kuttanad

KUTTANAD

ആലപ്പുഴജില്ലയിലെ അപ്പർകുട്ടനാട് മേഖലകളിലെ ചേപ്പാട്, പള്ളിപ്പാട്, ചെന്നിത്തല പാടശേഖരങ്ങളിൽ കൃത്യസമയത്ത് കൃഷിയിറക്കാൻ കഴിയാതെ കർഷകർ വലയുകയാണ്. കരിപ്പുഴ- കായംകുളം തോട്ടിൽ, കരിപ്പുഴ പാലത്തിന് താഴെയായി തടയണ കെട്ടിനിറുത്തിയിരിക്കുന്നതിനാൽ പാടശേഖരങ്ങളിൽ നിന്ന് പുറം തള്ളുന്ന വെള്ളം ഒഴുകിപ്പോകുന്നില്ല. തോട്ടിലെ വെള്ളത്തിന്റെ തോത് കൂടുതലായതിനാൽ ചില പാടശേഖരങ്ങളിൽ പമ്പിംഗ് നടത്താൻ തന്നെ കഴിയുന്നില്ലെന്ന സാഹചര്യവും ഉണ്ട്. കരിപ്പുഴ, കായംകുളം തോട്ടിലൂടെ വെള്ളം ഒഴുകി കായംകുളം പൊഴിയിൽ എത്താൻ എട്ട് കിലോമീറ്ററേയുള്ളൂ. ഈ തോടിന് കുറുകെയുള്ള തടയണകാരണം വെള്ളത്തിന്റെ നീരൊഴുക്ക് കുറഞ്ഞിരിക്കുന്നതിനാൽ വെള്ളം ഒഴുകി പോകാൻ ഉള്ള ഏക വഴി 70 കിലോമീറ്റർ പിന്നിട്ട് തോട്ടപ്പിള്ളി സ്പിൽവേയി

ൽ എത്തുക എന്നതാണ്. വെള്ളമൊഴുകിപ്പോകാനുള്ള ഈ കാലതാമസമാണ് കൃഷിയെ ബാധിക്കുന്നത്. ഏവൂർ പാടശേഖരത്തിലെ കൃഷിക്ക് വേണ്ടിയാണ് തടയണ നിർമ്മിച്ചിരുന്നത് എന്ന വാദം ഉയരുന്നുണ്ടെങ്കിലും ജലസ്രോതസ്സുകൾക്ക് കുറുകെ ഇത്തരം തടയണകൾ പാടില്ലെന്ന നിയമമുണ്ടെന്ന് ഞങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞു. ഈ തടയണ നീക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് ജലസേവനവകുപ്പാണെന്ന നിലപാടിലാണ് കൃഷിവകുപ്പ്. ആരെ സമീപിക്കണം എന്നറിയാതെ കർഷകർ വിഷമിക്കുകയാണ്. പുറം ബണ്ട് ബലപ്പെടുത്തി കൃഷി ചെയ്യണമെന്ന വ്യവസ്ഥയുണ്ടായിട്ടും അങ്ങനെ ചെയ്യാതെ ഏവൂർ പാടശേഖരത്തിലെ കർഷകർ തടയണ കെട്ടുന്നത് തുടരുകയാണ്. കൃഷി കഴിഞ്ഞ് ചിപ്പിലെ പലക നീക്കണമെന്ന വ്യവസ്ഥ പാലിക്കാത്തതും വെള്ളം പൊങ്ങുമ്പോൾ ഒഴുകിയെത്തുന്ന ചപ്പുചവറുകൾ ചിപ്പിൽ തടഞ്ഞ് നിൽക്കുകയും നീരൊഴുക്ക് തടസ്സപെടുകയും ഒഴുക്ക് ഇല്ലാത്തതിനാൽ എക്കൽ അടിഞ്ഞ് തോട് നികരുകയും ചെയ്യുന്നു. കർഷകരെ സഹായിക്കുന്ന നടപടി ജലസേചന വകുപ്പും കൃഷിവകുപ്പും സ്വീകരിക്കണമെന്ന ആവശ്യമാണ് ഞങ്ങൾക്കുള്ളത്.

സിനി സോമൻ

കരിപ്പുഴ പി.ഒ

മാവേലിക്കര