1955-56 കാലഘട്ടങ്ങളിൽ മിക്കവാറും രാവിലെ ഒൻപത് മണിക്ക് ശംഖുമുദ്രയുള്ള അന്നത്തെ ആഡംബര കാറായ Studebacker Commander ഒാടിച്ച് ഒരാൾ പാച്ചല്ലൂർ വഴി കോവളത്തേക്ക് പോവുന്നത് കാണാമായിരുന്നു. അന്വേഷിച്ചപ്പോഴാണ് അദ്ദേഹം മഹാരാജാവിന്റെ ഏക സഹോദരിയുടെ ഭർത്താവായ കേണൽ ഗോദവർമ്മരാജാ ആണെന്നു മനസിലായത്. വെള്ള ടീഷർട്ട് ആയിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. അക്കാലത്ത് കോവളത്ത് ഹോട്ടലുകളോ താമസിക്കാൻ സൗകര്യമുള്ള കെട്ടിടങ്ങളോ ഒന്നുമുണ്ടായിരുന്നില്ല.
കേണൽ ഗോദവർമ്മ കടപ്പുറത്തുകൂടെ തൂവെള്ള ബനിയനും നിക്കറുമിട്ട് നടന്നുപോകുമ്പോൾ സുന്ദരനായ അദ്ദേഹത്തെ ജനങ്ങൾ ദൂരെനിന്നു കണ്ട് തൊഴുതുനിൽക്കുമായിരുന്നു. അദ്ദേഹം അടുത്തുവിളിച്ചാലും രാജകുടുംബത്തിൽപ്പെട്ട ഒരാളിന്റെ അടുത്തുപോകാൻ ആ പാവപ്പെട്ടവർക്ക് ഭയമായിരുന്നു. അങ്ങനെയുള്ള ചുറ്റുപാടിൽ അദ്ദേഹം പാവങ്ങളുടെ കുടിലുകൾ സന്ദർശിക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുകയും പതിവായിരുന്നു. ആ രീതിയിൽ ജനങ്ങളുടെ സ്നേഹം സമ്പാദിച്ച അദ്ദേഹം അവരുടെ രക്ഷകനായി കാണപ്പെട്ടു. സ്നേഹപൂർവം അവർ അദ്ദേഹത്തെ കേണൽ തിരുമേനി എന്ന് വിളിച്ചു തുടങ്ങി. അവിടം മുതലാണ് തിരുമേനിയുടെ നിസ്വാർത്ഥ സേവനം കോവളത്തിന് ലഭ്യമായിത്തുടങ്ങിയത്. ഇന്ന് നാം കാണുന്ന കോവളത്തിന്റെ വികസനത്തിന് തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു.
അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ മറ്റൊരു ഉദാഹരണമാണ് തിരുവനന്തപുരം എയർപോർട്ടിന്റെ വികസനം. ആദ്യകാലത്ത് ആഴ്ചയിലൊരിക്കൽ ഒരു ഡക്കോട്ട വിമാനം മാത്രമാണ് തിരുവനന്തപുരത്ത് വന്നുകൊണ്ടിരുന്നത്. അതിന് ശേഷം forus friendship എന്ന മറ്റൊരു ചെറിയ വിമാനം.
തുടർന്ന് AVRO എന്ന പേരിൽ ഒരു ചെറിയ വിമാനം വരുമായിരുന്നു അതിൽ യാത്രക്കാരും കുറവായിരുന്നു. പക്ഷേ തിരുവനന്തപുരത്തിന്റെ വികസനം നേരത്തെ മനസിലാക്കിയ കേണൽ തിരുമേനി അതിനുവേണ്ടിയുള്ള പ്രവർത്തനം അക്കാലത്തേ ആരംഭിച്ചുകഴിഞ്ഞു.
ഇന്ന് വിമാനത്താവളം നിലനിൽക്കുന്ന സ്ഥലത്തൊക്കെ വീടുകളും, കടകളും വയലും വെള്ളമണൽ കുന്നുകളുമായിരുന്നു. ഗവ. ഐ.ടി.ഐ. ട്രിവാൻഡ്രം റബർ വർക്സ്, Rescur shelter ഇവയൊക്കെ ഇപ്പോഴത്തെ വിമാനത്താവളത്തിനകത്തായിരുന്നു. അവയൊക്കെ ഇടിച്ചുമാറ്റുന്ന കാര്യം വന്നപ്പോൾ ഗവൺമെന്റ് സെക്രട്ടറിമാർവരെ കേണൽ തിരുമേനിക്കെതിരായി. അവർ സൃഷ്ടിച്ച തടസങ്ങൾ തട്ടിമാറ്റി അദ്ദേഹം മുന്നോട്ടുപോയി .
ഇതേ രീതിയിൽ ട്രിവാൻഡ്രം ടെന്നീസ് ക്ളബിന്റെ വികസനം, ഇന്റർനാഷണൽ സ്റ്റേഡിയം, സ്വിമ്മിംഗ് പൂൾ ഇതെല്ലാം ആരംഭിച്ചതിന്റെ പിറകിലുള്ള ശക്തി തിരുമേനിയുടേതാണ്. ചുരുക്കിപ്പറഞ്ഞാൽ ആധുനിക തിരുവനന്തപുരത്തിന്റെ ശില്പി കേണൽ തിരുമേനിയാണ്.
രാജഭരണകാലത്ത് കൊട്ടാരത്തിൽ എന്ത് ആഘോഷം നടന്നാലും നാടുമുഴുവൻ സ്വമേധയാ അതിൽ പങ്കുചേരും. മഹാരാജാവിന്റെ ഏക സഹോദരിയും അതിസുന്ദരിയുമായ കാർത്തിക തിരുനാൾ തമ്പുരാട്ടിയുടെയും കേണൽ തിരുമേനിയുടെയും വിവാഹം രാജ്യം മുഴുവൻ ജനപങ്കാളിത്തത്തോടു കൂടിയാണ് ആഘോഷിച്ചത്. അന്ന് രാജകുടുംബം കോട്ടയ്ക്കകത്തുനിന്നും മാറി വിശാലമായ കവടിയാർകുന്ന് കൊട്ടാരത്തിലാണ് താമസം. ആരും ഭ്രമിച്ചുപോകുന്ന ചുറ്റുപാടുകളായിരുന്നു കൊട്ടാരത്തിന്റേത്. പക്ഷേ കേണൽ തിരുമേനി ഇതിലൊന്നും ഭ്രമിച്ചുപോയില്ല. അദ്ദേഹം അതിരാവിലെ എണീറ്റ് ശ്രീപദ്മനാഭനെ വണങ്ങിയതിനുശേഷം കൊട്ടാരവും പരിസരവും നടന്നുകാണുകയും പട്ടണത്തിലുള്ളവരോട് സൗഹൃദം സ്ഥാപിക്കുകയും കോവളം, വേളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് സ്വന്തമായി കാറോടിച്ചുപോവുകയും പാവപ്പെട്ടവരുടെ കുടിലുകളിൽ അങ്ങോട്ടുചെന്ന് സാമ്പത്തിക സഹായം നൽകുകയും ചെയ്തു.
നിസ്വാർത്ഥമായ സേവനത്താൽ വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ അവർക്ക് അദ്ദേഹം ഒരു അത്താണിയായി തീരുകയും ചെയ്തു. പക്ഷേ അത് മുഴുവനാക്കുന്നതിനുമുമ്പ് 1971 ഏപ്രിൽ 30 ന് ഒരു വിമാനപകടത്തിൽപ്പെട്ട് നാടിനെയാകെ കരയിച്ചുകൊണ്ട് അദ്ദേഹം വിട്ടുപോയി. പക്ഷേ അദ്ദേഹത്തിന്റെ മായാത്ത വ്യക്തിമുദ്ര എന്നും ജനഹൃദയങ്ങളി ൽ നിലനിൽക്കുക തന്നെചെയ്യും. അദ്ദേഹത്തിന്റെ ജീവിതത്തിനും സൽപ്രവൃത്തികൾക്കും മുമ്പിൽ പ്രണാമം .