തിരുവനന്തപുരം: ഔദ്യോഗിക വസതികളിൽ വച്ച് പീഡിപ്പിച്ചെന്ന കേസിൽ സോളാർ നായിക സരിതാ.എസ് നായരുടെ മൊഴിയെടുപ്പ് നാളെ നടക്കും. മൊഴിയെടുപ്പ് പൂർത്തിയായാലുടൻ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാൽ എന്നിവരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്യും. സരിതയുടെ രഹസ്യമൊഴി തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നാളെ വൈകിട്ട് 4 നാണ് രേഖപ്പെടുത്തുക. ക്രൈംബ്രാഞ്ചിന് നൽകിയ പ്രാഥമിക മൊഴി സരിത ആവർത്തിച്ചാൽ കേസ് കടുക്കും.
കഴിഞ്ഞ മാർച്ചിൽ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി ഇനി മാറ്റിപ്പറയുന്നത് സരിതയ്ക്കും ദുഷ്‌കരമാണ്. 2012ലെ ഹർത്താൽ ദിനത്തിൽ ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ ടൂറിസം മന്ത്രിയായിരുന്ന എ.പി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ വച്ച് കെ.സി.വേണുഗോപാൽ പീഡിപ്പിച്ചുവെന്നുമുള്ള സരിതയുടെ പരാതി പ്രകാരം ക്രൈംബ്രാഞ്ച് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൊഴിക്കുശേഷം ഇതിന്റെ പകർപ്പ് വാങ്ങിയാകും അന്വേഷണത്തിന്റെ അടുത്തഘട്ടം ക്രൈംബ്രാഞ്ച് തുടങ്ങുക.
ആദ്യ ദൗത്യം
ശാസ്ത്രീയ പരിശോധനകളിലൂടെ സരിതയുടെ മൊഴി സത്യമാണോയെന്ന് ഉറപ്പാക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ ആദ്യ ദൗത്യം. പീഡിപ്പിക്കപ്പെട്ടെന്ന് സരിത പറയുന്ന ദിവസങ്ങളിൽ അവിടെയുണ്ടായിരുന്നോ എന്ന് മൊബൈൽ ടവർ ലൊക്കേഷൻ സഹായത്തോടെ കണ്ടെത്തണം. ഔദ്യോഗിക വസതികളിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തണം. ഉമ്മൻചാണ്ടിയുടെയും വേണുഗോപാലിന്റെയും ടൂർഡയറി കണ്ടെടുത്ത്, ഇരുവരും ആ ദിവസം തിരുവനന്തപുരത്തുണ്ടായിരുന്നോ എന്നും ഉറപ്പാക്കണം. ശക്തമായ സാഹചര്യ, ശാസ്ത്രീയ തെളിവുകൾ കണ്ടെത്തിയാൽ അടുത്ത നടപടി അറസ്റ്റാണ്.
അതേസമയം സരിതയുടെ പരാതിപ്രകാരം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കാൻ ഉമ്മൻചാണ്ടിയും വേണുഗോപാലും ഹൈക്കോടതിയെ സമീപിക്കും. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഇത് സാധ്യമാകുമോ എന്ന് സംശയമുണ്ട്. 20 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. വിശദമായ അന്വേഷണത്തിന് ശേഷം സെക്‌ഷൻ 172 പ്രകാരം കോടതിയിൽ റിപ്പോർട്ട് നൽകണം. അല്ലാതെ, ഈ ഘട്ടത്തിൽ എഫ്.ഐ.ആർ റദ്ദാക്കാൻ നിയമം അനുശാസിക്കുന്നില്ല.
വകുപ്പുകൾ
ഉമ്മൻചാണ്ടിക്കെതിരെ ഐ.പി.സി 377, പണം കൈപ്പറ്റിയതിന് ഐ.പി.സി 420, കെ. സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിന് ഐ.പി.സി 376, സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 354, ഫോണിലൂടെ ശല്യംചെയ്തതിന് കേരള പൊലീസ് ആക്ട് 120 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.