ksu

തൃശൂർ: കോൺഗ്രസ് നേതാവ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കെ.എസ്.യു പ്രവർത്തക എ.ഐ.സി.സി പ്രസിഡന്റ് രാഹുൽ ഗാന്ധിക്ക് പരാതി അയച്ചു. കെ.പി.സി.സി- ഡി.സി.സി നേതൃത്വങ്ങൾ ഇക്കാര്യത്തിൽ ഒത്തു കളിക്കുന്നുവെന്നും നീതി വേണമെന്നും ആവശ്യപ്പെട്ടാണ് പെൺകുട്ടിയുടെ പരാതി.

നാട്ടിക നിയോജക മണ്ഡലത്തിലെ കെ.എസ്.യു പ്രവർത്തകയാണ് തളിക്കുളം ബ്‌ളോക്ക് പഞ്ചായത്ത് മെമ്പർ കൂടിയായ കോൺഗ്രസ് നേതാവ് കെ.ജെ. യദുകൃഷ്ണനെതിരെ കെ.പി.സി.സിക്ക് പരാതി നൽകിയിരുന്നത്. ഒക്ടോബർ 13ന് കെ.പി.സി.സി ആസ്ഥാനത്ത് പെൺകുട്ടി നേരിട്ടെത്തി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടർന്ന് പൊലീസിന് പരാതി നൽകി. ഇത് വാർത്തയായപ്പോൾ കെ.പി.സി.സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ, വൈസ് പ്രസിഡന്റ് ലാലി വിൻസെന്റ് എന്നിവരടങ്ങുന്ന കമ്മിഷനെ നിയോഗിച്ചിരുന്നു.

പൊലീസിന് നൽകിയ പരാതിയിൽ പോക്‌സോ ചുമത്തി കേസെടുത്തിരുന്നു. കെ.പി.സി.സി പ്രസിഡന്റിന് നൽകിയ പരാതിയുടെ പകർപ്പ് മഹിളാ കോൺഗ്രസ്, എൻ.എസ്.യു, കെ.എസ്.യു പ്രസിഡന്റുമാർക്കും നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.