raj

തിരുവനന്തപുരം: രാജ്ഭവനുള്ളിൽ ഗവർണർക്ക് പ്രഭാത-സായാഹ്ന നടത്തത്തിന് 'ജോഗിംഗ് പാത' നവീകരിക്കാനും ഷട്ടിൽ കോർട്ടിലേക്ക് പുതിയ റോഡുണ്ടാക്കാനും 38.25 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. രാവിലെയും വൈകിട്ടും ഗവർണർ വ്യായാമത്തിനായി നടക്കുന്ന രാജ്ഭവൻ കാമ്പസിനുള്ളിലെ മെയിൻ ഗേറ്റുമുതൽ ക്വാർട്ടേഴ്സുകൾ വരെയുള്ള റോഡ് പുതുക്കിപ്പണിയും. ഇതിനായി പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് വിഭാഗം ചീഫ്എൻജിനിയർ തയ്യാറാക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് ഭരണാനുമതി നൽകി സർക്കാർ ഉത്തരവിറക്കി.

രാജ്ഭവനു പിൻവശത്തെ ഷട്ടിൽ കോർട്ടിലേക്ക് നിലവിൽ കാർ കടന്നുപോവുന്ന വഴിയുണ്ട്. ഇത് ബലപ്പെടുത്തി വശങ്ങൾ സംരക്ഷിച്ച്, ടാർറോഡാക്കും. ഗവർണർ പി. സദാശിവം വ്യായാമത്തിനായി രാവിലെയും വൈകിട്ടും ഒരുമണിക്കൂർ നടക്കും. ഇടവഴികളിലൂടെ നടക്കുന്നതിനാൽ ഗവർണർക്ക് രാജ്ഭവന്റെ മുക്കുംമൂലയും അറിയാമെന്ന് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഒരു ഗവർണർക്കും രാജ്ഭവന്റെ 'ഭൂമിശാസ്ത്രം' ഇത്രയും അറിയുമായിരുന്നില്ല.