കല്ലമ്പലം: ഓഫീസ് സ്ഥാപിക്കാൻ ഭൂമി ലഭിക്കാതെ വന്നതോടെ മുടങ്ങിപ്പോയ കല്ലമ്പലം അഗ്നിശമന സേനാനിലയം യാഥാർത്ഥ്യത്തിലേക്ക്. വി. ജോയി എം.എൽ.എയുടെ നിരന്തര ഇടപെടലിനെ തുടർന്ന് അരയേക്കർ റവന്യൂ ഭൂമി അനുവദിച്ചതോടെയാണ് ഫയർ സ്റ്റേഷൻ അനുമതിക്കുള്ള സാദ്ധ്യത തുറന്നത്.
വർക്കല, ആറ്റിങ്ങൽ, കിളിമാനൂർ, പാരിപ്പള്ളി എന്നീ പ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള റോഡുകൾ സംഗമിക്കുന്ന കല്ലമ്പലം കേന്ദ്രീകരിച്ച് ഒരു ഫയർസ്റ്റേഷൻ വേണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് നാല് ദശാബ്ദത്തോളം പഴക്കമുണ്ട്. നിലവിൽ കല്ലമ്പലം ഭാഗത്ത് അപകടങ്ങളും മറ്റും ഉണ്ടായാൽ വർക്കല, ആറ്റിങ്ങൽ എന്നിവിടങ്ങളിലുള്ള യൂണിറ്റുകളാണ് എത്തുന്നത്. പക്ഷേ പലപ്പോഴും നാവായിക്കുളം, കരവാരം, ഒറ്റൂർ, മണമ്പൂർ പ്രദേശങ്ങളിലെ ഉൾ ഗ്രാമങ്ങളിലേക്ക് എത്തുന്നത് വളരെ വൈകിയാണ്. ഇതിന് ഒരു പ്രതിവിധി എന്ന നിലയിലാണ് കല്ലമ്പലത്ത് അഗ്നിരക്ഷാസേനാ നിലയം വേണമെന്ന ആവശ്യമുയർന്നത്. സ്വന്തമായി അരയേക്കറോളം ഭൂമി ലഭ്യമായാലേ പുതിയ സ്റ്റേഷൻ അനുവദിക്കൂ എന്നാണ് ചട്ടം. നാവായിക്കുളം വില്ലേജിൽ സബ് രജിസ്ട്രാർ ഓഫീസ് കോമ്പൗണ്ടിലെ 47 സെന്റ് റവന്യൂ ഭൂമിയാണ് അഗ്നിരക്ഷാ നിലയത്തിനായി വിട്ടുനൽകുന്നത്. ഭൂമി നൽകുന്ന സമ്മതപത്രം വി. ജോയി എം.എൽ.എ വർക്കല ഫയർസ്റ്റേഷൻ ഓഫീസർ ദീപേഷിന് കൈമാറി. ചടങ്ങിൽ ഡെപ്യൂട്ടി തഹസിൽദാർ എസ്. ഷാജി, നാവായിക്കുളം വില്ലേജ് ഓഫീസർ ജയബാബു, നാവായിക്കുളം പഞ്ചായത്തംഗം പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.