photo

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ പതിനാറാം വാർഡായ ആർ.സി. തെരുവിലെ ജലസ്രോതസ്സായ പ്ലാവോട്ട് തോപ്പ്കുളം അധികൃതരുടെ അനാസ്ഥ കാരണം കാട് കയറി നശിക്കുന്നു. ആർ.സി. തെരുവ് സെന്റ് സെബാസ്റ്റിൻ ഓഡിറ്റോറിയത്തിന് പുറക് വശത്തായി നൂറ്റാണ്ടുകൾ പഴക്കമുള്ള കുളത്തെ പുന:രുജ്ജീവിപ്പിക്കാൻ പഞ്ചായത്തും ജനപ്രതിനിധികളും മുന്നിട്ടിറങ്ങിയില്ലെങ്കിൽ ഈ ജലസംഭരണി വിസ്മൃതിയിലാവുന്ന കാഴ്ച്ച വിദൂരമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്ത് കണക്ക് പ്രകാരം 90 സെന്റ് വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന കുളം ഒരു കാലത്ത് വറ്റാത്ത നീരുറവയായിരുന്നു. ആർ.സി. തെരുവ് മുതൽ വെങ്ങാനൂർ,​ കല്ലിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ടെ ഏക്കർ കണക്കിന് കൃഷിയിടങ്ങളിലേക്ക് കൈതോടുകൾ വഴി ജലം എത്തിച്ചിരുന്ന കുളത്തിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണ്. കൈത്തോടുകളെല്ലാം വികസനത്തിന്റെ പേരിൽ നികത്തി ഏറിയഭാഗവും റോഡാക്കി മാറ്റി. കൃഷിയിടങ്ങളിലേക്കുള്ള നീരൊഴുക്ക് നിലച്ചതോടെ വറ്റാത്ത നീരുറവയെന്ന ഖ്യാതി കെട്ടടങ്ങി. ആർ.സി. തെരുവ്,​ ഇടുവ,​ പെരിങ്ങമല,​ ഭഗവതിനട,​ കരയ്ക്കാട്ടുവിള,​ ഐത്തിയൂർ,​ ചാമവിള എന്നീ പ്രദേശത്തെ കിണറുകളിൽ ജലം നിറച്ചിരുന്ന ഈ നീരുറവ ഇന്ന് അരക്ഷിതാവസ്ഥയിലായിരിക്കുകയാണ്. കിണറുകൾ വറ്റി വരണ്ടതോടെ ഇവിടെ ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളായി മാറി. ആർ.സി.സ്ട്രീറ്റ്,​ തോട്ടത്തുവിളാകം എന്നീ ഗ്രാമീണമേഖലകൾ കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയാണ്. കുളവും പരിസരപ്രദേശവും തെരുവ് നായ്ക്കളുടേയും ഇഴജന്തുക്കളുടേയും താവളമായിമാറിയിരിക്കുകയാണ്. ആൾപ്പാർപ്പ് തീരെ കുറവായതിനാൽ ചാക്കുകളിൽ കെട്ടി മാലിന്യവും മദ്യക്കുപ്പികളും കുളത്തിൽ നിക്ഷേപിക്കുന്നതും പതിവായിരിക്കുകയാണ്.

പു:നരുദ്ധാരണവും പാതിവഴി

കടുത്ത വരൾച്ച വരാനിരിക്കെ നീർത്തടങ്ങളെയെല്ലാം അധികൃതർ അവഗണിക്കുകയാണ്. ജില്ലാ പഞ്ചായത്തിൽ വെങ്ങാനൂർ ഡിവിഷനിലും നേമം ബ്ലോക്കിൽ പൂങ്കോട് ഡിവിഷനിവും വരുന്ന കുളത്തെ സംരക്ഷിക്കാൻ ജനപ്രതിനിധികൾ ആരും തന്നെ മുന്നോട്ടുവരുന്നില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുളം നവീകരിക്കാനുള്ള നടപടി സ്വീകരിച്ചെങ്കിലും ജെ.സി.ബി ഉപയോഗിച്ച് തൊഴിലുറപ്പ് ജോലി അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന് ആരോപണമുയർന്നതോടെ കുളത്തിന്റെ പു:നരുദ്ധാരണജോലികൾ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

നവീകരണ ശ്രമവും പരാജയപ്പെട്ടു

ആർ.സി. സ്ട്രീറ്റിൽ പ്ലാവോട്ട് തോപ്പ് കുളം നവീകരിക്കാൻ 2016-17 വാർഷിക പദ്ധതിയിൽ നേമം ബ്ലോക്ക് മെമ്പർ എസ്. വീരേന്ദ്രകുമാർ 5 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ കരാറുകാരനെ വച്ച് എസ്റ്റിമേറ്റ് തയാറാക്കിയപ്പോൾ 10 ലക്ഷത്തോളം തുക വേണ്ടിവരുമെന്ന് ബോദ്ധ്യപ്പെട്ടു. ഇതേത്തുടർന്ന് ബാലരാമപുരം പഞ്ചായത്തിൽ എൻ.ആർ.ഇ.ജി.എസ് പദ്ധതിയുമായി ചേർന്ന് കുളം നവീകരിക്കാൻ 15 ലക്ഷം രൂപയുടെ പ്രോജക്ട് മുന്നോട്ടുവച്ചു. എന്നാൽ ഒരു വാർഡിൽ എൻ.ആർ.ഇ.ജി.എസ് പ്രോജക്ടിന് 10 ലക്ഷം രൂപ അനുവദിക്കുവാൻ നിയമതടസ്സമുണ്ടെന്നും ആയതിനാൽ ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്നുമായിരുന്നു പഞ്ചായത്ത് നിലപാട്. ഇക്കാരണത്താൽ അനുവദിച്ച 5 ലക്ഷം രൂപ ആർ.സി.സ്ട്രീറ്റ് തോട്ടത്തുവിളാകത്ത് വെള്ളക്കെട്ടായ സ്ഥലത്ത് ഇന്റെർലോക്ക് നിർമ്മാണത്തിന് വിനിയോഗിച്ചു.