പാറശാല: ദേശീയപാതയിൽ ഉടനീളമുള്ള എണ്ണമില്ലാത്ത ഗട്ടറുകൾ വാഹനയാത്രക്കാർക്ക് ഭീഷണി സൃഷ്ടിക്കുന്നു. കളിയിക്കാവിള മുതൽ ഉദിയൻകുളങ്ങര വരെയും അമരവിള മുതൽ പാപ്പനംക്കോട് വരെയുമുള്ള ഭാഗത്താണ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന ഗട്ടറുകളിലേറെയുമുള്ളത്. ഇരുചക്രവാഹനങ്ങളഉൾപ്പെടെയുള്ള നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇവിടുത്തെ കുഴികളിൽ വീഴുന്നത്. കുഴിയിൽവീഴാതെ വെട്ടിത്തിരിക്കുകയും തൊട്ടുപിന്നാലെയെത്തുന്ന വാഹനങ്ങൾ വന്നിടിക്കുകയും ചെയ്യുന്നത് ഇവിടുത്തെ പതിവുകാഴ്ചയാണ്. കുഴികളിൽവീണ് പരിക്ക് പറ്റുന്ന കാൽനടയാത്രക്കാരുടെ എണ്ണവും ഒട്ടും കുറവല്ല.

ഇത്രയേറെ ഗട്ടറുകളുള്ള റോഡിൽ വേണ്ടത്ര തെരുവുവിളക്കുകൾ ഇല്ലാത്തതാണ് രാത്രികാലങ്ങളിലെ അപകടനിരക്ക് കൂട്ടുന്നത്. കിലോമീറ്ററുകളോളം ദൂരത്തിൽ ഇവിടെ തെരുവുവിളക്കുകളില്ല. ഇവിടുത്തെ കുഴികളിൽവീണ് പലപ്പോഴായി ഏഴോളം ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം സംഭവിച്ചിട്ടുണ്ട്. സംഭവം കഴിഞ്ഞ് ദിവസങ്ങൾ കൊണ്ട് അപകടം നടന്ന സ്ഥലത്തെ ഗട്ടറുകൾ എളുപ്പവഴിയിൽ നികത്തി കരാറുക്കാർ തടിതപ്പുമെങ്കിലും ആ ഭാഗങ്ങൾ ഒരാഴ്ച പിന്നിടുമ്പോഴേക്കും പഴയപടിയായി മാറും.

റോഡ് നിർമ്മാണ കരാറുകാരുടെ അശാസ്ത്രീയമായ റോഡ് നിർമ്മാണം അധികൃതർ വേണ്ടവിധം പരിശോധിക്കാത്തതാണ് അപകടങ്ങളുടെ ആധിക്യം കൂട്ടുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം. ദേശീയപാത അതോറിട്ടിയിലെ പല ഉന്നത ഉദ്യോഗസ്ഥരുമായുള്ള കരാറുകാരുടെ അതിരുവിട്ട ബണ്ഡങ്ങളാണ് ഈ അനാവസ്ഥയ്ക്ക് പിന്നിലെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. എത്രയും വേഗം ഈ റോഡിന്റെ അറ്റകുറ്റപണികൾ തീർത്ത് യാത്രക്കാരുടെ ജീവൻ രക്ഷിക്കണമെന്നാണ് അവരുടെ ആവശ്യം.