തൃശൂർ : ജില്ലയിൽ പട്ടികജാതി, പട്ടികവർഗക്കാരുടെ ഭൂമിയിൽ നടത്തുന്ന കൈയേറ്റങ്ങൾക്ക് അറുതി വരുത്തുമെന്ന് പട്ടികജാതി പട്ടികവർഗ കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പട്ടികജാതി, പട്ടിക ഗോത്രവർഗ കമ്മിഷൻ അദാലത്തിന്റെ രണ്ടാം ദിവസത്തെ പരാതി പരിഹാര അദാലത്തിനെ തുടർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസങ്ങളിലായി നടന്ന അദാലത്തിൽ മേൽ ജാതിക്കാർ പട്ടികജാതിക്കാരുടെ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കമ്മിഷൻ കണ്ടെത്തിയത്. കുന്നംകുളം നഗരസഭയിൽ പട്ടികജാതി വിഭാഗത്തിൽപെട്ട സ്ത്രീയുടെ കോഴിക്കട അനധികൃതമായി കൈവശം വച്ച വ്യക്തിയിൽ നിന്നും കട പരാതിക്കാരിക്ക് തിരിച്ചുനൽകാൻ ഉത്തരവായി. 63 കേസുകളാണ് ഇന്നലെ പരിഗണിച്ചത്. ഇതിൽ 47 കേസുകൾ പരിഹരിച്ചു. പുതിയ 14 കേസുകൾ സ്വീകരിച്ചു. കമ്മിഷൻ അംഗം അഡ്വ. പി.കെ. സിജു, രജിസ്ട്രാർ ജി. തുളസീധരൻപിള്ള, അസിസ്റ്റന്റ് രജിസ്ട്രാർ കെ. ഷീജ സംബന്ധിച്ചു. . . .