ഭാരതത്തിന്റെ വാനമ്പാടി സരോജിനി നായിഡു, ഭാരതം കണ്ട വിപ്ളവകാരികളിൽ ഏറ്റവും മഹാനെന്ന് വിശേഷിപ്പിച്ച ഡോ. പല്പുവിന്റെ 155-ാം ജന്മവാർഷികം സമാഗതമായിരിക്കുന്നു. വൈവിദ്ധ്യമാർന്ന വ്യക്തിത്വത്തിന്റെ തിളക്കമാണ് അദ്ദേഹത്തെ മറ്റ് വിപ്ളവകാരികളിൽ നിന്നും വേറിട്ടു നിറുത്തുന്നത്. തിരുവനന്തപുരത്ത് പേട്ടയിൽ തച്ചക്കുടി പപ്പു എന്നറിയപ്പെട്ടിരുന്ന മാതിക്കുട്ടി ഭഗവതിയുടെയും നെടുങ്ങോട്ട് തറവാട്ടിലെ പപ്പമ്മ എന്ന് വിളിപ്പേരുള്ള മാതപെരുമാളിന്റെയും മകനായി 1863 നവംബർ രണ്ടിന് ഡോ. പല്പു ഭൂജാതനായത്.
ബാല്യത്തിൽ തുടങ്ങിയ പോരാട്ടം
ഡോ. പല്പുവിന്റെ കാലഘട്ടം മരുമക്കത്തായ സമ്പ്രദായത്തിന്റേതായിരുന്നു. കാരണവരായ അമ്മാവൻ സ്വത്തുക്കൾ കൈയടക്കിയിരുന്നു. അമ്മാവനോട് മല്ലിട്ട് ആഹാരത്തിനും കുട്ടികളുടെ പഠനത്തിനും വഴി കണ്ടെത്തേണ്ടിയിരുന്നു ഡോ. പല്പുവിന്റെ കുടുംബത്തിന്, . അദ്ദേഹവും സഹോദരൻ വേലായുധനും പഠനത്തിൽ മിടുക്കരായിരുന്നു. വേലായുധനെ കുടുംബം ഇംഗ്ളീഷ് വിദ്യാഭ്യാസത്തിനയച്ചു. എന്നാൽ പല്പുവിനെ പഠിക്കാൻ സഹായിച്ചത് ഫെർണാണ്ടസ് എന്ന സായിപ്പായിരുന്നു. തിരുവനന്തപുരം ഗവ. ഹൈസ്കൂളിൽ ചേർന്ന് പഠിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തെ യാഥാസ്ഥിതികരായ ഹിന്ദുക്കൾ ശക്തമായി എതിർത്തു. അദ്ദേഹത്തിന് സഹായത്തിനെത്തിയത് പ്രിൻസിപ്പലായിരുന്ന സായിപ്പായിരുന്നു.
കോളേജ് പ്രവേശനത്തിനും ഫെർണാണ്ടസ് ശിഷ്യനെ സഹായിച്ചു. യൂറോപ്യൻ കുടുംബങ്ങളിലെ കുട്ടികളെ ഇംഗ്ളീഷ് പഠിപ്പിക്കാനുള്ള അവസരം ലഭിച്ചതുകൊണ്ട് കോളേജിൽ പഠനം തുടരാനായി. എഫ്.എ പരീക്ഷയ്ക്ക് (ഇന്നത്തെ പ്ളസ് ടു) ഉയർന്ന റാങ്കോടെ വിജയിച്ചു. തിരുവിതാംകൂർ ഗവൺമെന്റിന്റെ കീഴിലുള്ള മെഡിക്കൽ സ്കൂളിൽ പ്രവേശനപ്പരീക്ഷയെഴുതി. ഇംഗ്ളീഷിന് ഒന്നാം റാങ്കും എല്ലാ വിഷയങ്ങൾക്കും കൂടി രണ്ടാം റാങ്കും ലഭിച്ചു. മെഡിക്കൽ സ്കൂൾ പ്രവേശനം ഒഴിവാക്കാനാവില്ലെന്ന് മനസിലാക്കിയ യാഥാസ്ഥിതികർ കുതന്ത്രങ്ങൾ പ്രയോഗിച്ച് അദ്ദേഹത്തെ അയോഗ്യനാക്കി. പ്രതിസന്ധികളിൽ തളരാത്ത ഡോ. പല്പു മദ്രാസ് മെഡിക്കൽ കോളേജിൽ അപേക്ഷിച്ച് പ്രവേശനം ഉറപ്പാക്കി.
ജ്യേഷ്ഠനായ റാവ് ബഹദൂർ വേലായുധന്റെ (മദ്രാസ് ഗവൺമെന്റ് നൽകിയ സ്ഥാനം) വീട്ടിൽ താമസിച്ചാണ്, എം.ബി.ബി.എസിന് തുല്യമായ എൽ.എം.എസ് പഠനം പൂർത്തിയാക്കിയത്. പഠനകാലത്ത് ഫീസിനുവേണ്ടി പലപ്പോഴും ഭിക്ഷയെടുക്കേണ്ടി വന്നിട്ടുണ്ട്. ഒരു ദിവസം വിശപ്പടക്കാനാവാതെ തളർന്നുവീണ തന്നെ മുസ്ളിം സഹോദരൻ താങ്ങിയെടുത്ത്, തനിക്കുവേണ്ടി സൂക്ഷിച്ചിരുന്ന റൊട്ടിക്കഷണം സ്നേഹവായ്പ്പോടെ നൽകിയതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
എൽ.എം.എസ് ബിരുദവുമായി നാട്ടിലെത്തിയ പല്പു തൊഴിലിന് അപേക്ഷിച്ചു. യാഥാസ്ഥിതികരുടെ എതിർപ്പുമൂലം തിരുവിതാംകൂർ ഗവൺമെന്റ് തൊഴിൽ നൽകിയില്ല . 1890 ഡിസംബറിൽ അദ്ദേഹം മദ്രാസ് സംസ്ഥാനത്ത് വാക്സിൻ ഡിപ്പോ സൂപ്രണ്ടായി നിയമിതനായി. പില്ക്കാലത്ത് മൈസൂരിലേക്ക് സ്ഥലം മാറ്റവും കിട്ടി. വാക്സിൻ നിർമ്മാണരംഗത്തെ നേട്ടങ്ങളുടെ അംഗീകാരമായി അദ്ദേഹത്തെ യൂറോപ്പിലയച്ച് നൂതന പ്രവണതകൾ സ്വായത്തമാക്കാൻ മൈസൂർ ഗവൺമെന്റ് നിയോഗിച്ചു.
യൂറോപ്പിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായപ്പോഴാണ് ബാംഗ്ളൂരിൽ പ്ളേഗ് പടർന്നുപിടിച്ചത്. ദിവസേന അഞ്ഞൂറോളം രോഗികൾ മരിച്ചുകൊണ്ടിരുന്നു. രോഗബാധ ഭയന്ന് ജനങ്ങൾ കൂട്ടമായി പാലായനം ചെയ്‌തു തുടങ്ങി. ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും ബാംഗ്ളൂർ വിട്ടുപോകുന്ന സ്‌ഥിതി. പില്ക്കാലത്ത് തിരുവിതാംകൂർ ദിവാനായി നിയമിതനായ സർ വി.പി. മാധവറാവുവിനെ അടിയന്തര സാഹചര്യം നേരിടാൻ, പ്ളേഗ് കമ്മിഷണറായി നിയമിച്ചു. രോഗപ്രതിരോധരംഗത്ത് മികവ് തെളിയിച്ച ഡോ. പല്പുവിനോട് സ്പെഷ്യൽ പ്ളേഗ് ഓഫീസറായി ചുമതലയേൽക്കാനും മൈസൂർ ഗവൺമെന്റ് ഉത്തരവിട്ടു. വളരെ സന്തോഷത്തോടെ തന്റെ മരണപത്രം എഴുതിവച്ച ഡോ. പല്പു അപകടകരമായ ചുമതല ഏറ്റെടുത്തു. വളരെ വിജയകരമായി പ്രതിസന്ധി തരണം ചെയ്യാൻ മൈസൂർ ഗവൺമെന്റിനെ അദ്ദേഹം പ്രാപ്തമാക്കി.
ഡോ. പല്പുവിന്റെ മികവ് വീണ്ടും ബോദ്ധ്യപ്പെട്ട മൈസൂർ ഗവൺമെന്റ് സംസ്ഥാനത്തിന്റെ ചെലവിൽ ഇംഗ്ളണ്ട്, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകാൻ ഡോ. പല്പുവിന് അവസരമൊരുക്കി. കമ്മ്യൂണിറ്റി മെഡിസിനിൽ ഫെല്ലോഷിപ്പും ഡി.പി.എച്ചും കരസ്ഥമാക്കി രണ്ട് വർഷം കൊണ്ട് തിരിച്ചെത്താൻ സാഹചര്യവുമൊരുക്കി. തിരിച്ചെത്തിയ ഡോ. പല്പു സേവനരംഗത്ത് സജീവമായി.
1892 ൽ സ്വാമി വിവേകാനന്ദൻ മൈസൂർ സന്ദർശിക്കുന്ന അവസരത്തിലാണ് മൈസൂർ മഹാരാജാവ് സ്വാമിജിയെ കാണാൻ ഡോ. പല്പുവിന് അവസരമൊരുക്കിയത്. ഡോ. പല്പു സ്വാമിജിയെ വീട്ടിലേക്ക് ക്ഷണിക്കുകയും അദ്ദേഹമത് സ്വീകരിക്കുകയും ചെയ്തു. അതിഥിയായെത്തിയ സ്വാമി വിവേകാനന്ദന് കേരളത്തിലെ ജാതിവ്യവസ്ഥയുടെ ക്രൂരമായ മുഖങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചു. സ്വാമി വിവേകാനന്ദന്റെ കണ്ണിൽ നിന്ന് കണ്ണീർത്തുള്ളികൾ അടർന്നുവീണു. ഈ വേളയിലാണ് ''ഒരാത്മീയ പുരുഷനെ കേന്ദ്രീകരിച്ച് സംഘടന ഉണ്ടാക്കാനും അതിലൂടെ മുന്നേറാനും" സ്വാമി വിവേകാനന്ദൻ ഡോ. പല്പുവിനെ ഉപദേശിച്ചത്.
വിവേകാനന്ദ സ്വാമികളുടെ നിർദേശം ശിരസാ വഹിച്ച ഡോ. പൽപ്പുവിന് ഒരു ആത്മീയ ആചാര്യനെ കണ്ടുപിടിക്കാൻ പ്രയാസമില്ലായിരുന്നു. മരുത്വാമലയിലെ ഏകാഗ്രമായ തപസും, അപാരമായ അറിവുമായി അവധൂതനായി ഏറെക്കാലം സഞ്ചരിച്ച് ജനഹൃദയങ്ങളിൽ ആരാധ്യനായി മാറിയ ശ്രീനാരായണ ഗുരുദേവനാണ് പൽപ്പുവിന്റെ മനസിൽ കടന്നുവന്ന ആത്മീയ ആചാര്യൻ.
( ലേഖകൻ കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറാണ് )