agriculture
മട്ടുപാവിലെ ഭീമന്‍ കറ്റാര്‍വാഴയുമായി ജിസ്‌ന

ചാവക്കാട്: കറ്റാർവാഴക്കൃഷിയിൽ വിജയം നേടി പ്ലസ്ടു വിദ്യാർത്ഥിനി ജിസ്ന. വീടിന്റെ മട്ടുപാവിലെ കൃഷി വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് മമ്മിയൂർ ചൊവ്വല്ലൂർ വീട്ടിൽ ജിസ്‌നയെന്ന പതിനേഴുകാരി.

പറമ്പിൽ ചെറിയ തോതിൽ ചെയ്തിരുന്ന കറ്റാർവാഴക്കൃഷി മഴവെള്ളം കെട്ടിനിന്ന് നശിച്ചതാണ് മട്ടുപാവിലേക്ക് മാറ്റാനിടയാക്കിയത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വളപ്പിൽ കൃഷിചെയ്തിരുന്നതിനേക്കാൾ കൂടുതൽ ഉശിരോടെ കറ്റാർ വാഴകൾ തഴച്ചുവളരാൻ തുടങ്ങി. ജിസ്‌നയെപ്പോലും ഞെട്ടിച്ചായിരുന്നു കറ്റാർ വാഴകൾ ഭീമൻ രൂപം കൈവരിച്ചത്. ഏറ്റവുമൊടുവിൽ ഉണ്ടായ 10 കിലോയോളം ഭാരമുള്ള വാഴയുടെ ഇലപ്പോളകൾക്ക് 70 മുതൽ 75 സെന്റീ മീറ്റർ വരെ നീളവും 16 സെന്റീമീറ്റർ വരെ വീതിയുമുണ്ട്. ടെറസിന് മുകളിൽ ചെടിച്ചട്ടികളിലാണ് കൃഷി. സ്‌കൂൾ വിട്ടുവന്ന നേരം തന്റെ കൃഷിയുടെ കൂടെയാണ് ജിസ്‌ന ചെലവഴിക്കുക. ജൈവവളങ്ങളായ പോട്ട് കമ്പോസ്റ്റും, നാടൻ പശുവിന്റെ ചാണകം ഉണക്കിപൊടിച്ചതുമാണ് വിജയമന്ത്രം.

വെളിച്ചെണ്ണ കാച്ചാനും സൗന്ദര്യലേപനങ്ങൾ ഉണ്ടാക്കുവാനും ഹെർബൽ ജ്യൂസിലേക്ക് ചേർക്കുവാനുമൊക്കെയായി ആവശ്യക്കാരേറെയുണ്ട് കറ്റാർ വാഴയ്ക്ക്. പച്ചമരുന്നു കടകളിലേക്കും വിൽക്കുന്നുണ്ട്. ഇലപ്പോളകളായും തൈകൾ ചട്ടിയിൽ വളർത്തിയും വിൽക്കുന്നുണ്ട്.

ചാവക്കാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ ജിസ്‌ന സ്‌കൂളിലെ എൻ.എസ്.എസ് ലീഡർ, പച്ചക്കറി തോട്ട പരിപാലനം, നക്ഷത്ര വനപരിപാലനം എന്നിവയുടെയും ചുമതലകൾ വഹിക്കുന്നുണ്ട്. വിദേശത്ത് ഡ്രൈവറായി ജോലിചെയ്യുന്ന ലാസറാണ് ജിസ്‌നയുടെ പിതാവ്. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയും, ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ മാതാവ് വി.ജെ. മെർളിയും മകളുടെ കാർഷിക താൽപര്യങ്ങൾക്ക് വലിയ പിന്തുണയുമായി രംഗത്തുണ്ട്.