കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് എന്നു വിശേഷിപ്പിക്കാവുന്ന ഉമ്മൻചാണ്ടി മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷം ആദ്യമായി നൽകുന്ന രാഷ്ട്രീയ അഭിമുഖത്തിൽ കൗമുദി ടിവിയുമായി സംസാരിച്ചു. ബുധനാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന് : -
? 75 വയസായല്ലോ.
പ്രൈമറി സ്കൂൾ കാലത്ത് തുടങ്ങിയതാണ് പൊതുപ്രവർത്തനം. തിരിഞ്ഞുനോക്കുമ്പോൾ വളരെയേറെ സംതൃപ്തിയും നന്ദിയുമുണ്ട്. ഞാനൊരു ദൈവവിശ്വാസിയാണ്. ദൈവാനുഗ്രഹവുമുണ്ട്. എന്റെ ശക്തി സഹപ്രവർത്തകരും നാട്ടുകാരും നൽകുന്ന പിന്തുണയും ജനങ്ങളുമായിട്ടുള്ള സമ്പർക്കവുമാണ് . ഞാൻ വലിയ കഴിവൊന്നുമുള്ള ആളല്ല. എന്റെ പുസ്തകം എന്നതുതന്നെ ജനങ്ങളാണ്. ഈ തിരക്കിനിടയിൽ അധികം പുസ്തകങ്ങളൊന്നും വായിക്കാനാവില്ല. പത്രങ്ങൾ വായിക്കും. ഒപ്പം എനിക്കു വരുന്ന കത്തുകളും. ജനങ്ങളുടെ അനുഭവങ്ങളിൽ നിന്നും വേദനകളിൽ നിന്നും നിർദ്ദേശങ്ങളിൽ നിന്നുമാണ് ഞാൻ പഠിക്കുന്നത്.
? ജീവിതത്തിൽ 75 വയസ് ഒരു വഴിത്തിരിവാണ്. ഇനി അല്പം വിശ്രമിക്കാമെന്ന് ചിന്തിച്ചിട്ടുണ്ടോ
ഏകാന്തതയാണ് എന്റെ ഏറ്റവും വലിയ ഭയം. ആളുകളെ ശല്യമായിട്ടല്ല, അനുഭവമായിട്ടാണ് ഞാൻ കാണുന്നത്. അവരിൽ നിന്ന് അകന്നു നിൽക്കുന്ന കാര്യം ആലോചിക്കാനാവില്ല.
? വിശ്രമമില്ലാത്ത ഓട്ടമല്ലേ ജീവിതം
അതൊരു ജീവിതശൈലിയായി മാറി. വിശ്രമമെന്ന് പറഞ്ഞാലാണ് എനിക്ക് ബുദ്ധിമുട്ട്.
? എ.ഐ.സി.സി ജനറൽ സെക്രട്ടറിയായല്ലോ . പ്രിയപ്പെട്ട കേരള രാഷ്ട്രീയത്തിൽ നിന്ന് പറിച്ചെറിയപ്പെട്ടതായി തോന്നിയിട്ടുണ്ടോ
അങ്ങനെയൊന്നുമില്ല. എന്നെ ഞാനാക്കിയത് പാർട്ടിയാണ്, പാർട്ടിയുടെ പിന്തുണയും സഹകരണവുമാണ്. പാർട്ടി നൽകുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാൻ മടിയില്ല.
?കേരള രാഷ്ട്രീയത്തിലേക്ക് സജീവമായി തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയുണ്ടോ
അത് പാർട്ടിയുടെ നിശ്ചയമാണ്. ഇപ്പോൾ ആന്ധ്രയിലെ ചുമതലയാണ് ഏല്പിച്ചിട്ടുള്ളത്. അതൊരു വലിയ വെല്ലുവിളിയായാണ് കാണുന്നത്.
? എങ്ങനെയുണ്ട് അവിടുത്തെ സാഹചര്യങ്ങൾ
2014ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അവിടെ ദയനീയമായി പരാജയപ്പെട്ടു. രണ്ടു ശതമാനം വോട്ടുമാത്രമേ കിട്ടിയിട്ടുള്ളൂ. പക്ഷേ ജനങ്ങളുടെ മനസിൽ ഇന്നും കോൺഗ്രസുണ്ട്. അനുകൂലമാണ് സാഹചര്യങ്ങൾ. പോസിറ്റീവായ സംഗതി മോദിക്ക് കിട്ടുന്നതിന്റെ ഇരട്ടിയിലേറെ പിന്തുണ രാഹുൽ ഗാന്ധിക്ക് കിട്ടുന്നു എന്നതാണ് .
? ദേശീയ രാഷ്ട്രീയത്തിലേക്ക് മാറിയതിനാൽ അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്തു നിന്ന് മത്സരിക്കുമെന്ന് കേൾക്കുന്നല്ലോ
ഒരിക്കലുമില്ല. കോട്ടയം കേരള കോൺഗ്രസിന് പരമ്പരാഗതമായി കൊടുത്തിട്ടുള്ള സീറ്റാണ്.
? വേണമെങ്കിൽ ഇടുക്കിയുമായി വച്ചുമാറാമല്ലോ
അവർ ആഗ്രഹിക്കുന്നത് കോട്ടയമാണ്. ഘടകകക്ഷികളെ വേദനിപ്പിക്കുന്ന സമീപനം കോൺഗ്രസ് എടുക്കാറില്ല.
?അപ്പോൾ മത്സരിക്കുകയാണെങ്കിൽ കോട്ടയത്തായിരിക്കില്ല
ഞാനിപ്പോൾ എം.എൽ.എയാണ്. എം.എൽ.എമാർ മത്സരിക്കുന്ന സാഹചര്യം സാധാരണ രീതിയിൽ ഉണ്ടാവുകയില്ല.
?ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ വർഗീയ വികാരമിളക്കിവിടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അതിൽ അവരുടെ ബി ടീമായി കോൺഗ്രസ് പ്രവർത്തിക്കുകയാണെന്നും സി.പി.എം ആരോപിക്കുന്നുണ്ട്.
തെറ്റായ ആരോപണമാണത്. അനേകായിരം ആരാധനാലയങ്ങളിൽ ഒന്നായിട്ടല്ല ശബരിമലയെ കേരളം കാണുന്നത്. കേരളത്തിന്റെ വികാരമാണ് ശബരിമല. എല്ലാ മതസ്ഥരും ശബരിമലയെ ആദരവോടെയും ആരാധനയോടെയുമാണ് കാണുന്നത്. അവിടം കലാപഭൂമിയാക്കാനുള്ള പ്രവർത്തനങ്ങളെ കേരള ജനത അംഗീകരിക്കില്ല. കോൺഗ്രസിന്റെ നിലപാട് സുപ്രീംകോടതി വിധി വന്നശേഷമുള്ളതല്ല, എല്ലാ കാലത്തും അതായിരുന്നു നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് വി.എസ്. ഗവൺമെന്റ് നൽകിയ സത്യവാങ്മൂലം പിൻവലിച്ച് യു.ഡി.എഫ് സർക്കാർ പുതിയത് നൽകിയത്. നിയന്ത്രണം തുടരണമെന്ന് മാത്രമല്ല, നിയന്ത്രണങ്ങൾക്ക് ഭരണഘടനാപരമായ പ്രസക്തിയുണ്ടെന്നാണ് പറഞ്ഞത്. ഭരണഘടനാപരമായ 25, 26 വകുപ്പുകളുടെ പിന്തുണയുണ്ടെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ സുപ്രീംകോടതി വിധിയിൽ ഇന്ദുമൽഹോത്രയുടെ വിധി ഭരണഘടനാ ആർട്ടിക്കിൾ 25 ഉം 26 ഉം ഉദ്ധരിച്ചുകൊണ്ടാണ്. യു.ഡി.എഫ് നൽകിയ സത്യവാങ്മൂലം ആയിരുന്നെങ്കിൽ ഇന്ദുമൽഹോത്രയുടെ വിധി അഞ്ചംഗ ബെഞ്ചിന്റെ വിധിയായി മാറുമായിരുന്നു. എൽ.ഡി.എഫ് ഗവൺമെന്റ് കാണിച്ച ഒന്നാമത്തെ തെറ്റാണത്. രണ്ടാമത് വിധി വന്നുകഴിഞ്ഞപ്പോൾ ഇവിടുത്തെ വിശ്വാസികളുടെ സമീപനം മനസിലാക്കാൻ അവർക്ക് അവസരം കിട്ടി. സ്ത്രീകൾക്ക് അനുകൂലമായിട്ടാണ് വിധി വന്നത്. എന്നാൽ വിശ്വാസമാണ് തങ്ങൾക്കു പ്രധാനമെന്നും അവിടെ പോവുകയില്ലെന്നുമായിരുന്നു സ്ത്രീകളുടെ നിലപാട്. റിവ്യു പെറ്റിഷൻ കൊടുക്കാൻ തീരുമാനിച്ചാൽ മതിയായിരുന്നു. സർക്കാർ കൊടുക്കേണ്ട. ദേവസ്വം ബോർഡ് കൊടുക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ ഈ സംഘർഷം അവിടെ ഉണ്ടാകുമായിരുന്നില്ല. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പാക്കൈകൊണ്ട് എടുക്കേണ്ട നിലയിലേക്ക് പ്രശ്നങ്ങൾ വഷളാക്കി. നട തുറന്ന ദിവസം ബി.ജെ.പി അവിടെക്കാട്ടിയ അക്രമങ്ങൾ ഒരു വിധത്തിലും ന്യായീകരിക്കാൻ പറ്റില്ല.
? വിധി നടപ്പിലാക്കുകയല്ലാതെ സർക്കാരിന് മറ്റൊരു പോംവഴിയുണ്ടോ
റിവ്യു പെറ്റിഷൻ കൊടുത്താൽ മതിയായിരുന്നു. അതിലൂടെ ഒരു ശാന്തത കൈവന്നേനെ.
? സുപ്രീംകോടതി മുമ്പാകെ ഇപ്പോൾത്തന്നെ 26-ഓളം റിവ്യു ഹർജികളുണ്ട് .
ഗവൺമെന്റും ദേവസ്വം ബോർഡും കൊടുത്തിട്ടില്ല, ബോർഡെങ്കിലും കൊടുത്തിരുന്നെങ്കിൽ ഭക്തർക്ക് വിശ്വാസമായേനെ. ആരാധനാലയങ്ങൾ കൺകറന്റ് ലിസ്റ്റിലാണ്. സംസ്ഥാന ഗവൺമെന്റിനും കേന്ദ്ര ഗവൺമെന്റിനും നിയമം കൊണ്ടുവരാം. ഓർഡിനൻസ് കേന്ദ്രം കൊണ്ടുവന്നാൽ മതി. അതോടുകൂടി അവിടുത്തെ പ്രശ്നം തീരും. സി.പി.എമ്മും ബി.ജെ.പിയും രണ്ടുവശത്ത് നിന്ന് ഈ പ്രശ്നത്തെ രൂക്ഷമാക്കുകയാണ്. ഹിന്ദുവികാരം തങ്ങൾക്കനുകൂലമാകും, അത് മുതലാക്കാൻ വേണ്ടി ബി.ജെ.പി., ബി.ജെ.പിക്ക് കോൺഗ്രസിന് കിട്ടുന്ന ചില വോട്ടുകൾ കിട്ടുമെന്ന പ്രതീക്ഷയിൽ അത് നേട്ടമാക്കാൻ സി.പി.എം. ഇത് സങ്കുചിത രാഷ്ട്രീയ ലക്ഷ്യമാണ്. അമിത് ഷാ ഇവിടെ വന്നിട്ട് ഗവൺമെന്റിനെ വലിച്ചുതാഴെയിടുമെന്നാണ് പറഞ്ഞത്. വിശ്വാസ സംരക്ഷണത്തിന് കേരള സർക്കാർ തയ്യാറായില്ലെങ്കിൽ ഞങ്ങൾ ഓർഡിനൻസ് കൊണ്ടുവരുമെന്ന് പ്രസ്താവനയാണ് അമിത് ഷായിൽ നിന്ന് കേൾക്കാൻ കേരളം കാത്തിരുന്നത്.
? കേരളത്തിൽ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് ഒഴുക്കുണ്ടാകുമെന്ന് ബി.ജെ.പി അവകാശപ്പെടുന്നു
അതൊന്നും നടക്കില്ല.
? മുൻ ദേവസ്വം ബോർഡ് പ്രസിഡന്റടക്കം ബി.ജെ.പിയിൽ ചേർന്നു
അതൊക്കെ എല്ലാവർക്കുമറിയാം. അതൊന്നും ഒരു പ്രശ്നമല്ല. അങ്ങനെയൊന്നും കോൺഗ്രസിനെ ഇല്ലാതാക്കാനാവില്ല. ഇന്ത്യയൊട്ടാകെ കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൽ നരേന്ദ്രമോദി ദയനീയമായി പരാജയപ്പെട്ടു. ജനങ്ങൾക്ക് കോൺഗ്രസിലേ വിശ്വാസമുള്ളൂ.
? മോദിയെ നേരിടാൻ തക്ക വ്യക്തിപ്രഭാവമുള്ള നേതാവായി രാഹുൽഗാന്ധി വളർന്നോ
സംശയമെന്താണ്? രാഹുൽഗാന്ധി ഇന്ത്യയുടെ പ്രതീക്ഷയായി മാറുകയാണ്. അദ്ദേഹം പ്രതിപക്ഷ ഐക്യത്തിനുവേണ്ടി മുൻകൈയെടുക്കുന്നു. പറയുന്നത് പ്രവർത്തിക്കാത്ത, വാഗ്ദാനങ്ങൾ നടപ്പിലാക്കാത്ത പ്രധാനമന്ത്രിയായി മോദി മാറി.
? പ്രതിപക്ഷത്ത് പ്രധാനമന്ത്രി പദം മോഹിക്കുന്ന പ്രാദേശിക കക്ഷിനേതാക്കൾ ഒരുപാടുണ്ട്. മായാവതി മുതൽ മമത വരെ. അപ്പോൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശാല പ്രതിപക്ഷ ഐക്യം എളുപ്പമായിരിക്കുമോ
എല്ലാവരും നരേന്ദ്രമോദി മാറണമെന്ന കാര്യത്തിൽ യോജിപ്പുള്ളവരാണ് . ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിക്കുന്നതാണ് ആ മാറ്റം. അതിന് നേതൃത്വം നൽകുന്നത് കോൺഗ്രസും രാഹുൽഗാന്ധിയുമായിരിക്കും.
? ദേശീയ തലത്തിൽ ഇക്കാര്യത്തിൽ സി.പി.എം സ്വീകരിക്കുന്ന നിലപാട്
അവർ ഒറ്റപ്പെടുകയാണ്. തെലുങ്കാനയിൽ നല്ല പ്രതിപക്ഷ ഐക്യം വന്നതാണ്. സി.പി.ഐയും ഈ കൂട്ടായ്മയിലുണ്ട്. സി.പി.എം അതിനു പുറത്താണ്. യാഥാർത്ഥ്യബോധമില്ലാത്ത കടുംപിടുത്തങ്ങളാണ് സി.പി.എമ്മിന്റേത്. ഇക്കാര്യത്തിൽ ഇന്ത്യയിൽ അവർ ഒറ്റപ്പെടും. അവരുടെ ശത്രു കോൺഗ്രസാണ്. ബി.ജെ.പിക്കെതിരെ വർത്തമാനം പറയും. ന്യൂനപക്ഷ വോട്ടുകിട്ടാൻ വേണ്ടിയാണത്. ഒരു ആത്മാർത്ഥതയുമില്ല. ബീഹാറിൽ അവർ പ്രതിപക്ഷ മഹാഐക്യത്തിൽ കൂടിയോ.
? നിയമസഭാ തിരഞ്ഞെടുപ്പിന് വളരെയധികം സമയം ബാക്കിയുണ്ട്. യു.ഡി.എഫിന് ഒരവസരംകൂടി കിട്ടിയാൽ താങ്കൾതന്നെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരല്ലേ കോൺഗ്രസിലെ ഭൂരിഭാഗം പ്രവർത്തകരും ഘടകകക്ഷി നേതാക്കളും
അതൊക്കെ തീരുമാനിക്കാൻ കോൺഗ്രസിന് പ്രത്യേക സംവിധാനമുണ്ട്. അതൊന്നും കോൺഗ്രസിൽ ഒരു തർക്ക വിഷയമേ ആകില്ല. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷം, വളരെ ശക്തമായി മുന്നോട്ടു പോവുകയാണ്.
? രാഷ്ട്രീയ ജീവിതത്തിൽ ചിലരോട് സമരസപ്പെട്ടു പോകാനായില്ല. പ്രത്യേകിച്ചും കെ. കരുണാകരനോട്. അതുകൊണ്ടുകൂടിയാണോ കെ. മുരളീധരനോട് ഇപ്പോൾ കൂടുതൽ താത്പര്യം കാണിക്കുന്നത്
സമരസപ്പെട്ട് പോകാനായില്ലെന്ന് പറഞ്ഞാൽ ശരിയല്ല. ഞാൻ ആദ്യം എം.എൽ.എയാകുമ്പോൾ കരുണാകരനാണ് പാർട്ടി ലീഡർ. അദ്ദേഹത്തിന്റെ വാത്സല്യവും ലാളനയും പ്രോത്സാഹനവും ധാരാളം ലഭിച്ചിട്ടാണ് ഞങ്ങളൊക്കെ മുമ്പോട്ടുവന്നത്. ദീർഘനാൾ സഹകരിച്ചും യോജിച്ചുമാണ് പ്രവർത്തിച്ചത്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടുണ്ടായ ചില പ്രശ്നങ്ങൾ. അന്ന് ചില അസ്വസ്ഥതകൾ ഉണ്ടായി. ഞാനെന്നും വളരെ ബഹുമാനത്തോടെ കണ്ടിട്ടുള്ള നേതാവാണദ്ദേഹം. നൂറുശതമാനം പാർട്ടിമാനാണ് . പാർട്ടി താത്പര്യങ്ങൾ സംരക്ഷിച്ച നേതാവാണ്. അദ്ദേഹത്തെ എതിർത്തിരുന്ന കാലത്തും അക്കാര്യത്തിൽ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ല. മുരളീധരൻ എല്ലാവരുടെയും അംഗീകാരം പിടിച്ചുപറ്റിയ നല്ല നേതാവാണ്. അതുകൊണ്ടാണ് എ.ഐ.സി.സി അദ്ദേഹത്തെ കാമ്പയിൽ കമ്മിറ്റി ചെയർമാനാക്കിയത്. ആര് പ്രവർത്തിക്കുന്നു അവരെ സപ്പോർട്ട് ചെയ്യുകയാണ് പാർട്ടിയുടെ നയം.
? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ലഭിക്കുമെന്ന് താങ്കൾ വിശ്വസിച്ചിരുന്നു. കിട്ടാതെ പോയതിനെക്കുറിച്ച് എന്തുപറയുന്നു
ജനങ്ങളുടെ തീരുമാനമാണ് ജനാധിപത്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട സംഗതി.
? ബാർ കോഴ വിവാദമുണ്ടായില്ലെങ്കിൽ ഒരുപക്ഷേ തിരിച്ചുവരാൻ കഴിയുമായിരുന്നില്ലേ
റീ പോസ്റ്റ്മോർട്ടത്തിന് പോകാനുള്ള സംഗതി ഇല്ല.
? പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന്റെ സാധ്യത
കോൺഗ്രസിന് - യു.ഡി.എഫിന് നല്ല വിജയം ഉണ്ടാകും. ജനങ്ങൾ നരേന്ദ്രമോദിയെ കൈവിട്ടിരിക്കുകയാണ്.
? അതിന് അനുയോജ്യമാണോ കേരളത്തിലെ കോൺഗ്രസ് പുനസംഘടന
നല്ല ടീമിനയല്ലേ തന്നിരിക്കുന്നത്.
പിണറായിയെ ജനം വിലയിരുത്തട്ടെ
? പിണറായി സർക്കാർ രണ്ടുവർഷം പിന്നിട്ടു. ഭരണത്തെക്കുറിച്ച് എന്തു പറയുന്നു
ഗവൺമെന്റിനെ വിലയിരുത്തേണ്ടത് ജനങ്ങളാണ്. പ്രതിസന്ധി വരുമ്പോൾ എങ്ങനെയാണ് ഗവൺമെന്റ് പ്രവർത്തിക്കുന്നതെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഈ കാലഘട്ടത്തിലുണ്ടായ ക്രൈസിസ് മാനേജ്മെന്റ് ജനങ്ങൾ വിലയിരുത്തുന്നുണ്ട്. ഓഖി ദുരന്തം വന്നപ്പോൾ, മഹാപ്രളയം ഉണ്ടായ സമയത്ത് എല്ലാം. വൻ മഴയുടെ സമയത്താണ് മുഴുവൻ ഡാമും തുറന്നുവിടുന്നത്. കേരളം വെള്ളത്തിൽ താഴുമെന്ന് ആർക്കാണറിയാത്തത്. മഹാപ്രളയം എന്നത് ഡാം ദുരന്തമായിരുന്നു.
? മുഖ്യമന്ത്രി നല്ല രീതിയിൽ പ്രവർത്തിച്ചെന്ന് പൊതുവേ അഭിപ്രായമില്ലേ
അത് ജനം വിലയിരുത്തട്ടെ. ഇതുവരെ പുതുതായി ഒരു പ്രോജക്ട് ,ഏതെങ്കിലും ഒരു പരിപാടി ഇവർക്ക് തുടങ്ങാൻ സാധിച്ചോ.
കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയായിട്ടുള്ള കാര്യങ്ങൾക്ക് പോലും സമയം കൂടുതലെടുക്കുന്നു. ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂർ എയർപോർട്ടിൽ കേന്ദ്രാനുമതിയോടെ വിമാനം ലാൻഡ് ചെയ്തതാണ്. റൺവേ പൂർത്തിയായി. ടെർമിനൽ കൂടിയേ പൂർത്തിയാകാനുണ്ടായിരുന്നുള്ളൂ. യു.ഡി.എഫ് ഇട്ട ഷെഡ്യൂൾ പ്രകാരം ഇത് ഒരു വർഷത്തിനുമുമ്പേ ഓപ്പറേഷനിൽ വരേണ്ടതായിരുന്നു. ഇവരുടെ സംഭാവന ഒരുവർഷം നീട്ടിയെന്നുള്ളതാണ്. വിഴിഞ്ഞം പദ്ധതി ആയിരം ദിവസം കൊണ്ട് പൂർത്തിയാക്കുമെന്ന് അദാനി ഉറപ്പുനൽകിയതാണ്. ഇപ്പോൾ എന്നു തീരുമെന്നറിയില്ല. കാരണം പാറ കിട്ടുന്നില്ല. ഗവൺമെന്റ് ഇടപെട്ട് പ്രശ്നം പരിഹരിക്കണ്ടേ.കൊച്ചി മെട്രോ ഞങ്ങൾ ട്രയൽ റൺ നടത്തി എല്ലാം പൂർത്തിയാക്കി. യു.ഡി.എഫിന്റെ കാലത്ത് പൂർത്തിയാക്കിയതിനെക്കാൾ ഏതാനും കിലോമീറ്റർ മാത്രമാണ് കൂടുതലുണ്ടായത്. വേറെയും വികസന പരിപാടികളുണ്ടായിരുന്നു. തൃക്കാക്കര, തൃപ്പൂണിത്തുറ വരെ നീട്ടുക. എല്ലാം വളരെ സ്ളോയിലാണ്.
? ഇതൊക്കെ ജനശ്രദ്ധയിലെത്തിക്കുന്നതിൽ പ്രതിപക്ഷം വിജയിച്ചോ? പ്രതിപക്ഷം ദുർബലമല്ലേ?
ഒരിക്കലും ശരിയല്ല. സി.പി.എം പ്രതിപക്ഷത്തിരിക്കുമ്പോൾ അവർ എന്തും ചെയ്യും. ആ ശൈലി യു.ഡി.എഫിനില്ല. സർക്കാർ നല്ലത് ചെയ്താൽ അനുകൂലിക്കും. തെറ്റുചെയ്താൽ എതിർക്കും. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കും. അതാണ് യു.ഡി.എഫ് നിലപാട്. ആ സമീപനം വച്ചുനോക്കിയാൽ പ്രതിപക്ഷത്തിന്റെ പ്രവർത്തനം വളരെ നന്നായി മുന്നോട്ടു പോകുന്നുണ്ട്. ഇപ്പോൾത്തന്നെ ബ്രുവറി ഡിസ്റ്റിലറി അഴിമതി കൈയോടെ പിടിച്ചില്ലേ.
? പാർലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുമ്പോൾ താങ്കൾക്കെതിരെ സരിത നൽകിയ പരാതിയിൽ കേസെടുത്തു.ഇത് രാഷ്ട്രീയ പ്രേരിതമാണോ
വരട്ടെ. അഞ്ചുകൊല്ലമായി പല സ്ഥലങ്ങളിൽ ചർച്ച ചെയ്തതും പല കോടതികളിൽ തീരുമാനിച്ചതുമായ കാര്യങ്ങളാണ്. ഞങ്ങൾ ഇപ്പോളതിനെ രാഷ്ട്രീയമായിട്ടല്ല കാണുന്നത്. ഞങ്ങൾ തെറ്റ് ചെയ്തിട്ടില്ല. പ്രതികാര മനസോടെയുള്ളതാണ് നടപടിയെന്ന് വ്യക്തമായിട്ടറിയാം. ജനങ്ങളും ഇത് മനസിലാക്കിയിട്ടുണ്ട്. സാധാരണ ഇത്തരം കാര്യങ്ങൾ വരുമ്പോൾ മാധ്യമങ്ങളാണ് വലിയ താത്പര്യം കാണിക്കുന്നത്. ഇന്നിപ്പോൾ മാധ്യമങ്ങൾക്കും ബോധ്യപ്പെട്ട സാഹചര്യത്തിൽ ഗവൺമെന്റ് വിചാരിക്കുന്ന പ്രതികരണമൊന്നും കിട്ടുന്നില്ല. ഞങ്ങൾ ഇൗ ഒാലപ്പാമ്പൊന്നും കണ്ടാൽ പേടിക്കില്ല. തന്റേടമായിട്ട് നേരിടും.