തൃശൂർ: രാമവർമ്മപുരം പൊലീസ് അക്കാഡമിയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വനിതാ സീനിയർ പൊലീസ് ഒാഫീസർ നിനയുടെ മകൻ അഭിമന്യു (9), ഇന്ത്യ റിസർവ് ബറ്റാലിയൻ എ.എസ്.ഐ അതുലിന്റെ മകൻ അച്യുത് കൃഷ്ണ (അച്ചു-7) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടുവന്ന കുട്ടികൾ വീട്ടുകാരറിയാതെ കുളത്തിൽ കുളിക്കാനായി പോകുകയായിരുന്നു.
കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുളത്തിൽ കണ്ടെത്തിയത്. രാത്രി എട്ടുമണിയോടെയാണ് മൃതദേഹങ്ങൾ ഫയർഫോഴ്സും അക്കാഡമി സ്വിമ്മിംഗ് വിഭാഗത്തിലെ പൊലീസുകാരും പുറത്തെടുത്തത്. ദയ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങൾ ജനറൽ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വില്ലടം ഗവ.സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയാണ് അഭിമന്യു. പാടൂക്കാട് കോ-ഒാപറേറ്റീവ് സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാർത്ഥിയാണ് അജു.
പൊലീസ് ക്വാട്ടേഴ്സിനോട് ചേർന്ന് കാന്റീന് സമീപത്താണ് കുളം. കൃഷി ആവശ്യത്തിനായി ഇൗ കുളത്തിലെ വെള്ളമാണ് ഉപയോഗിക്കാറുളളത്. ചെളി ഉള്ളതിനാൽ വെള്ളം കുളിക്കാനായി ഉപയോഗിക്കാറില്ല. കുളത്തിന്റെ പരിസരം കാടുപിടിച്ചു കിടക്കുകയാണ്. വിയ്യൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.