മലയിൻകീഴ്: : വിളപ്പിൽശാല ചവർ ഫാക്ടറിയ്ക്കുള്ളിൽ മണ്ണ് മൂടിയിട്ടിരുന്ന മാലിന്യ മല ഇടിഞ്ഞു വീണ് പൊതുഓട മൂടിപ്പോയതിനാൽ ചൊവ്വള്ളൂർ പ്രദേശത്ത് മാത്രം ഒന്നര ഏക്കർ കൃഷിയിടം വെള്ളത്തിനടിയിലായി.പ്രവർത്തനം നിലച്ച വിളപ്പിൽശാല ചവർ ഫാക്ടറിക്കുള്ളിൽ ടൺ കണക്കിന് അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ട ശേഷം മണ്ണ് മൂടിയിരുന്നു. നെടുങ്കുഴി ഭാഗത്തു നിന്നുള്ള വെള്ളം ചവർ ഫാക്ടറിയിലൂടെ പൊതു ഓട വഴി മീനമ്പള്ളി തോട്ടിലേയ്ക്കാണ് പതിച്ചിരുന്നത്. ശക്തമായ മഴയിൽ മാലിന്യവും മണ്ണും ഈ ഓടയിലേക്ക് പതിക്കുകയായിരുന്നു.നീരൊഴുക്ക് തടസപ്പെട്ടതോടെ വെള്ളം സമീപത്തെ കൃഷിയിടങ്ങളിൽ കെട്ടിക്കിടന്ന് ഇവിടം കായൽ പോലെയായി.വിളവെടുപ്പിന് പാകമായ കൃഷി മുഴുവൻ നശിച്ചു. പടവൻകോട് ഷാജി ഭവനിൽ മോഹൻദാസിന്റെ 300 വാഴകൾ, കുരുമുളക്,ഇഞ്ചി,മഞ്ഞൾ,ചേന,ചേമ്പ് എന്നിവ വെള്ളക്കെട്ടിൽ അഴുകി നശിച്ചു.മോഹൻദാസിന് മാത്രം അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായത്.ചൊവ്വള്ളൂർ സ്വദേശി കുട്ടപ്പൻ പാട്ടകൃഷി നടത്തിയിരുന്ന 60 സെന്റിലെ കൃഷിയും മുഴുവൻ നശിച്ചു. സമീപത്തെ 50 സെന്റിലെ തെങ്ങിൻ തോട്ടം പൂർണ്ണമായും വെള്ളത്തിനടിയിലാണ്. മൂന്നു മാസം പിന്നിട്ടിട്ടും വെള്ളം വറ്റാത്തതിനാൽ തെങ്ങുകളും കമുകും വേര് അഴുകി മണ്ട പഴുത്ത നിലയിലാണ്. കർഷകരുടെ പരാതിയെ തുടർന്ന് ഓട പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിളപ്പിൽ ഗ്രാമപഞ്ചായത്ത് നഗരസഭയ്ക്ക് നോട്ടീസ് നൽകിയെങ്കിലും നഗരസഭ അധികൃതർ മറുപടി പോലും നൽകിയിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി സുനിൽ വി.അബ്ബാസ് പറഞ്ഞു.ശക്തമായ മഴ ഇനിയുമുണ്ടായാൽ ചൊവ്വള്ളൂരിൽ ശേഷിക്കുന്ന ഹെക്ടർ കണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാകും.