തൃശൂർ: കമ്പനികൾ അമിതമായും ഏകപക്ഷീയമായും സിമന്റ് ട്രാൻസ്പോർട്ടിംഗ് ചാർജ് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ മൂവായിരത്തോളം സിമന്റ് ലോറി- ട്രക്ക് ഉടമകൾ കേരളത്തിലേക്ക് സിമന്റ് കൊണ്ടുവരുന്നത് അനിശ്ചിത കാലത്തേക്ക് നിറുത്തിവയ്ക്കുമെന്ന് കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ.
കമ്പനികളും ലോറി - ട്രക്ക് ഉടമകളും കാലാകാലങ്ങളിൽ ചുരുങ്ങിയ നിരക്കിൽ നിശ്ചയിച്ചുണ്ടാക്കുന്ന കരാർ പ്രകാരമാണ് തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് സിമന്റ് കൊണ്ടുവരുന്നത്. അത് ലംഘിച്ചും ഉടമകളുടെ അഭിപ്രായം ആരായാതെയും ചർച്ച നടത്താതെയുമാണ് നിലവിലുളള ചാർജിൽ 12 ശതമാനം ഒറ്റടിക്ക് വെട്ടിക്കുറച്ചത്. ഡീസൽ സ്പെയർ പാർട്സ് ഇനത്തിലുളള അമിതമായ വർദ്ധനയും ഇൻഷ്വറൻസ് നിരക്ക് വർദ്ധനയും മൂലം ട്രാൻസ്പോർട്ടിംഗിന് സാമ്പത്തികഭാരവും ബുദ്ധിമുട്ടും അനുഭവപ്പെടുന്നുണ്ട്.
പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ കേരളത്തിലേക്കുളള സിമന്റ് വരവ് പൂർണ്ണമായും നിശ്ചലമാകുമെന്നും നിർമ്മാണരംഗത്ത് പ്രതിസന്ധിയും പ്രത്യാഘാതവും ഉണ്ടാകുമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ആർ. ഫ്രാൻസിസ്, ജില്ലാ പ്രസിഡന്റ് പി. സുജിത്ത് എന്നിവർ പറഞ്ഞു.