 ബി.ജെ.പിക്ക് സീറ്റ് നഷ്ടമായി

തൃശൂർ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ അഞ്ചിലും എൽ.ഡി.എഫിന് വിജയം. ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ടാം വാർഡ് ബംഗ്ലാവ്, കടവല്ലൂർ പഞ്ചായത്ത് അഞ്ചാം വാർഡ്, ചേലക്കര പഞ്ചായത്തിലെ രണ്ടാം വാർഡ് വെങ്ങാനെല്ലൂർ നോർത്ത്, വളളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് യത്തിംഖാന, പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് പറപ്പൂക്കര പളളത്ത് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നാലിടങ്ങളിലും സിറ്റിഗ് സീറ്റ് എൽ.ഡി.എഫ് നിലനിറുത്തി. പറപ്പൂക്കരയിൽ ബി.ജെ.പിയുടെ സീറ്റ് സി.പി.ഐയുടെ സ്വതന്ത്ര സ്ഥാനാർത്ഥി പി.ജെ. സിബി 161 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 37 വോട്ടുകൾക്ക് ബി.ജെ.പി ഇവിടെ വിജയിച്ചപ്പോൾ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തായിരുന്നു. ബി.ജെ.പി. അംഗത്തിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. യു.ഡി.എഫ്. ഇക്കുറി മൂന്നാംസ്ഥാനത്തായി.

ചേലക്കരയിൽ സി.പി.എമ്മിലെ ഗിരീഷ് മണി വിജയിച്ചപ്പോൾ കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. രണ്ടാംസ്ഥാനത്ത് ബി.ജെ.പിയിലെ എം.ജെ. ശ്രീകാന്താണ്. പഞ്ചായത്ത് അംഗം സി.പി.എമ്മിലെ പി. ഗോപിനാഥിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഇരിങ്ങാലക്കുടയിൽ മുൻ പഞ്ചായത്ത് അംഗം വി.കെ. സരളയുടെ മകൻ സി.പി.എമ്മിലെ കെ.എം. കൃഷ്ണകുമാർ വിജയിച്ചു. സരളയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. 1995ൽ യു.ഡി.എഫ് നിയന്ത്രണത്തിലുണ്ടായ വാർഡ് 2010ൽ നിഗരസഭ പ്രദേശമായതോടെ എൽ.ഡി.എഫ്. പിടിച്ചെടുക്കുകയായിരുന്നു. 2015ൽ 371 വോട്ടായിരുന്ന എൽ.ഡി.എഫിന്റെ ഭൂരിപക്ഷം ഇക്കുറി 85 ആക്കി കുറക്കാനായത് നേട്ടമായാണ് കോൺഗ്രസ് കാണുന്നത്.

വിജയം ഇങ്ങനെ (ബ്രാക്കറ്റിൽ ലഭിച്ച വോട്ടുകൾ)


 ഇരിങ്ങാലക്കുട രണ്ടാം വാർഡ്


വിജയി: കെ.എം. കൃഷ്ണകുമാർ (583സി.പി.ഐ)
ടി.ഒ. ഫ്‌ളോറൻ (498 കോൺഗ്രസ് ),
പ്രവീൺ ഭരതൻ (187 ബി.ജെ.പി)

 കടവല്ലൂർ അഞ്ചാം വാർഡ്


വിജയി: കെ.വി. രാജൻ (564സി.പി.എം)
കെ.കെ. സതീശൻ (414കോൺഗ്രസ്)
ബിനിത പ്രേമൻ (90ബി.ജെ.പി)

 ചേലക്കര രണ്ടാം വാർഡ്


വിജയി: ഗിരീഷ് മണി (477 സി.പി.എം)
എം.ജെ. ശ്രീകാന്ത് (356 ബി.ജെ.പി)
സജീവ് തലേക്കാട്ട് (317 കോൺഗ്രസ്)

 വള്ളത്തോൾനഗർ 14ാം വാർഡ്


വിജയി: നിർമ്മല ദേവി (558സി.പി.എം)
ഷാജില ബാദുഷ (215 കോൺഗ്രസ്)
സുനന്ദ (155ബി.ജെ.പി)


 പറപ്പൂക്കര പഞ്ചായത്ത്


വിജയി: പി.ജെ. സിബി (571സി.പി.ഐ സ്വതന്ത്രൻ)
രേഷ്മ സാജു (410 ബി.ജെ.പി)
ജെ.ജെ. പ്രേമദാസ് (277 കോൺഗ്രസ്‌