എരുമപ്പെട്ടി: കാട് വിട്ടിറങ്ങിയ വാനരൻമാർ നാട്ടുകാരെ വലയ്ക്കുന്നു. കടങ്ങോട് മണ്ടംപറമ്പിലാണ് കുരങ്ങൻമാരുടെ ശല്യം രൂക്ഷമായിരിക്കുന്നത്. ഒരാഴ്ച മുമ്പാണ് മണ്ടംപറമ്പ് കോളനിയിൽ കുട്ടി കുരങ്ങൻമാർ ഉൾപ്പടെയുള്ള വാനര സംഘമെത്തിയത്. കടങ്ങോട് വനത്തിൽ നിന്നും ഇറങ്ങിയ കുരങ്ങൻമാർ ആദ്യം കൗതുക കാഴ്ചയായെങ്കിലും ഇപ്പോൾ നാട്ടുകാർക്ക് വലിയ ശല്യമായി മാറിയിരിക്കുകയാണ്.
വീടുകൾക്കുളളിൽ കയറുന്ന കുരങ്ങൻമാർ ചോറും കറികളും ഉൾപ്പടെയുള്ള ഭക്ഷണങ്ങൾ കഴിക്കുകയും വാരി വലിച്ചിട്ട് നശിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. കുട്ടികൾക്കുണ്ടാക്കുന്ന പലഹാരങ്ങളും ബിസ്കറ്റും വനര സംഘം എടുത്തു കൊണ്ട് പോവുകയും ചെയ്യുന്നുണ്ട്. അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും നശിപ്പിക്കുന്നതും പതിവാണ്. കൂടാതെ വീടിനുള്ളിൽ വിസർജ്ജനം നടത്തി വൃത്തികേടാക്കിയും നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു.
വാതിലുകളും ജനലുകളും അടച്ചിട്ടാൽ ഓട് പൊളിച്ചാണ് കുരങ്ങൻമാർ അകത്തു കയറുന്നത്. വീടുകൾക്ക് കേടുപാടുകൾ വരുത്തുന്നതും നിർധനരായ കോളനി നിവാസികൾക്ക് തലവേദനയാകുന്നു. പറമ്പിൽ ഇറങ്ങി ഫല വൃക്ഷങ്ങളിൽ കയറി തേങ്ങയും, ഇളനീരും, അടക്കയും, ചക്കയും വൻതോതിൽ നശിപ്പിക്കുന്നുണ്ട്. കുരങ്ങുകൾക്ക് പുറമെ കാട്ടുപന്നികളും, മയിലുകളും മേഖലയിൽ വ്യാപകമായി കൃഷിനാശം വരുത്തുന്നുണ്ട്.
......................................
കളക്ടർക്ക് നിവേദനം നൽകി
വനങ്ങളിലെ കായ് വൃക്ഷങ്ങൾ ഉൾപ്പടെയുള്ള സ്വാഭാവിക വനം ഇല്ലാതാക്കി ജലക്ഷാമമുണ്ടാക്കുന്ന അക്കേഷ്യ, യൂക്കാലി മരങ്ങൾ വച്ച് പിടിപ്പിച്ചതാണ് വന്യമൃഗങ്ങൾ കാട് വിട്ടിറങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. വനത്തിൽ ഫലവൃക്ഷങ്ങൾ നട്ട് പിടിപ്പിക്കുക, ചെറുകുളങ്ങൾ നിർമ്മിക്കുക, കർഷകർ ഉൾപ്പടെയുള്ള ജനങ്ങളെ കാട്ടുമൃഗങ്ങളുടെ ശല്യത്തിൽ നിന്നും സംരക്ഷിക്കാൻ നടപടി കൈകൊള്ളുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.