ലോക സാമ്പത്തിക ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള 'നാലാം വ്യവസായ വിപ്ലവ കേന്ദ്രം' ഇന്ത്യയിൽ സ്ഥാപിക്കുന്നുവെന്ന് പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ലോകത്തെ നാലാമത് കേന്ദ്രമാണ് മുംബയിൽ ആരംഭിക്കാൻ പോകുന്നത്. സാൻ ഫ്രാൻസിസ്കോ, ടോക്കിയോ, ബീജിംഗ് എന്നിവിടങ്ങളിലാണ് ഇത്തരം കേന്ദ്രങ്ങൾ ഇപ്പോഴുള്ളത്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തോടെ ആരംഭിച്ച മൂന്നാം വ്യവസായ വിപ്ലവം ഉത്പാദനത്തെ സ്വയം പ്രവർത്തിക്കുന്ന പ്രക്രിയയാക്കി മാറ്റി. ഇലക്ട്രോണിക്സും, വിവരസാങ്കേതികവിദ്യയും ചേർന്നൊരുക്കിയ മുന്നേറ്റമായിരുന്നു അത്. ഈ കാലഘട്ടം സമ്മാനിച്ച ഡിജിറ്റൽ വിപ്ലവത്തിന്റെ ചിറകിലേറിയാണ് വർത്തമാനകാലത്തെ വിപ്ലവം ഉയർന്നുപൊങ്ങുന്നത്.
മൂന്നാം വ്യവസായവിപ്ലവത്തിൽ നിന്ന് ഉത്ഭവിച്ചതാണെങ്കിലും അതിന്റെ തുടർച്ച എന്നതിലുപരി പുതിയൊരു വിപ്ലവമായി ഇപ്പോഴത്തേതിനെ വീക്ഷിക്കുന്നതിന് കാരണങ്ങളുണ്ട്. നിർമ്മിത മസ്തിഷ്കം, റോബോട്ടിക്സ്, ബ്ലോക് ചെയിൻ, ഇന്റർനെറ്റ് ഒഫ് തിങ്സ്, മെഷീൻ ലേണിങ്, ബിഗ് ഡാറ്റാ അനലെറ്റിക്സ്, ക്ലൗഡ് കമ്പ്യൂട്ടിങ്, തെറാപ്യൂട്ടിക്സ്, ഡിജിറ്റൽ ഫേബ്രിക്കേഷൻ തുടങ്ങിയ മാന്ത്രിക സങ്കേതങ്ങളും അവയുടെ സംഗമങ്ങളും ചേർന്ന് ശരവേഗതയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്നത് പുതിയൊരു ലോകമാണ്. വളരെ അടുത്തകാലം വരെ വ്യത്യസ്ത ഇടങ്ങളായി നിലകൊണ്ടിരുന്ന മൂന്നു മണ്ഡലങ്ങൾ തമ്മിലുള്ള അതിർവരമ്പുകൾ നേർത്ത് ഇല്ലാതാകുന്ന പ്രതിഭാസമാണ് നാലാം വിപ്ളവത്തിന്റെ നാളുകളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
നാലാം വ്യവസായ വിപ്ളവത്തിന്റെ സത്ഫല സാദ്ധ്യതകൾ ഏറെയാണ്. ഭൗതിക ജീവിതത്തിന്റെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ അലാവുദ്ദീന്റെ അത്ഭുതവിളക്കാകാൻ പുതിയ വിപ്ളവത്തിന് കഴിഞ്ഞേക്കാം. നൂതന സങ്കേതങ്ങൾ വഴി ഉത്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും ഡിജിറ്റൽ സിദ്ധികൾ സന്നിവേശിപ്പിച്ചുകൊണ്ട് അവ സമ്പുഷ്ടമാക്കപ്പെടുന്നു. അവയുടെ ഗുണമേന്മയും ഉപയോഗമൂല്യവും ഉയരുന്നു. സ്ഥാവര - ജംഗമ വസ്തുക്കൾ കൂടുതൽ ഈടുറ്റതാക്കാനും, അവയുടെ പരിപാലനം ലളിതവും മെച്ചപ്പെട്ടതുമാക്കാനും കഴിയുന്ന സാങ്കേതിക സാഹചര്യം സംജാതമാകും. ഈ ഒരു രംഗയോജനം പരിസ്ഥിതി സംരക്ഷണത്തിനും തുണയാകും. നെറ്റ് വർക്കിലൂടെ ബന്ധിക്കാനുള്ള ചെലവ് ഗണ്യമായി ഇടിയുമെന്നതിനാൽ കോടിക്കണക്കിനാളുകളെ കൂട്ടിയോജിപ്പിക്കാനാകുന്നു. ചരക്ക് സേവനങ്ങൾ ആവശ്യമുള്ള ഇടങ്ങളിൽ ശീഘ്രത്തിൽ എത്തിക്കാനാവുന്ന വിതരണ ശൃംഖലകൾ ഒരുക്കാൻ കഴിയുമെന്നതിനാൽ ക്രയവിക്രയച്ചെലവ് ഗണ്യമായി ഇടിയുകയും കമ്പോള വിസ്തൃതി ഉയരുകയും ചെയ്യുന്നു. തൊഴിലെടുക്കുന്നവരുടെ ഉത്പാദനക്ഷമത അതിശയകരമായ അളവിൽ ഉയർത്താൻ പുതിയ സങ്കേതങ്ങൾ നിമിത്തമാകും. കഠിന പ്രയത്നമുള്ളതും വൃത്തിഹീനവുമായ അദ്ധ്വാനങ്ങളിൽ നിന്നും മനുഷ്യരെ മോചിപ്പിക്കാനാകും.
പ്രാണന്റെ മേഖലയിൽ നാലാം വ്യവസായ വിപ്ലവം സംജാതമാക്കാൻ സാധ്യതയുള്ളത് സങ്കല്പത്തിനും അപ്പുറമുളള കാര്യങ്ങളാണ്. നവീനമായ ന്യൂറോ സങ്കേതങ്ങളാൽ മനുഷ്യ മസ്തിഷ്കത്തിന്റെ സിദ്ധികൾ വർദ്ധിപ്പിക്കാൻ കഴിയും. ജനറ്റിക് - എഡിറ്റിംഗ് പോലുള്ള പുത്തൻ വിദ്യകളാൽ പാരമ്പര്യത്തിന്റെ പരിമിതികളെ ഭേദിക്കാനാകും. ഡിജിറ്റൽ സങ്കേതങ്ങളും റോബോട്ടിക്സും ചേർന്ന് രോഗശുശ്രൂഷയുടെയും രോഗികളുടെ പരിചരണത്തിന്റെയും ഫലദായകത്വം ആശ്വാസ പ്രദാനവും ഗണ്യമായും ഉയർത്തും. രോഗസാദ്ധ്യതകൾ വളരെമുൻപ് തന്നെ പ്രവചിക്കാനും ഫലപ്രദമായ രോഗപ്രതിരോധം ഒരുക്കാനുമാകും. ഇതിന്റെയൊക്കെ ഫലമായി ആയുർദൈർഘ്യം 125 വയസിലേക്ക് ഓടിക്കയറുന്ന കാലം വിദൂരമല്ല.
എണ്ണിയാലൊടുങ്ങാത്ത നന്മകൾ വാഗ്ദാനം നൽകുന്ന നാലാം വ്യവസായ വിപ്ലവത്തിൽ പതിയിരിക്കുന്ന അപകടസാദ്ധ്യതകളും ഏറെയാണ്. സ്വയം പ്രവർത്തിക്കുന്ന ഉത്പാദന സമ്പ്രദായം റോബോട്ടിക്സ്, നിർമ്മിത ബുദ്ധി എന്നിവ തൊഴിലെടുക്കുന്നവരുടെ ഉത്പാദനക്ഷമത വൻതോതിൽ ഉയർത്തുമെന്നതുകൊണ്ടുതന്നെ തൊഴിലവസരങ്ങൾ ഗണ്യമായി കുറയ്ക്കും. മനുഷ്യാദ്ധ്വാനത്തിനുണ്ടാകുന്ന സ്ഥാനഭ്രംശം അസമത്വം വഷളാക്കാൻ ഇടയാക്കും. നാലാം വിപ്ലവം അതിരില്ലാത്ത സുഖസമൃദ്ധി സമ്മാനിക്കുമെങ്കിലും അമൂല്യമായ ചില ജീവിതസൗഖ്യങ്ങൾ ഹനിക്കപ്പെടുന്ന അവസ്ഥയിലേക്കും നയിച്ചേക്കാം. ഉദാഹരണമായി, സ്വകാര്യത എന്ന മനുഷ്യാഭിലാഷത്തിന് വലിയ ഭീഷണിയുണ്ടാകാം.
'ഡാറ്റാ' എന്ന അമൂല്യവിഭവം സ്വകാര്യലാഭത്തിനായി മോഷ്ടിക്കപ്പെടുന്നത് ഇതിനകം സംഭവിച്ചു കഴിഞ്ഞകാര്യമാണ്. മസ്തിഷ്ക - ആരോഹണം, ജനറ്റിക് എഡിറ്റിങ് എന്നിവ പ്രത്യക്ഷമായും മറ്റ് ചില സാങ്കേതങ്ങൾ പരോക്ഷമായും മനുഷ്യന്റെ സ്വത്വത്തെ തന്നെ മാറ്റി മറിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. പുതിയ വിദ്യകൾ സുരക്ഷിതത്വത്തിന് വലിയ വെല്ലുവിളി ഉയർത്താനിടയുണ്ട്. വ്യക്തിപരമായ തലത്തിൽ മാത്രമല്ല, ദേശീയ, അന്തർദ്ദേശീയ തലങ്ങളിലും സുരക്ഷിതത്വത്തിന് ഭീഷണി ഉയർത്താൻ പാകത്തിലുള്ള കണ്ടുപിടിത്തങ്ങൾ വരുന്നുണ്ട്. യന്ത്രമനുഷ്യനിൽ ധാർമ്മികതയും വിവേകവും എങ്ങനെ ആവാഹിക്കാനാവും എന്ന വിഷയവും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ചുരുക്കത്തിൽ നാലാം വ്യവസായ വിപ്ലവത്തിന്റെ കാലത്തേക്കാൾ സാദ്ധ്യതയാർന്ന ഒരു കാലഘട്ടം മുമ്പുണ്ടായിട്ടില്ല. പക്ഷേ അത് ഉയർത്തുന്ന ഭയാശങ്കകൾക്കും കുറവില്ല. ഇവിടെയാണ് ഇപ്പോൾ സ്ഥാപിക്കപ്പെട്ടിരിക്കുന്ന 'നാലാം വ്യവസായ വിപ്ലവ കേന്ദ്രങ്ങ'ളുടെ പ്രസക്തി. ഉദിച്ചുയരുന്ന സാങ്കേതിക വിദ്യകൾ വികസിപ്പിച്ച് വിനിയോഗിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക, പുത്തൻ വിദ്യകളുടെ നിഷേധപരമായ ഫലങ്ങൾ പരമാവധി കുറയ്ക്കാനുതകുന്ന പരിഹാരക്രിയകൾ കണ്ടെത്തുക, സമസ്ത ജനവിഭാഗങ്ങൾക്കും പുതിയ വിപ്ലവത്തിന്റെ ഗുണഫലങ്ങൾ എത്തിക്കാൻ യത്നിക്കുക എന്നിവയാണ് ഈ കേന്ദ്രങ്ങളുടെ ലക്ഷ്യങ്ങൾ. സാങ്കേതികവിദഗ്ദ്ധരുടെ ലഭ്യതയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഇത്തരം ഒരു കേന്ദ്രം സ്ഥാപിക്കുന്നത് ശരിയായ ദിശയിലുള്ള നടപടിയാണ്. ഇപ്പോൾ കേന്ദ്രസർക്കാരിനെ കൂടാതെ മഹാരാഷ്ട്രയും ആന്ധ്രാപ്രദേശുമാണ് പുതിയ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കന്നവരുടെ പട്ടികയിലുള്ളത്. 'പ്രതിഭ'യാണ് നാലാം വ്യവസായ വിപ്ലവത്തിലെ മഹനീയ വിഭവമെന്നതിനാൽ കേരളവും ഈ ലിസ്റ്റിൽ ഇടം നേടേണ്ടതുണ്ട്.