വിഴിഞ്ഞം: ഇനിമുതൽ വെള്ളായണിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സന്ദർശകർക്ക് വായനയുടെ സുഖവും നുകരാം. വവ്വാമൂലയിലെത്തുന്നവർക്കാണ് ഈ അസുലഭ അവസരം. പ്രദേശവാസിയായ മുട്ടയ്ക്കാട് വിദ്യ ഭവനിൽ വിവേക് നായരാണ് തന്റെ സ്വകാര്യ ശേഖരമായിരുന്ന പുസ്തകങ്ങൾ കായൽ സന്ദർശകർക്കു വായനയ്ക്കായി ഒരുക്കിയത്. ഹരിതവീഥിയോട് ചേർന്നു തയ്യാറാക്കിയ വായനശാലയിൽനിന്നു പുസ്തകങ്ങൾ സൗജന്യമായി വായിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
കാമറ അസിസ്റ്റന്റായി ജോലിചെയ്യുന്ന യുവാവ് ജോലി സമയം കഴിഞ്ഞാൽ കായൽത്തീരത്തു പുസ്തകങ്ങളുമായെത്തും. കഥകളും നോവലും ജീവചരിത്രവും എല്ലാം ഉൾപ്പെടുന്ന ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങളാണ് നൽകുന്നത്. വായനക്കാർ ഏറെ ഉണ്ടെന്നറിഞ്ഞതോടെ മിച്ചം പിടിക്കുന്ന തുകയിൽ നിന്നു പുതിയ പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു. വിവരമറിഞ്ഞ് തിരുവനന്തപുരം സ്വദേശി ജേക്കബ് കുറച്ചു പുസ്തകങ്ങൾ സംഭാവനയായി നൽകിയെന്നും വിവേക് പറയുന്നു. കായൽ തീരത്ത് രാവിലെയും വൈകിട്ടും പത്രം വായിക്കാനെത്തുന്നവരായിരുന്നു ഈ ഉദ്യമത്തിലേക്ക് നയിച്ചത്. മണിക്കൂറുകളോളം കായൽ തീരത്തു ചെലവഴിക്കുന്നവർക്ക് പുസ്തകങ്ങൾ വായിക്കാൻ നൽകിയാലോ എന്നൊരു ചിന്തയിൽ നിന്നാണ് തുടക്കം. തന്റെ ആശയം വാർഡ് അംഗമായ വെങ്ങാനൂർ ശ്രീകുമാറിനോട് പറയുകയും അനുവാദം വാങ്ങുകയും ചെയ്തു. തുടർന്ന് താത്കാലികമായി തയ്യാറാക്കിയ റാക്കിൽ വായനക്കാർക്കായി പുസ്തകങ്ങൾ നിരന്നു.
പാഴ്‌വസ്തുക്കളിലും കലാസൃഷ്ടികൾ
കായൽ തീരത്ത് ഉപേക്ഷിക്കുന്ന മദ്യക്കുപ്പികൾ ഹരിതവീഥിയുടെ സൗന്ദര്യം കവരുന്നതായി മനസിലാക്കിയ യുവാവ് ഇവ നീക്കം ചെയ്യാൻ തുടങ്ങിയതോടെ സമീപത്തെ അംജിത്, ജോയൽ ജോബ്, ജോബിൻ എന്നീ സുഹൃത്തുക്കളും സഹായത്തിനെത്തി. തുടർന്ന് കലാകാരനായ ജോബിൻ ഈ മദ്യക്കുപ്പികളിൽ പെയിന്റും കയറും ഉപയോഗിച്ച് അലങ്കരിച്ച ശേഷം ഇതിൽ അലങ്കാര മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കായൽ തീരത്തെ മരത്തിൽ കെട്ടിത്തൂക്കിയ ഇവ കാണാനും ചിത്രം പകർത്താനും സന്ദർശകർ ഏറെയാണ്. ഒപ്പം ചിത്രകലയിൽ ബിരുദം നേടിയ ശിവൻകുട്ടിയെന്ന കലാകാരൻ ഇവിടെ എത്തുന്നവരുടെ കാരിക്കേച്ചർ വരച്ചുനൽകുകയാണ്.
കലാസൃഷ്ടികളും പുസ്തകങ്ങളും സൂക്ഷിക്കാനിടമില്ലാത്തതാണ് ഇവരെ വിഷമിപ്പിക്കുന്നത്. ഇപ്പോൾ ഇവ സമീപത്തെ പമ്പ് ഹൗസിലാണ് സൂക്ഷിക്കുന്നത്. കായലിനോട് ചേർന്ന് തന്നെ വള്ളത്തിൽ ഒരു പുസ്തകശാല ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് യുവാക്കൾ.