gh

വട്ടപ്പാറ : തമ്പുരാൻ തമ്പുരാട്ടിപ്പാറ ടൂറിസം പദ്ധതിയോടുള്ള അധികൃതരുടെ അവഗണനയ്‌ക്ക് പാറയെക്കാൾ ഉറപ്പുണ്ട്. അതുതന്നെയാണ് വർഷങ്ങൾക്ക് മുമ്പ് കൊട്ടിഘോഷിച്ച് നടത്തിയ തമ്പുരാൻ തമ്പുരാട്ടിപ്പാറ ഇക്കോ ടൂറിസം ആൻഡ് ട്രക്കിംഗ് സെന്റർ എന്ന പേരിൽ തുടങ്ങിയ നവീകരണം പാതിവഴിയിലാകാനുള്ള കാരണവും. ജില്ലയിലെ മാണിക്കൽ പഞ്ചായത്തിലെ മദപുരത്ത് തമ്പുരാൻ തമ്പുരാട്ടിപ്പാറയിൽ 2014ലാണ് നവീകരണം ആരംഭിച്ചത്. ഇതിനായി 40 ലക്ഷം രൂപയും അന്നത്തെ സർക്കാർ അനുവദിച്ചിരുന്നു. പക്ഷേ നാളിതുവരെ പദ്ധതി എങ്ങും എത്തിയിട്ടില്ല. സാഹസിക വിനോദം ഇഷ്‌ടപ്പെടുന്നവരെ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. തുടക്കത്തിൽ പ്രവേശന കവാടവും പാറയിലേക്കുള്ള പടികളും സുരക്ഷാവേലികളുമെല്ലാം നിർമ്മിച്ചിരുന്നു. കൂടാതെ തമ്പുരാട്ടിപ്പാറയിൽ വിനോദസഞ്ചാരികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളുൾപ്പെടുന്ന കെട്ടിടവും നിർമ്മിച്ചു.

എന്നാൽ പിന്നീട് തുടർപ്രവർത്തനങ്ങളുണ്ടായില്ല. എന്നിട്ടും ധാരാളം വിനോദസഞ്ചാരികൾ ദിവസവും ഇവിടെയെത്തുന്നുണ്ട്. സഞ്ചാരികൾക്ക് പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യമാണ് ഇവിടത്തെ വിനോദസഞ്ചാര വകുപ്പിന്റെ കെട്ടിടത്തിലുള്ളത്. എന്നാലിപ്പോൾ ഇവിടെ സാമൂഹ്യവിരുദ്ധരുടെ താവളമാണ്. കെട്ടിടത്തിന്റെ വാതിലുകൾ ഇവർ തകർത്തു. ചുവരുകളിൽ അശ്ലീലപദങ്ങൾ എഴുതിനിറച്ചു. കൂടാതെ പലയിടത്തുമുള്ള സുരക്ഷാവേലികളും തകർത്തു. ഇത്രയൊക്കെയായിട്ടും പാറയുടെ സംരക്ഷകരാകേണ്ട ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അധികൃതർ ഇവിടം സന്ദർശിക്കാറില്ലെന്നും ആക്ഷേപമുണ്ട്. അശാസ്ത്രീയമായി നിർമ്മിച്ച ചവിട്ടുപടികളും നടപ്പാതയും തകർന്നു തുടങ്ങി. തറയിൽ പാകിയ ചുടുകല്ലുകളും പൊടിഞ്ഞു. ഇന്റർലോക്കിടേണ്ടിടത്ത് ചുടുകല്ല് പാകിയതാണ് തകർച്ചയ്ക്ക് കാരണമായത്.

തമ്പുരാൻ തമ്പുരാട്ടിപ്പാറ

-------------------------------------------------

വെമ്പായം ജംഗ്ഷനിൽ നിന്ന് നാല് കിലോമീറ്റർ പോയാൽ തമ്പുരാൻ തമ്പുരാട്ടിപ്പാറയിലെത്താം. പ്രവേശന കവാടത്തിൽ നിന്ന് 200 പടി കയറി വേണം പാറയുടെ ചുവട്ടിലെത്താൻ. പതിനേഴര ഏക്കറിലാണ് പാറയുള്ളത്. പ്രകൃതിയുടെ കരവിരുതിൽ സ്ത്രീ സൗന്ദര്യം പോലെ രൂപപ്പെട്ടതാണ് തമ്പുരാട്ടിപ്പാറ. ഒരിക്കലും വറ്റാത്ത നീരുറവയാണ് പ്രത്യേകത. പുരുഷ സാദൃശ്യമുള്ള തലയെടുപ്പോടെ തമ്പുരാട്ടി പാറയ്ക്ക് മുകളിലാണ് തമ്പുരാൻ പാറയുള്ളത്. ശക്തമായ കാറ്റാണ് തമ്പുരാൻ പാറയിലെ ആകർഷണം. ശ്രദ്ധിച്ചില്ലെങ്കിൽ നിയന്ത്രണം വിട്ടുപോകുന്ന തരത്തിലാണ് കാറ്റ് വീശുക. ഇവിടെ നിന്നുള്ള സൂര്യാസ്‌തമയ ദൃശ്യവും വിദൂര കാഴ്ചയും ഏറെ ആസ്വാദ്യമാണ്. കൂടാതെ ഗുഹാ ക്ഷേത്രവുമുണ്ട്. ശിവരാത്രി ദിനത്തിലാണ് ഇവിടത്തെ പൂജ. രാജഭരണകാലത്ത് തന്നെ തമ്പുരാൻ തമ്പുരാട്ടിപ്പാറയിലേക്ക് രാജപാത ഉണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ വിശ്രമിക്കാൻ രാജാക്കൻമാർ എത്തിയിരുന്നതായും പഴമക്കാർ പറയുന്നു.

വിശദമായ പ്രോജക്ട് തയ്യാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തൊക്കെ വേണം എന്ന് മനസിലാക്കാൻ

അടിയന്തരമായി സ്ഥലം സന്ദർശിക്കും. തുടർനടപടികളും ഉടനുണ്ടാകും.

- സി. ദിവാകരൻ എം.എൽ.എ

പദ്ധതിയിൽ പൂർത്തിയാക്കാനുള്ളത്

-------------------------------------------------------------

ഇനിയും നടപ്പാക്കാനാകത്തവ

 പ്രകൃതി സൗന്ദര്യം ആസ്വാദിക്കാൻ ടവർകെട്ടിടം

 തമ്പുരാൻ തമ്പുരാട്ടി പാറകളിൽ വൈദ്യുതീകരണം

 ആവശ്യമുള്ള സ്ഥലങ്ങളിൽ വെള്ളം ലഭ്യമാക്കൽ

 സഞ്ചാരികൾക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ

 അതിർത്തികളിൽ മുള്ളുവേലി സ്ഥാപിക്കൽ