വിതുര : വില്ലേജ് ഓഫീസുകൾ കൂടുതൽ ജനസൗഹൃദമാക്കുകയും പ്രവർത്തനം മെച്ചപ്പെടുത്തുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. തൊളിക്കോട് വില്ലേജ് ഓഫീസിനായി നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനസൗഹൃദ അന്തരീക്ഷത്തിലൂടെ സർക്കാർ ഓഫീസുകളുടെ നിലവാരം മെച്ചപ്പെടുത്താനാകും. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളിൽ തൃപ്തിയുണ്ടാക്കുന്ന രീതിയിലാകണം ഓരോ ഓഫീസിന്റെയും പ്രവർത്തനം. ജീവനക്കാരോട് ജനങ്ങളും സൗഹൃദ സമീപനം വച്ചുപുലർത്തണമെന്നു മന്ത്രി പറഞ്ഞു.
കെ.എസ്. ശബരീനാഥൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. കെ. വാസുകി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, പഞ്ചായത്ത് പ്രസിഡന്റ് ഷംനാ നവാസ്, ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സി. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോട്ടുമുക്ക് അൻസർ, എ.ഡി.എം വി.ആർ. വിനോദ്, തഹസിൽദാർ എം.കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. അന്തരിച്ച സ്പീക്കർ ജി. കാർത്തികേയന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു അനുവദിച്ച 22 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ മന്ദിരം നിർമ്മിച്ചത്.