21055

നെയ്യാറ്റിൻകര: സഞ്ചാരയോഗ്യമായി കിടന്നിരുന്ന താലൂക്കിലെ ഒട്ടുമിക്ക റോഡുകളും മഴയും പ്രളയവുമൊക്കെ വന്നതോടെ പൊട്ടിപ്പൊളിഞ്ഞു. പലയിടത്തും നാട്ടുകാർ പി.ഡബ്ല്യൂ.ഡി അധികൃതർക്കും പഞ്ചായത്തുകളിലും പരാതിപ്പെട്ട് മടുത്തിരിക്കുകയാണ്. നെയ്യാറ്റിൻകര നഗരസഭാ അതിർത്തിയിലുള്ള കാട്ടാക്കട റോഡ്, അത്താഴമംഗലം റോഡ്, ഓലത്താന്നി- ആറ്റുകടവ് റോഡ്, മാമ്പഴക്കര റോഡ്, അരുവിപ്പുറം റോഡ് എന്നിവയും ടാറിളികി കിടക്കുകയാണ്. നെയ്യാറ്റിൻകര പൂവാർ റോഡിലെ വ്ളാങ്ങാമുറിക്ക് സമീപം പൈപ്പ് ജലം സ്ഥിരമായി പൊട്ടിഒഴുകുന്നത് കാരണം ഇവിടത്തെ റോഡ് പൂർണമായും തകർന്നു. നാട്ടുകാർ പരാതിപ്പെട്ട് മടുത്തിരിക്കുകയാണ്.

1992 ൽ പണിത അത്താഴമംഗലം- കവളാകുളം റോഡിൽ ഇതേ വരെ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല.

പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ മാരായമുട്ടം- ചുള്ളിയൂർ റോഡ്, ആനാവൂർ- അരുവിപ്പുറം റോഡ് എന്നിവയിലൂടെ കാൽനട പോലും ദുസ്സഹമായ തരത്തിൽ ടാർ ഇളകിയും ചെളി നിറഞ്ഞും ഗതാഗത യോഗ്യമല്ലാതായി തീർന്നിരിക്കുകയാണ്. തിരുപുറം പഞ്ചായത്തിലെ പഴയക റോഡ് തകർന്നതിൽ പ്രതിഷേധിച്ച് റോഡിൽ വാഴ വച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പഴയകടയിൽ നിന്നും കാഞ്ഞിരംകുളത്തേക്ക് പോകുന്ന റോഡും തകർന്നു.

റോഡുകൾ നന്നാക്കാൻ പ്രളയദുരിതാശ്വാസ തുക അനുവദിച്ചിട്ടും ഈ റോഡുകളൊന്നും നന്നാക്കാത്തതിൽ പരക്കെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നൂറുകണക്കിന് കുടുംബങ്ങൾ സഞ്ചരിക്കാൻ ഉപയോഗിക്കുന്ന ആശാരിക്കുളം- അഴകിക്കോണം ക്ഷേത്ര റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യം ഉയർന്നു.റോഡിൽ അരകിലോമീറ്ററോളം ചെളിനിറഞ്ഞ് വെള്ളം കയറിക്കിടപ്പാണ്. മിക്ക റോഡുകളും നവീകരിക്കാൻ ടെൻണ്ടർ ക്ഷണിക്കുന്നതു വരെ കാര്യങ്ങൾ എത്തിയെങ്കിലും പണി ഇനിയും തുടങ്ങിയിട്ടില്ല.

 കേന്ദ്രഫണ്ടും അനുവതിച്ചു

പൊട്ടിപ്പൊളിഞ്ഞ റോഡ് പുനർനിർമ്മിക്കാൻ 15 കോടി രൂപയുടെ കേന്ദ്രഫണ്ടിന് (സി.ആർ.എഫ്) അനുമതി ലഭിച്ചതായി കെ. ആൻസലൻ എം.എൽ.എ പറഞ്ഞു. 16 കിലോമീറ്റർ ദൂരം ഇത്തരത്തിൽ പണിപൂർത്തിയാക്കും. പ്രാരംഭ പ്രവർത്തങ്ങളായി പഴകട മുതൽ മാവിളക്കടവ് വരെയുള്ള പണികൾ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രഫണ്ടിനോടൊപ്പം എം.എൽ.എ ഫണ്ടും റോഡു പണികൾക്കായി ഉപയോഗപ്പെടുത്തും.

നവീകരിക്കാനായി അനുമതി ലഭിച്ച റോഡുകൾ

1. ഓലത്താന്നിയിൽ ഓട നിർമ്മണം ........... 25 ലക്ഷം

2. ബാലരാമപുരം-വഴിമുക്ക് ഓട സ്ലാബിടാൻ ............25 ലക്ഷം

3. ബാലരാമപുരം-പൂവാർ റോഡിൽ നെല്ലിമൂട് ജംഗ്ഷനിൽ ഓട നവീകരണം ............. 25 ലക്ഷം

4. നെയ്യാറ്റിൻകര-വടക്കെക്കോട്ട റോഡ് നവീകരണം ....................10 ലക്ഷം

5. പഴയ എം.എസ്. റോഡ്-എൻ.എച്ച് നടപ്പാത നിർമ്മാണം ................ 25 ലക്ഷം

6. ഇടിച്ചക്കപ്ലാമൂട്-പ്ലാമൂട്ടുക്കട റോഡ്, ചെങ്കവിള-മാറാടി-ചാരോട്ടുകോണം റോഡ് എന്നിവിടങ്ങളിൽ ഓട നിർമ്മാണം ............... 20 ലക്ഷം

7. ഉച്ചക്കട-പൊഴിയൂർ റോഡിന്റെ ഓട നവീകരണം........... 15 ലക്ഷം

8.പഴയ അഞ്ചൽ ഓഫീസ്, അമരവിള റോഡുകളുടെ നവീകരണം .............. 25 ലക്ഷം

9. കച്ചേരി റോഡിന് ........15 ലക്ഷം

10. മാമ്പഴക്കര റോഡ് .......25 ലക്ഷം

11. പതിനൊന്നാം മൈൽ നടറോഡ് ........5 ലക്ഷം

12. തിരുപുറം-പഴയകട-മനവേലി റോഡ് ........ 20 ലക്ഷം

13 ആറയൂർ-പൊൻവിള റോഡ് .............. 25 ലക്ഷം