മുടപുരം: അഴൂർ പഞ്ചായത്ത് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കായി സംഘടിപ്പിച്ച 'നക്ഷത്രത്തിളക്കം' കലോത്സവത്തിൽ മിമിക്രി കലാകാരൻ ഉണ്ണിക്കണ്ണൻ താരമായി. മിമിക്രി ഇനത്തിലെ ഒന്നാം സ്ഥാനവും പ്രസംഗ മത്സരത്തിലെ രണ്ടാം സ്ഥാനവുമാണ് ഈ കലാകാരൻ കരസ്ഥമാക്കിയത്. അഴൂർ കോളിച്ചിറ ചരുവിള വീട്ടിൽ അനിലിന്റെയും റീനയുടെയും മകനാണ് അന്ധനായ ഈ മിമിക്രി കലാകാരൻ. അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് ആർ. അജിത്ത്കുമാർ ഉണ്ണിക്കണ്ണന് സമ്മാനം നൽകി. പത്ത് സെന്റ‌് ഭൂമിയിൽ പണി പൂർത്തിയാകാത്ത വീട്ടിലാണ് കൂലിപ്പണിക്കാരനായ അനിലും കുടുംബവും താമസിക്കുന്നത്.
വർക്കല ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയാണ് ഉണ്ണിക്കണ്ണൻ. ഒന്നരവയസുള്ളപ്പോൾ തലയുടെ അമിതവളർച്ച കാരണം നടത്തിയ ശസ്ത്രക്രിയയെ തുടർന്നാണ് ഉണ്ണിക്കണ്ണന് കാഴ്ച നഷ്ടമാകുന്നത്. ഏഴാം ക്ലാസു വരെ വർക്കലയിലെ ബ്ലൈൻഡ് സ്കൂളിലായിരുന്നു പഠനം.
കലയുടെ ലോകത്ത് ഈ കലാകാരൻ അന്ധനല്ല
2017ൽ നടന്ന കേരള ഫെഡറേഷൻ ഒഫ് ദ ബ്ലൈൻഡ് മലപ്പുറത്ത് സംഘടിപ്പിച്ച കലാമത്സരത്തിൽ മിമിക്രിക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് ഉണ്ണിക്കണ്ണൻ ശ്രദ്ധേയനായത്. എട്ടാം ക്ലാസുമുതൽ തുടർച്ചയായ നാലു വർഷമായി മിമിക്രിക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡും ജില്ലാ സ്കൂൾ കലോത്സവത്തിലും സബ് ജില്ലാ കലോത്സവത്തിലും ഒന്നാം സ്ഥാനവും ഉണ്ണിക്കണ്ണൻ സ്വന്തമാക്കിയിട്ടുണ്ട്. പാലക്കാടിൽ നടന്ന സംസ്ഥാന കേരളോത്സവത്തിൽ രണ്ടാം സ്ഥാനവും ജില്ലാ കേരളോത്സവത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി മികവ് പുലർത്തി. പത്താം ക്ലാസിൽ രണ്ട് എ പ്ലസോടെയും മൂന്ന് എയോടും കൂടി വിജയിച്ച ഉണ്ണിക്കണ്ണൻ കലാരംഗത്തെന്ന പോലെ പഠനത്തിലും മിടുക്കനാണ്. സാമൂഹ്യനീതിവകുപ്പിൽ നിന്നും അന്ധരായ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്മാർട്ട് ഫോണിനും ലാപ്ടോപ്പിനും ഉണ്ണിക്കണ്ണൻ അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. ചാനലുകളിൽ നിന്ന് പരിപാടികളിൽ പങ്കെടുക്കാൻ ഉണ്ണിക്കണ്ണനെ ക്ഷണിക്കുന്നുണ്ടെങ്കിലും പഠനത്തിൽ ശ്രദ്ധിക്കേണ്ടതിനാൽ പങ്കെടുക്കുന്നില്ലെന്ന് പിതാവ് അനിൽ പറഞ്ഞു. ഗായത്രിദേവിയാണ് ഉണ്ണിക്കണ്ണന്റെ സഹോദരി.