gurusagaram

മദ്റാസിലെ സ്വദേശി ടൈപ്പ് ഫൗണ്ടറിയുടെ ഉടമ ടി. എ. ആറുമുഖ മുതലിയാർ ശ്രീനാരായണഗുരുവിന്റെ ഉത്തമഭക്തനായിരുന്നു. റെയിൽവേ ജോലി രാജിവച്ച് സ്വന്തമായി വ്യവസായം തുടങ്ങണമെന്ന ആഗ്രഹവുമായി നടക്കുന്ന കാലത്താണ് ഗുരുവിനെ ആദ്യമായി കണ്ടത്. കണ്ടമാത്രയിൽത്തന്നെ മുതലിയാരുടെ ആഗ്രഹം ഗുരു അങ്ങോട്ടുപറഞ്ഞു. അദ്ദേഹത്തിന് അത്ഭുതം അടക്കാനായില്ല. ഒരു ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭത്തിലേക്ക് ഇറങ്ങുകയെന്നു പറയുന്നത് അത്യന്തം ആത്മസംഘർഷമുണ്ടാക്കുന്ന ഒന്നാണ്. അപ്പോഴാണ് മുതലിയാർക്ക് ഗുരു ധൈര്യം പകർന്നത്. രണ്ട് വെള്ളിനാണയം എടുത്തുകൊടുത്തു ഭഗവാൻ. ഫൗണ്ടറി പെട്ടെന്ന് വളർന്നു. ബാംഗ്‌ളൂർ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ സ്ഥാപിച്ചു. അതോടെ ഗുരുവിന്റെ തമിഴകയാത്രകളിൽ മുതലിയാർ എല്ലാ തിരക്കുകളും മാ​റ്റിവച്ച് അനുഗമിക്കും. മൈലാപ്പൂരിലെ റോസറി ചർച്ച് റോഡിലുള്ള മുതലിയാർ ബംഗ്‌ളാവിലാണ് ഗുരു മദ്റാസിൽവന്നാൽ വിശ്രമിക്കുക. അവിടെ ഗുരുവിന്റെ ചിത്രം വച്ച് ആരാധിക്കുന്ന ഒരു മുറി പ്രത്യേകമായി ഉണ്ടാക്കിയിരുന്നു.

ഒരിക്കൽ ഇവിടെ വിശ്രമിക്കുമ്പോൾ കുടുംബത്തോടൊപ്പം സായാഹ്‌നത്തിൽ ഗുരു മറീന ബീച്ചിൽ വരണം എന്ന് മുതലിയാർ ആഗ്രഹം പ്രകടിപ്പിച്ചു. അതിനായി കാറും എത്തിച്ചു. നാം അവിടെ എത്തിയേക്കാം എന്നു മൊഴിഞ്ഞ് അവരെ പറഞ്ഞുവിട്ടു. ഗുരുവിനെ കാറിൽ കയ​റ്റാൻ കഴിയാഞ്ഞതിന്റെ വിഷമത്തോടെ മുതലിയാരും കുടുംബവും മറീനബീച്ചിലേക്ക് തിരിച്ചു. അവർ ബീച്ചിൽ എത്തുമ്പോൾ ഗുരു അവിടെയിരിക്കുന്നു. ഇതെങ്ങനെ സംഭവിച്ചു? അവർ അദ്ഭുതപരതന്ത്റരായി. ഗുരുവിനെ സംബന്ധിച്ച് ഇത്തരം സംഭവങ്ങൾ അപൂർവമല്ല. ഒരേസമയം തലശേരി ജഗന്നാഥക്ഷേത്രത്തിലും ആലുവ ആശ്രമത്തിലും ശിവഗിരിയിലും ഗുരുവിനെ കണ്ടിട്ടുണ്ട്. ഈ സിദ്ധി ഒന്നു പരീക്ഷിച്ചറിയാൻ ഒരു ഗൃഹസ്ഥ ഭക്തൻ ഒരിക്കൽ തീരുമാനിച്ചു. അയാൾ ഗുരുവിനെ സ്വീകരിച്ച് വീട്ടിൽ താമസിപ്പിച്ചു. ഉപചാരപൂർവം അത്താഴം നൽകി. ഗുരു ഉറങ്ങാനായി മുറിയിൽ പ്രവേശിച്ചപ്പോൾ പുറത്തുനിന്ന് താഴിട്ടുപൂട്ടി. എന്നിട്ട് കുറച്ച് അകലെയുള്ള ക്ഷേത്രത്തിൽ ഉത്‌സവത്തിനുപോയി. അവിടെ ചെന്നപ്പോൾ ആൽത്തറയിൽ ഒരുകൂട്ടം ഭക്തർക്കിടയിൽ ഗുരു ഇരിക്കുന്നതുകണ്ട് വിശ്വസിക്കാനാവാതെ വീട്ടിലേക്കോടി. പൂട്ടുതുറന്നു നോക്കുമ്പോൾ ഗുരു ഉറങ്ങുകയാണ്. ഇങ്ങനെ ലോകർക്ക് വിശ്വസിക്കാൻ സാധിക്കാത്ത ഒരുപാട് ഇന്ദ്രജാലങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നതിനാലാവാം ഗുരുവിന്റെ ജീവചരിത്രം എഴുതാൻ ആഗ്രഹം പ്രകടിപ്പിച്ച ശിഷ്യനോട് ഇതൊക്കെ എഴുതിയാൽ ആളുകൾ വിശ്വസിക്കുമോ എന്ന് ഭഗവാൻ ചോദിച്ചത്.


അദ്ഭുതങ്ങൾ അദ്ഭുതങ്ങളായി തോന്നുന്നത് ബുദ്ധിയെ മായ ബാധിച്ച അവസ്ഥയിൽ നിൽക്കുമ്പോഴാണ്. എത്രപഠിച്ചാലും തലയിൽ ഉറയ്ക്കാത്ത വിദ്യാർത്ഥിക്ക് നൂറിൽ നൂറുമാർക്കും വാങ്ങുന്ന സഹപാഠി ഒരദ്ഭുതമാണ്. എന്നാൽ നൂറുമാർക്ക് വാങ്ങുന്നവനെ സംബന്ധിച്ച് അതൊരു സ്വാഭാവികത മാത്രമാണ്. ഗുരു അദ്ഭുതം കാട്ടാൻ വേണ്ടിയല്ല അദ്ഭുതം പ്രവർത്തിച്ചിരുന്നത്. ഒഴിവാക്കാനാവാത്ത ആവശ്യം മുന്നിലെത്തുമ്പോഴാണ്. വള്ളക്കാരന് പണം കൊടുക്കാൻ മടിച്ച് നദിക്കുകുറുകേ നടന്നുപോയ ഹഠയോഗിയെക്കണ്ടപ്പോൾ ഹഠയോഗിയുടെ അഭ്യാസത്തിന് എട്ടണയുടെ വിലയേ ഉള്ളോ എന്നാണ് ഗുരു ചോദിച്ചത്. എട്ടണയായിരുന്നു വള്ളക്കൂലി. അദ്ഭുതം കാട്ടാൻനിൽക്കാതെ എട്ടണകൊടുത്തിരുന്നെങ്കിൽ വള്ളക്കാരന് ഉപകാരമാകുമായിരുന്നു എന്നായിരുന്നു ഗുരുവിന്റെ നിലപാട്. ആട്ടെ, എന്താണ് ഒരേ സമയം പലയിടങ്ങളിൽ ഗുരുവിനെ കാണുന്നതിന്റെ രഹസ്യം? ദർശനമാലയിലെ ആറാം പദ്യത്തിൽ ഭഗവാൻ അതാണ് മൊഴിയുന്നത്:


ആസീത് പ്രകൃതിരേവേദം
യഥാ അദൗ യോഗവൈഭവഃ
വ്യതനോദഥ യോഗീവ
സിദ്ധിജാലം ജഗത്പതിഃ


പരമബോധത്തിൽ വാസനയുണർന്ന് സങ്കല്പവും ബാഹ്യദൃശ്യമായ പ്രപഞ്ചവും ഉണ്ടാകുന്നതിനെക്കുറിച്ച് നാം മുൻ പദ്യങ്ങളിൽ ഭഗവാൻ വിശദമാക്കിയിരുന്നു. സൃഷ്ടി ഒരിന്ദ്രജാലംപോലെസംഭവിക്കുന്നതാണ്. സൂക്ഷ്മായ വിത്തിൽനിന്ന് അതേപോലെ ആയിരക്കണക്കിന് വിത്തുകളെയും ഫലങ്ങളെയും സൃഷ്ടിക്കാൻ കഴിവുള്ള വൃക്ഷം ഉണ്ടായി വളർന്ന് പന്തലിക്കുന്നതും ഒന്നോർത്താൽ അദ്ഭുതമാണ്. അതുപോലെയാണ് ഈ പ്രപഞ്ചസൃഷ്ടിയും. അദ്ഭുതകരമാണ് ഈശ്വരനാകുന്ന മായാവിയുടെ മായാലീലകൾ. ഇത് വെറുതേ ഊഹിച്ച് പറയുന്നതല്ല. അങ്ങനെ സാധിക്കുമോ എന്ന് സ്വയം അന്വേഷിച്ച് തെളിയിച്ചിട്ടാണ് ഭഗവാൻ മൊഴിയുന്നത്. വേദപുസ്തകം വായിച്ചു പഠിച്ചവർക്കും ഇങ്ങനെ പറയാം. പക്ഷേ, അതൊക്കെ വെറും ഊഹങ്ങളാണ്. ഊഹംകൊണ്ട് സത്യം വെളിപ്പെടുകയില്ലെന്ന് ആത്‌മോപദേശ ശതകത്തിൽ ഭഗവാൻ മൊഴിയുന്നുണ്ട്. പ്രകൃതിയുടെ സൃഷ്ടി രഹസ്യം കണ്ടെത്തി അത് പരീക്ഷിച്ചു വിജയിക്കുന്നവനാണ് ശരിയായ യോഗി. ആ യോഗിക്ക് തനിയേ പലതും സൃഷ്ടിക്കാനും മായ്ക്കാനും സാധിക്കും. മനസ് ഒരു വ്യക്തിയിൽ ഇരിക്കുമ്പോൾ അയാളുടെ വിചാരം മനസ് എന്നത് അയാളുടേത് മാത്രമാണെന്നാണ്. വിളക്കിൽ തിരി നിൽക്കുന്നതുപോലെയാണ് മനസ് ഒരാളിൽ നിലകൊള്ളുന്നത്. എന്നാൽ തീപടർന്നാൽ അത് വിളക്കിൽ മാത്രമായി നിൽക്കുമോ? അതുപോലെയാണ് മനസിന്റെ വികാസം. എല്ലായിടവും നിറഞ്ഞു നിൽക്കുന്ന മനസിന്റെ രഹസ്യമറിഞ്ഞാൽ അതുപയോഗിച്ച് സ്വയം ശരീരം സ്വീകരിക്കാനും മായ്ച്ചുകളയാനും സാധിക്കുമെന്ന് തെളിയിക്കുന്നതാണ് യോഗവിദ്യ. യോഗവിദ്യ സത്യാന്വേഷണത്തിന്റെ പ്രാക്ടിക്കൽ സെഷൻ ആണ്. വേദാന്തം അതിന്റെ പരീക്ഷിച്ചുറപ്പിച്ച തിയറിയും.