ഉള്ളൂർ: മനുഷ്യ ശരീരത്തിന്റെ പ്രവർത്തനത്തെ തകിടം മറിക്കുന്ന തലച്ചോറിലുണ്ടാകുന്ന സ്ട്രോക്ക് (പക്ഷാക്ഷാതം) ബാധിച്ചവർക്ക് അടിയന്തര ചികിത്സ ലഭിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്ട്രോക്ക് ക്ലിനിക്കിലെ ഹെൽപ്പ് ലൈൻ നമ്പരായ 9946332963 ൽ വിളിക്കൂ. ഒരു വ്യക്തിക്ക് സ്ട്രോക്ക് വന്നതായി സംശയമുണ്ടായാൽ ഉടൻ സ്ട്രോക്ക് സെന്ററിലെ ഹെൽപ്പ് ലൈൻ നമ്പരിൽ വിളിച്ച് വിവരം ധരിപ്പിക്കുക. എപ്പോഴാണ് സ്ട്രോക്ക് ഉണ്ടായത്, സ്ട്രോക്ക് ഉണ്ടായ സമയം, ഇതിന് മുമ്പ് സ്ട്രോക്ക് ഉണ്ടായിട്ടുണ്ടോ, എവിടെ വച്ചാണ് സംഭവിച്ചത്, എത്ര സമയത്തിനുള്ളിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തും തുടങ്ങിയ നിർണായക വിവരങ്ങൾ കൈമാറണം.
സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം
തലച്ചോറിലെ രക്തക്കുഴലിന്റെ തകരാറുകൊണ്ട് പെട്ടെന്നുണ്ടാകുന്ന പ്രശ്നമാണ് സ്ട്രോക്ക്. മുഖത്തിന് കോട്ടം, കൈയ്‌ക്കോ കാലിനോ തളർച്ച, സംസാരത്തിന് കുഴച്ചിൽ എന്നീ ലക്ഷണങ്ങൾ കണ്ടാൽ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ചലന ശേഷിയും സംസാരശേഷിയും നഷ്ടപ്പെടാം. മരണം തന്നെയും സംഭവിക്കും.
എവിടെ ചികിത്സ തേടണം
സ്‌ട്രോക്ക് ബാധിച്ചാൽ ആദ്യത്തെ മണിക്കൂറുകൾ വളരെ നിർണായകമാണ്. സ്ട്രോക്ക് വന്ന് നാലു മണിക്കൂറിനുള്ളിൽ ചികിത്സ നൽകാനായാൽ രോഗിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചേക്കും. അതിനാൽ സി.ടി സ്‌കാൻ, ന്യൂറോളജി വിഭാഗം, ന്യൂറോ സർജറി വിഭാഗം, ന്യൂറോ ഐ.സി.യു എന്നീ സൗകര്യങ്ങളുള്ള സ്‌ട്രോക്ക് സെന്ററുകളിൽ മാത്രം ചികിത്സ തേടണം.
മെഡിക്കൽ കോളേജിലെ സ്ട്രോക്ക് ക്ലിനിക്ക്
24 മണിക്കൂർ സേവനസജ്ജമായ മെഡിക്കൽ സംഘം
രോഗി എത്തുന്ന വിവരം മുൻകൂട്ടി ഫോണിലൂടെ അറിയിക്കുക
അത്യാഹിത വിഭാഗത്തിൽ എത്തുന്ന സമയം പറയുക
അത്യാഹിത വിഭാഗത്തിൽ ഒ.പി ടിക്കറ്റെടുക്കുക
നേരെ മെഡിസിൻ വിഭാഗമായ 13-ാം നമ്പർ മുറിയിലേക്ക്
ഡോക്ടർ നിങ്ങളെത്തേടി അത്യാഹിത വിഭാഗത്തിലെത്തും
വേഗത്തിൽ സി.ടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ
രോഗിക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുന്നു
സ്‌ട്രോക്കിനെതിരെ ജാഗ്രത പാലിക്കൂ, സ്ട്രോക്ക് വന്ന രോഗിയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കൂ എന്ന സന്ദേശം ഉയർത്തിക്കാട്ടി ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പ് രണ്ട് വർഷം മുമ്പ് ഏറ്റെടുത്ത് പ്രചരിപ്പിച്ച സന്ദേശമാണ് നിരവധി രോഗികൾക്ക് സഹായമായി ഇന്നും നിലകൊള്ളുന്നത്.
എന്താണ് സ്ട്രോക്ക്
തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടയുകയോ ക്തധമനി പൊട്ടി രക്തസ്രാവമുണ്ടാകുകയോ ചെയ്യുമ്പോൾ തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം തടസപ്പെടുന്നു. തുടർന്ന് മസ്തിഷ്കകലകൾക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കാതെ വരികയും ചെയ്യുന്നു. ഇതിനെത്തുടർന്നുണ്ടാകുന്ന നാഡീവ്യവസ്ഥയിലെ തകരാറുകളാണ് സ്ട്രോക്ക്.ഇതുമൂലം ശരീരത്തിന്റെ ഒരു വശം തളരുക, കൈകാലുകളിൽ ബലക്ഷയമുണ്ടാകുക, ശരീരഭാഗങ്ങളിൽ സ്പർശനശേഷി നഷ്ടമാകുക, സംസാരശേഷി, കാഴ്ച എന്നിവ ഭാഗികമായോ പൂർണമായോ നഷ്ടമാകുക, കണ്ണുകൾ ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങൾഉണ്ടാകുന്നു.
രക്തധമനികളിൽ രക്തം കട്ടിപിടിക്കുന്ന അവസ്ഥയാണ് സ്ട്രോക് ഇസ്കീമിക് എന്ന് പറയുന്നത്. ഇത് രക്ത ചംക്രമണത്തെ തടസപ്പെടുത്തുകയും തലച്ചോറിലെ കോശങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്യുന്നു.
രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളിൽ നിറയുകയും തകരാണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയെ സ്ട്രോക് ഹെമറാജിക്. ഇസ്കീമിക് സ്ട്രോക്കിനെക്കാളും മാരകമാണ് സ്ട്രോക് ഹെമറാജിക്