family-plastic-fire

കഴക്കൂട്ടം: മൺവിളയിലെ ഫാമിലി പ്ളാസ്റ്റിക് കമ്പനി സംസ്ഥാന അഗ്നിശമന സേന നിർദേശിച്ച സുരക്ഷാ നടപടികളെ അവഗണിച്ചിരുന്നു എന്ന് ആക്ഷേപം. കോടികണക്കിന് രൂപയുടെ പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനി സുരക്ഷാകാര്യത്തിൽ ഗുരുതരമായ പിഴവ് വരുത്തിയതായി ഇന്ന് രാവിലെ സ്ഥലം സന്ദ‌ർശിച്ച ഫായർഫോഴ്സ് ടെക്നിക്കൽ ഡയറക്ടർ പ്രസാദ് വെളിപ്പെടുത്തി. മൺവിള ആറ്റിപ്ര പഞ്ചായത്ത് പരിധിയിലായിരുന്ന സമയത്താണ് കമ്പനി ലൈസൻസ് കരസ്ഥമാക്കി പ്രവർത്തനം തുടങ്ങിയത്.തുടക്കത്തിലുണ്ടായിരുന്ന സുരക്ഷാ മാനദണ്ഡങ്ങളുടെ പിൻബലത്തിലായിരുന്നു കമ്പനിയുടെ പ്രവർത്തനം. കമ്പനി വികസിക്കുകയും ഉല്പാദനം വർദ്ധിക്കുകയും ചെയ്തതനുസരിച്ച് സുരക്ഷാക്രമീകരണങ്ങൾ കുറ്രമറ്റതാക്കാൻ കമ്പനി അധികൃതർ ശ്രദ്ധചെലുത്തിയില്ല. സുരക്ഷാ കാര്യത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഫയർഫോഴ്സ് ജില്ലാ കളക്ടർക്കും സർക്കാരിനും റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും ഇവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല. നൂറുകണക്കിന് ജീവനക്കാർ പണിയെടുക്കുന്ന കമ്പനിക്കുള്ളിൽ ഫയർലൈനോ എമർജൻസി എക്സിറ്റുകളോ ഉണ്ടായിരുന്നില്ല. പ്രാഥമിക അഗ്നി ശമന ഉപകരണങ്ങൾ പോലും വേണ്ടത്ര സജ്ജീകരിച്ചിരുന്നില്ലെന്നാണ് സൂചന.

പെട്ടെന്ന് തീപിടിക്കാവുന്നതും വൻദുരന്ത സാദ്ധ്യതയുള്ളതുമായ പെട്രോ കെമിക്കലുകളും അസംസ്കൃത വസ്തുക്കളുമെല്ലാം കമ്പനിക്കുള്ളിൽ കുത്തിനിറച്ച നിലയിലായിരുന്നു.കോടികണക്കിന് രൂപയുടെ ഉല്പന്നങ്ങൾ സംഭരിച്ച ഗോഡൗൺ ഒരാൾക്ക് കടക്കാൻ പോലും കഴിയാത്ത വിധം നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു. രണ്ട് ദിവസം മുമ്പ് തീപിടിത്തമുണ്ടായ ശേഷം പോലും അപകടം ഒഴിവാക്കാൻ കമ്പനിയോ ഫയർഫോഴ്സോ ശ്രദ്ധിക്കാതിരുന്നതാണ് വൻതീപിടിത്തത്തിനിടയാക്കിയത്.