ചിറയിൻകീഴ്: കരാറുകാരന്റെയും പി.ഡബ്ലിയു.ഡി അധികൃതരുടെയും നിരുത്തരവാദപരമായ സമീപനങ്ങൾ മൂലം ചിറയിൻകീഴ് മുരുക്കുംപുഴ റോഡിലെ റീ ടാറിംഗ് അടക്കമുള്ള നവീകരണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നു. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നിരവധി നിവേദനങ്ങളും സമര പരിപാടികളും നടത്തിയിട്ടും അധികൃതർ ഈ വിഷയം ഗൗരവമായി കാണുന്നില്ലെന്നുള്ള പരാതി വ്യാപകമാണ്.
റോഡ് നവീകരണത്തിന്റെ ഭാഗമായി മഞ്ചാടിമൂട്ടിൽ 30 മീറ്ററിലേറെ നീളത്തിലും 4 മീറ്ററോളം വീതിയിലും കോൺക്രീറ്റ് പാകിയിട്ടുണ്ട്. കോൺക്രീറ്റ് പാകിയിട്ട് ഒരു മാസത്തിലേറെയായെങ്കിലും മറ്റു നിർമാണ പ്രവർത്തനങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല. പൊതുവേ ഇടുങ്ങിയ റോഡിൽ 4 മീറ്ററിലേറെ വീതിയിൽ കോൺക്രീറ്റ് പാകിയിരിക്കുന്നതിനാൽ ശേഷിച്ച ഭാഗത്തുകൂടി മാത്രമാണ് ഇവിടെ വാഹനങ്ങൾക്ക് കടന്നുപോകുവാൻ സാധിക്കുന്നത്. ഇതുകാരണം ഒരു ദിശയിൽ നിന്നുവരുന്ന വാഹനങ്ങൾ കടന്നുപോയതിനു ശേഷം മാത്രമേ മറുദിശയിലേയ്ക്കുള്ള വാഹനങ്ങൾക്ക് ഇവിടം കടക്കുവാനാകൂ. റോഡിന്റെ ഒരുഭാഗത്ത് കുന്നും കുഴിയുമാണ്. മഴപെയ്താൽ റോഡിലെ കുഴികളിൽ വെള്ളം നിറയും. ഇവിടുത്തെ കുഴികളിൽ വീണ് പരിക്കേൽക്കുന്ന ബൈക്ക് യാത്രക്കാരുടെ എണ്ണവും വർദ്ധിക്കുകയാണ്. റെയിൽവേ ഗേറ്റ് തുറക്കുന്ന സമയങ്ങളിലും രാവിലെയും വൈകിട്ടും വാഹനങ്ങളുടെ അധിക തിരക്കുള്ളപ്പോഴും ഇവിടം കടക്കുവാൻ യാത്രക്കാർ പെടുന്ന പാട് ചില്ലറയല്ല. ചിറയിൻകീഴ് - മുരുക്കുംപുഴ റൂട്ടിൽ ശാർക്കര, കടകം, മഞ്ചാടിമൂട്, അഴൂർ മാർക്കറ്റ് ജംഗ്ഷൻ, അഴൂർ ഹൈസ്കൂൾ ജംഗ്ഷൻ, അനുപമ ജംഗ്ഷൻ,പെരുങ്ങുഴി മേട ജംഗ്ഷൻ, സി.ഒ നഗർ, ചിലമ്പിൽ എന്നിവിടങ്ങളിലാണ് റോഡ് തറനിരപ്പിൽ നിന്നും ഉയർത്തി മാസങ്ങൾക്ക് മുമ്പ് മെറ്റൽ പാകിയിരിക്കുകയാണ്. ഇവിടങ്ങളിലുള്ളവർക്കും ഇതുവഴി യാത്ര ചെയ്യുന്നവർക്കും മറ്റ് നിർമാണ പ്രവർത്തനങ്ങൾ നടത്താത്തതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങൾ കാരണം അസഹ്യമായ ശാരീരിക പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുകയാണ്. മെറ്റലുകളിൽക്കൂടിയുള്ള വാഹനയാത്ര യാത്രക്കാർക്ക് നടുവിന് പണികിട്ടുമെന്നതിന് പുറമെ വാഹനങ്ങളെയും സാരമായി ബാധിക്കുന്നു. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം ചെയ്തു തീർക്കണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.