാർക്ക് അവകാശപ്പെട്ട സീറ്റ് സംവരണത്തെകുറിച്ച് ധാരണയുണ്ടാക്കാനും കഴിഞ്ഞു. സ്റ്റിക്കർ പതിക്കുന്നതിന്റെ ഉദ്ഘാടനം തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്ത് ജോ: ആർ.ടി.ഒ പി.എ നസീർ ഉദ്ഘാടനം ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഇബ്രാഹിംകുട്ടി പി, അസി: വെഹിക്കിൾ ഇൻസ്പെക്ടർ സുനിൽ കുമാർ എ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നൗഷാദ് ആറ്റുപറമ്പത്ത്, സിറ്റിസൺ ഫോറം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. . . .