തിരുവനന്തപുരം: മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക്ക് നിർമ്മാണ യൂണിറ്റിലുണ്ടായ തീപിടിത്തം ഒരു രാത്രി മുഴുവൻ നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവിൽ നിയന്ത്രണവിധേയമാക്കി. അവസാന കനൽ കെടുംവരെ അഗ്നിരക്ഷാ പ്രവർത്തനം തുടരുമെന്ന് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന ഫയർഫോഴ്സ് മേധാവി എ. ഹേമചന്ദ്രൻ വ്യക്തമാക്കി. 500 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കമ്പനി മാനേജ്മെന്റ് അധികൃതരെ അറിയിച്ചത്.
ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ആരംഭിച്ച അഗ്നിബാധ ഏതാണ്ട് പന്ത്രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് നിയന്ത്രണ വിധേയമായത്. അഗ്നിബാധയ്ക്കിരയായ പ്രധാന കെട്ടിടം ബലക്ഷയത്തെ തുടർന്ന് അപകടാവസ്ഥയിലായതിനാൽ ഭിത്തികൾ കയറും കപ്പിയും ഉപയോഗിച്ച് തകർക്കാനുള്ള ശ്രമത്തിലാണ് അഗ്നി ശമനസേനയും പൊലീസും.
പൊലീസിന്റെയും അഗ്നിശമനസേനയുടെയും കരുതലോടെയുള്ള പ്രവർത്തനമാണ് തീ പരിസരത്തേക്ക് വ്യാപിക്കുന്നത് തടയാനും വൻ ദുരന്തം ഒഴിവാക്കാനും സഹായകരമായത്. തിരുവനന്തപുരം , കൊല്ലം, കന്യാകുമാരി ജില്ലകളിൽ നിന്നും എയർപോർട്ട്, വി.എസ്.എസ്.സി എന്നിവിടങ്ങളിലും നിന്നുള്ള 50 ഓളം ഫയർ യൂണിറ്രുകൾ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് കേരളം കണ്ട ഏറ്റവും വലിയ അഗ്നി ബാധ നിയന്ത്രണ വിധേയമാക്കിയത്.
സംഭവത്തിൽ അട്ടിമറി സാദ്ധ്യത കണക്കിലെടുത്ത് തീ പൂർണമായും കെട്ടശേഷം കമ്പനിയിൽ ഫോറൻസിക്, കെ.എസ്.ഇ.ബി, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ഉദ്യോഗസ്ഥരെത്തി തെളിവുകൾ ശേഖരിക്കും.
പെട്രോ കെമിക്കൽ ഉല്പന്നങ്ങൾ കത്തിയത് സ്ഥിതി രൂക്ഷമാക്കി
പെട്രോകെമിക്കൽ ഉല്പന്നങ്ങൾക്ക് തീ പിടിച്ചതാണ് അഗ്നിബാധ രൂക്ഷമാക്കിയത്. അഞ്ച് നില കെട്ടിടം ഏതാണ്ട് പൂർണ്ണമായും കത്തിയമർന്നിട്ടുണ്ട്. തീപിടിത്തത്തോടെ കാർബൺ മോണോക്സൈഡ് വാതകം വമിക്കുന്നുണ്ട്. രാത്രി മുഴുവൻ വൻതോതിൽ പ്ലാസ്റ്റിക് കത്തിയതിനാൽ പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. അഗ്നി വിഴുങ്ങിയ കെട്ടിടം ഏത് നിമിഷവും നിലംപതിക്കാമെന്ന നിലയിലാണ്. ജയറാം രഘു, ഗിരീഷ് എന്നീ രണ്ടു തൊഴിലാളികളെ പുകശ്വസിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതൊഴിച്ചാൽ മറ്റ് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഫാക്ടറിയിലെ മറ്റ് തൊഴിലാളികളെല്ലാം സുരക്ഷിതരാണ്.എന്നാൽ നേരം വെളുക്കുന്നതോടെ ആളുകൾ ദുരന്തസ്ഥലം കാണാനും സെൽഫിയെടുക്കാനും മറ്റും പ്രദേശത്തേക്ക് കൂടുതലായി വരുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസമായതോടെ പൊലീസ് സ്ഥലത്ത് കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി
ശക്തമായ പുകയും കരിയും ജനങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി മെഡിക്കൽ കോളേജിന്റെ പാങ്ങപ്പാറ ഹെൽത്ത് സെന്റർ, വേളി പ്രൈമറി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ നിന്നും മെഡിക്കൽ ടീം സ്ഥലത്തെത്തി പരിസരവാസികളുടെ വീടുകൾ സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്. പെട്രോൾ കെമിക്കൽ ഉൽപ്പന്നങ്ങൾക്കാണ് തീ പിടിച്ചതെന്നത് കൊണ്ട് ഇത് വീണ്ടും കത്താനുള്ള സാധ്യതയുണ്ട്.
കടുത്ത ചൂടേറ്റ കെട്ടിട്ടം പൂർണമായും തകർന്നു വീഴാനോ കെട്ടിട്ടഭാഗങ്ങൾ കനത്ത സമ്മർദ്ദത്തിൽ ദൂരത്തേക്ക് തെറിച്ചു പോകാനോ ഉള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
കത്തിയ കെട്ടിടത്തിനോട് ചേർന്ന് മൂന്ന് കെട്ടിടങ്ങളുണ്ട്. ഇവ ഇപ്പോൾ സുരക്ഷിതമാണ്. ഇന്നലെ അഗ്നിബാധ തുടങ്ങിയ നേരത്ത് തന്നെ കത്തിയ കെട്ടിടത്തിൽ നിന്നും തീ മറ്റ് കെട്ടിടത്തിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതൽ എടുത്തതിനാൽ കൂടുതൽ ദുരന്തമുണ്ടാകുന്നത് തടയാൻ കഴിഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ വൈകിട്ട് ഉൽപ്പാദന യൂണിറ്റിന്റെ മൂന്നാം നിലയിൽ നിന്നും തീയും പുകയും ഉയർന്നത്. രണ്ടാം ഷിഫ്റ്റിൽ ജോലിചെയ്യാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 120 പേർ ഈ സമയം കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും എല്ലാവരും ഓടി രക്ഷപ്പെട്ടു.
കെട്ടിടമാകെ തീ വ്യാപിച്ചതിനാൽ വലിയ ശബ്ദത്തിൽ ഇരുപതിലേറെ പൊട്ടിത്തെറികളുണ്ടായി. പ്ലാസ്റ്റിക് ഫാക്ടറിക്കു സമീപം സൂക്ഷിച്ചിരുന്ന കെമിക്കൽ ബാരലുകളും രാസവസ്തുക്കളുമാണ് തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടിയത്. രണ്ടേക്കറോളം വരുന്ന ഇവിടത്തെ പ്രധാന യൂണിറ്റിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്കിന്റെ നിർമാണ യൂണിറ്റിലും ഗോഡൗണിലും തീ വ്യാപിച്ചു.
ആദ്യം ജീവനക്കാർ തന്നെ തീയണയ്ക്കാൻ ശ്രമിച്ചെന്നും അഗ്നിശമന സേനയെ അറിയിക്കുന്നതിൽ കാലതാമസമുണ്ടായതായും ആക്ഷേപമുയർന്നു. ഫാക്ടറിക്കു സമീപമുള്ള ഒരു തൊഴിൽ പരിശീലനകേന്ദ്രവും കത്തിനശിച്ചു. ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനായി നിർമ്മിച്ച വേദിക്കടുത്താണ് തീപിടിത്തമുണ്ടായ ഫാക്ടറി. തീപിടുത്തത്തെ തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ ആളുകളെയെല്ലാം ഒഴിപ്പിച്ചു.
വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി
തീ നിയന്ത്രണവിധേയമായെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സ്ഥാപനമുടമകൾക്ക് സംശയമുണ്ടെങ്കിലും ഇല്ലെങ്കിലും അന്വേഷണം നടത്തും. അഗ്നിശമന സേനയും പൊലീസും സമഗ്രമായ അന്വേഷണം നടത്തും.
അട്ടിമറി സാദ്ധ്യത തള്ളുന്നില്ലെന്ന് കമ്പനി
തീപിടിത്തത്തിൽ ഒരു കെട്ടിടം പൂർണമായും കത്തിനശിച്ചു. രണ്ടാമത്തെ കെട്ടിടത്തിലും വൻ നാശനഷ്ടമുണ്ടായി. ഇവിടെ രാവിലെ എട്ടുമണിയായിട്ടും തീയണയ്ക്കാനായില്ല. ഇതിനിടെ സംഭവത്തിൽ അട്ടിമറി സാധ്യത തള്ളുന്നില്ലെന്ന് കമ്പനി അധികൃതർ പറഞ്ഞു.
മൂന്നു ദിവസം; രണ്ടു തീപിടിത്തം
മൂന്നു ദിവസത്തിന്റെ ഇടവേളയിൽ രണ്ടു തീപിടിത്തങ്ങളാണു ഫാമിലി പ്ലാസ്റ്റിക്സിലുണ്ടായത്. തിങ്കളാഴ്ച സ്റ്റോറിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. രണ്ടു ദിവസത്തിനു ശേഷമാണ് വീണ്ടും തീപിടിത്തം ഉണ്ടായത്. ഇത്തവണ തീപടർന്നത് ഇക്കോണമി വിഭാഗത്തിൽ നിന്നാണെന്നു മാത്രം. അടുപ്പിച്ചുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.