തൃശൂർ: പ്രളയദുരന്തത്തിൽപ്പെട്ടവർക്ക് സഹകരണ സംഘങ്ങളുടെ സഹായത്തോടെ വീട് നിർമ്മിച്ച് നൽകുന്ന കെയർ ഹോം പദ്ധതിയിലേക്ക് ജില്ലയിൽ അപേക്ഷകർ നാലിലൊന്നു മാത്രം. ആദ്യഘട്ടത്തിൽ 460 കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ച് നൽകുന്നത്. തദ്ദേശ സ്ഥാപനങ്ങൾ വഴിയും മാദ്ധ്യമങ്ങളിലൂടെയും പലതവണ അറിയിപ്പ് നൽകിയിട്ടും ഇന്നലെ വരെ ലഭിച്ചത് 101അപേക്ഷകളാണ്. കൂടുതൽ പേരെ പദ്ധതിയുടെ ഭാഗമാക്കാനുള്ള തയ്യാറെടുപ്പിലാണ് സഹകരണ വകുപ്പും ജില്ലാ ഭരണകൂടവും.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസർമാരുടെയും തദ്ദേശസ്ഥാപന അദ്ധ്യക്ഷൻമാരുടെയും യോഗം കളക്ടർ വിളിച്ചുചേർത്തു.
വിധവകൾ, കിടപ്പുരോഗികൾ, ആരോരുമില്ലാത്തവർ ഇങ്ങനെ പണം ഉണ്ടായാലും സ്വന്തമായി വീടു നിർമ്മിക്കാൻ കഴിയാത്തവരെ കൂടുതലായി പദ്ധതിയുടെ ഭാഗമാക്കാനാണ് തീരുമാനം. ഇത്തരക്കാരെ വില്ലേജ് ഓഫീസർമാർ നേരിട്ട് കണ്ടെത്തണം. ഇതിനുശേഷം കഴിയുമെങ്കിൽ ഇവരെ ഉൾപ്പെടുത്തി യോഗം വിളിച്ചുചേർക്കണം, പദ്ധതിയുടെ സവിശേഷത കൂടുതൽ പേരിലേക്ക് എത്തിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് യോഗത്തിലുണ്ടായത്.
മറ്റു പദ്ധതികളേക്കാൾ മികച്ചത്
സംസ്ഥാന സർക്കാർ നാലുലക്ഷം രൂപയാണ് പ്രളയബാധിതർക്ക് വീടു വയ്ക്കാൻ അനുവദിക്കുന്നത്. കേന്ദ്ര സഹായമായ 95,100 രൂപയുടെ ആദ്യ ഗഡു ഉൾപ്പെടെയാണിത്. കെയർഹോം പദ്ധതിയിൽ ഇതിനു പുറമെ നാലുലക്ഷം രൂപ ലഭിക്കും. നിർമ്മാണ ഏജൻസിയായ സഹകരണ സംഘത്തിന്റെ പ്രസിഡന്റും ഭരണസമിതി അംഗവും സെക്രട്ടറിയും ഗുണഭോക്താവും പഞ്ചായത്ത് പ്രതിനിധിയും കളക്ടറും അടങ്ങുന്ന ഗുണഭോക്തൃസമിതിയാണ് വീട് നിർമ്മിക്കുന്നത്. സഹകരണ സംഘം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ സന്നദ്ധ സംഘടനകളുടെയും മറ്റും സഹായം ഈ ഘട്ടത്തിലുണ്ടാകും. സന്മനസുള്ളവർ പ്രദേശത്ത് കൂടുതലുണ്ടെങ്കിൽ പണത്തിന്റെയും മറ്റു വിഭവങ്ങളുടെയും പങ്കാളിത്തം വർദ്ധിക്കും.
ഗുണഭോക്താവിന്റെ താത്പര്യം, ഭൂമിയുടെ കിടപ്പ്, മണ്ണിന്റെ സാമ്പത്തിക ശേഷി എന്നിവയ്ക്കനുസരിച്ച് വീടുകൾ നിർമ്മിക്കാം. പദ്ധതി നിർവഹണം, നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ, നിർമ്മാണ രീതി എന്നിവയുടെ മേൻമ ഉറപ്പുവരുത്താൻ പ്രത്യേക പരിശോധന സംഘങ്ങളുണ്ടാകും.
ചെയ്യേണ്ടത് ഇത്രമാത്രം
റീ ബിൽഡ് കേരള ആപ്പ് വഴി ശേഖരിച്ച പ്രളയബാധിതരായ വീട് തകർന്നവരുടെ പട്ടികയിൽ പെടുന്നവരായിരിക്കണം അപേക്ഷകർ. കെയർഹോം പദ്ധതിയിൽ വീടുവച്ച് ലഭിക്കുന്നതിനുള്ള സമ്മതപത്രം വില്ലേജ് ഓഫീസർക്ക് നൽകണം.
എണ്ണം വർദ്ധിക്കും
കൂടുതൽ പേർ അപേക്ഷകരായെത്തുന്നുണ്ട്. അടുത്ത മാസം നാലിനുള്ളിൽ കൂടുതൽ അപേക്ഷകർ എത്തും. ഇതിനായി റവന്യു ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപന അദ്ധ്യക്ഷൻമാരും ശ്രമം നടത്തുന്നുണ്ട്. - ടി.വി. അനുപമ (ജില്ലാ കളക്ടർ, തൃശൂർ)
സഹകരണസംഘങ്ങൾ നിർമ്മിക്കുന്ന വീടുകൾ 460
ഇന്നലെവരെ സമ്മതപത്രം നൽകിയത് 101