ചാലക്കുടി: പരിയാരത്ത് ദമ്പതികളെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുൻ പഞ്ചായത്ത് അംഗം സിനി(41), ഭർത്താവ് ബാബു(48) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു മൃതദേഹങ്ങൾ വീടിനകത്ത് കണ്ടത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇവരുടെ മൂന്നു മക്കളും രാവിലെ സ്‌കൂളിൽ പോയിരുന്നു. രണ്ടാമത്തെ മകൻ ഐസക്ക് ഉച്ചഭക്ഷണത്തിന് എത്തിയപ്പോഴാണ് മാതാപിതാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ തൊട്ടടുത്ത വീട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്ന് ചാലക്കുടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ചാലക്കുടിയിലെ ഹോം നഴ്‌സിംഗ് ഓഫീസിൽ ജോലിക്കാരിയാണ് സിനി. ബാബുവിന് മീൻ കച്ചവടവുമായിരുന്നു. ഇരുവരും രാവിലെ ജോലിക്കും പോയിരുന്നു.
പതിവുപോലെ പതിനൊന്നു മണിയോടെ ബാബു വീട്ടിലെത്തിയന്നാണ് പൊലീസ് കരുതുന്നത്. പിന്നീട് സിനിയെ വിളിച്ചു വരുത്തുകയും ചെയ്തു. ഏതാനും വർഷം മൾട്ടി ഫിനാൻസിംഗ് കമ്പനിയുടെ ഏജന്റായി പ്രവർത്തിച്ച സിനിക്ക് വലിയതോതിൽ കടബാദ്ധ്യതയുണ്ടായിരുന്നത്രെ. ബാബുവിനും കടബാദ്ധ്യതയുണ്ട്. ബാദ്ധ്യത തീർക്കാനായി കമ്മളത്തുള്ള വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ തവണ ഈ ഭാഗത്തു നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചാണ് സിനി വിജയിച്ചത്.
തേരേങ്ങാടൻ റപ്പായിയുടെ മകനാണ് ബാബു. ദമ്പതികളുടെ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് പരിയാരം സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ നടക്കും. ഐസക്കിനെ കൂടാതെ എബി, ഇസബെല്ല എന്നിവരും മക്കളാണ്.