ചിറയിൻകീഴ്: കടൽക്ഷോഭത്തിൽ വീടും പുരയിടവും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം വിതരണം ചെയ്തു. വിതരണോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. ചിറയിൻകീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് എ. ഷൈലജാബീഗം മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ‌് എസ്. ഡീന, വൈസ് പ്രസിഡന്റ‌് എം.വി. കനകദാസ്, മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന ട്രഷറർ സി. പയസ്, മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ‌് വി. ലൈജു, ആന്റണി ഫെർണാണ്ടസ്, ജോഷിഭായി, ഉദയസിംഹൻ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി കലക്ടർ അനു എസ്.നായർ സ്വാഗതവും ചിറയിൻകീഴ് താലൂക്ക് തഹസിൽദാർ എ. ഉണ്ണിരാജ നന്ദിയും പറഞ്ഞു. പ്രകൃതിക്ഷോഭ നിവാരണവുമായി ബന്ധപ്പെട്ട് പ്രത്യേകമായി റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ഫണ്ട് വിതരണം സംസ്ഥാനത്ത് ആദ്യമായി ചിറയിൻകീഴിലാണ് നടന്നത്. ചിറയിൻകീഴ്, അഞ്ചുതെങ്ങ് മേഖലകളിലെ അർഹരായ 41 കുടുംബങ്ങൾക്കാണ് ധനസഹായം വിതരണം ചെയ‌്തത്. വീട് നഷ്ടപ്പെട്ടവർക്ക് ഭൂമി വാങ്ങി വീട് നിർമിക്കാനായി പത്ത് ലക്ഷം രൂപ വീതമാണ് നൽകുന്നത്. ഇതിന്റെ ആദ്യഗഡുവായി മത്സ്യത്തൊഴിലാളികൾക്ക് ഇരുപത്തയ്യായിരം രൂപയാണ് നൽകിയത്.