തൃശൂർ: റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ആതിഥേയരായ തൃശൂർ ഈസ്റ്റ് ഉപജില്ല കിരീടം ഉറപ്പിച്ചു. ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി രണ്ടിനങ്ങളുടെ ഫലം വരാനുള്ളപ്പോൾ 662 പോയിന്റ് നേടിയാണ് തൃശൂർ കിരീടം ഉറപ്പിച്ചത്. മത്സരങ്ങൾ രാത്രി വൈകിയും അവസാനിച്ചിരുന്നില്ല.
627 പോയിന്റോടെ കഴിഞ്ഞ വർഷത്തെ വിജയികളായ ഇരിങ്ങാലക്കുടയും 617 പോയിന്റോടെ ചാലക്കുടിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. തൃശൂർ വെസ്റ്റ് ഉപജില്ല 597 പോയിന്റു നേടി നാലാമതെത്തി.
ഹൈസ്‌കൂൾ വിഭാഗത്തിൽ 318 പോയിന്റോടെ ചാലക്കുടിയും ഹയർ സെക്കൻഡറി വിഭാഗത്തിൽ 356 പോയിന്റോടെ ഇരിങ്ങാലക്കുടയും ഒന്നാം സ്ഥാനത്തെത്തി.
ഹൈസ്‌കൂൾ വിഭാഗം സ്‌കൂളുകളിൽ 119 പോയിന്റ് നേടിയ ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനക്കാരായപ്പോൾ ഹയർസെക്കൻഡറി വിഭാഗത്തിൽ 125 പോയിന്റോടെ തൃശൂർ വവേകോദയം ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനം നേടി. അർദ്ധരാത്രി പിന്നിട്ടിട്ടും മത്സരങ്ങൾ അവസാനിച്ചിരുന്നില്ല.