റേഷൻ കരിഞ്ചന്ത തടയാൻ ആവുംവിധമുള്ള നടപടികളൊക്കെ എടുത്തിട്ടും ഏറിയും കുറഞ്ഞും അത് അഭംഗുരം തുടരുന്നുവെന്ന വാർത്തകൾ അവിശ്വസിക്കേണ്ട കാര്യമില്ല. നിയമം നടപ്പാക്കാൻ ചുമതലപ്പെട്ടവർ തന്നെയാണ് പുതിയ സംവിധാനത്തിലും അട്ടിമറിയുടെ റോൾ ഏറ്റെടുത്തിട്ടുള്ളതെന്ന വെളിപ്പെടുത്തലാകട്ടെ അങ്ങേയറ്റം ആശങ്കയുളവാക്കുന്നു. ഭക്ഷ്യസുരക്ഷാനിയമമനുസരിച്ചുള്ള മാറ്റങ്ങൾ രാജ്യത്ത് ഏറ്റവും ഒടുവിൽ നടപ്പാക്കിയ സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. റേഷൻ സംവിധാനത്തിലെ ഒഴിയാബാധയായ കരിഞ്ചന്തയും വെട്ടിപ്പും നിയന്ത്രിക്കാൻ ഒൗദ്യോഗിക സംവിധാനത്തിൽത്തന്നെ ഉണ്ടായ താത്പര്യക്കുറവായിരുന്നു ഇതിന് കാരണം. ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട അന്നവും പഞ്ചസാരയും മണ്ണെണ്ണയും കരിഞ്ചന്തയിലേക്ക് ഒഴുകുന്നതിന്റെ പങ്കുപറ്റി തടിച്ചുവീർത്ത ഉദ്യോഗസ്ഥ ലോബിയുടെ നിക്ഷിപ്തതാത്പര്യം ഇപ്പോഴും ശക്തമാണെന്നതിന്റെ തെളിവാണ് റേഷൻ വിതരണത്തെ വിടാതെ പിന്തുടരുന്ന താളപ്പിഴകൾ.
കള്ളം കാണിക്കാൻ ഒട്ടും പഴുതില്ലാത്ത ഇ-പോസ് മെഷീൻ സ്ഥാപിക്കുന്നതോടെ എല്ലാം നേരെയാകുമെന്ന ഭക്ഷ്യവകുപ്പിന്റെ നിഗമനത്തിൽ ഏറെ പ്രതീക്ഷ വച്ചുപുലർത്തിയവരാണ് ജനങ്ങൾ. യന്ത്രം അടിക്കടി പണിമുടക്കുന്നതും റേഷൻ വാങ്ങാൻ പലവട്ടം കടകളിൽ കയറിയിറങ്ങേണ്ടിവരുന്നതും പതിവായതോടെ അവരുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽക്കുകയും ചെയ്തു. നാട്ടിൻപുറങ്ങളിലെ റേഷൻ കടകളിൽ വിനിമയ ബന്ധമറ്റ് മെഷീൻ സുഖസുഷുപ്തിയിലാകുന്നത് സാധാരണമാണ്. സെർവർ മാറ്റി സ്ഥാപിച്ച് തകരാർ ശാശ്വതമായി പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. റേഷൻ കാർഡുമായി കടയിലെത്തുന്നവരുടെ ഭാഗ്യംപോലെയിരിക്കും കാര്യങ്ങൾ എന്ന സ്ഥിതിയാണ് പലേടത്തും.
റേഷൻ കാർഡിന്റെ ഉടമകൾതന്നെ റേഷൻ വിഹിതം കൈപ്പറ്റണമെന്ന നിബന്ധന ഇ-പോസ് യന്ത്രം വന്നതോടെ സാദ്ധ്യമായിട്ടുണ്ട്. എന്നാൽ ഇതോടൊപ്പം നടപ്പിൽ വരേണ്ടിയിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പരിഷ്കാരം ഇനിയും വന്നിട്ടില്ല. ഇ-പോസ് യന്ത്രം കടയിലെ ത്രാസുമായി ബന്ധിപ്പിക്കണമെന്ന നിബന്ധനയാണത്. തൂക്കത്തിലെ വെട്ടിപ്പു പൂർണമായും തടയാനുദ്ദേശിച്ചാണ് ഭക്ഷ്യസുരക്ഷാ നിയമത്തിൽ ഇൗ വ്യവസ്ഥകൊണ്ടുവന്നത്. ഇ-പോസ് യന്ത്രം സ്ഥാപിക്കുന്നതിനൊപ്പംതന്നെ അത് ത്രാസുമായി ബന്ധിപ്പിക്കുകയും വേണമെന്ന് ഭക്ഷ്യവകുപ്പുമന്ത്രി തിലോത്തമൻ നിർദ്ദേശിച്ചിരുന്നതാണ്. നിർദ്ദേശം നടപ്പാക്കേണ്ട ഭക്ഷ്യവകുപ്പിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ കണ്ണടച്ചതുകാരണം റേഷൻ കടകളിൽ ഇപ്പോഴും തൂക്കിവില്പനതന്നെയാണ് നടക്കുന്നത്. തൂക്കത്തിലെ മറിമായങ്ങൾ ഇല്ലാതാക്കാനുള്ള ഏകവഴി യന്ത്രത്തെ ത്രാസുമായി ബന്ധിപ്പിക്കലാണ്. നിസാരമായ ഇൗ സാങ്കേതിക ജോലി പൂർത്തിയാകാൻ വൈകുന്നതിന് പിന്നിലും നിക്ഷ്പിത താത്പര്യമാണ് കാണാനാവുന്നത്. റേഷൻ കടകളിൽ നിശ്ചിത അളവിലും തൂക്കത്തിലും വിഹിതം വിതരണം ഉറപ്പുവരുത്തണമെങ്കിൽ കടക്കാർക്ക് ലഭിക്കുന്ന ധാന്യങ്ങൾക്കും പഞ്ചസാരയ്ക്കും മണ്ണെണ്ണയ്ക്കുമൊക്കെ കൃത്യമായ അളവും തൂക്കവും ഉറപ്പുവരുത്തേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷാ നിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന് വാതിൽപ്പടി വിതരണം ഉറപ്പാക്കണമെന്നതാണ്. അതായത് ഡിപ്പോകളിൽ നിന്ന് റേഷൻ കടകളിലെത്തുന്ന സാധനങ്ങൾ കൃത്യമായിരിക്കണം. എന്നാൽ നിലവിൽ എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നെടുക്കുന്ന ധാന്യങ്ങളുടെ തൂക്കവും അളവുമൊന്നും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്താൻ പ്രത്യേക ഏർപ്പാടുകളൊന്നുമില്ലെന്നാണ് റേഷൻ കടക്കാരുടെ പരാതി. വിതരണത്തിന് കരാറെടുത്തവർ എത്തിക്കുന്ന ചരക്ക് തർക്കമൊന്നും പറയാതെ വാങ്ങിവയ്ക്കുന്നതിനപ്പുറം അളവും തൂക്കവുമൊക്കെ ഉറപ്പാക്കാൻ കടക്കാർക്കും മാർഗമില്ല. ഇതുവഴി തങ്ങൾക്കുണ്ടാകുന്ന നഷ്ടം കാർഡുടമകളുടെ തലയിൽ കെട്ടിവയ്ക്കാനാണ് അവർ നോക്കുന്നത്. കൈനഷ്ടം സഹിച്ച് റേഷൻ വിതരണം നടത്തേണ്ട ബാദ്ധ്യത അവർക്കില്ലല്ലോ.
റേഷൻ സാധനങ്ങളുടെ കരിഞ്ചന്തയിലേക്കുള്ള ഒഴുക്ക് ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ഇടയ്ക്കിടെവരുന്ന വാർത്തകളിൽ നിന്ന് മനസിലാക്കേണ്ടത്. റേഷൻ ധാന്യങ്ങളുടെ വൻശേഖരം ഇടയ്ക്കിടെ പിടികൂടാറുണ്ട്. റേഷൻ അരി മിനുസപ്പെടുത്തി ബ്രാൻഡ് ലേബലിൽ വിപണിയിലെത്താറുണ്ട്. കരിഞ്ചന്തയിലെത്തുന്ന റേഷൻ ധാന്യങ്ങൾ സൂക്ഷിക്കുന്നതിന് മാത്രമായുള്ള ഗോഡൗണുകൾ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട് റെയ്ഡിൽ കുറെയൊക്കെ പിടികൂടാറുമുണ്ട്.
സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് ഇപ്പോഴും ആശ്രയം റേഷൻ തന്നെയാകയാൽ അത് നല്ല നിലയിൽ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. പാവപ്പെട്ടവന്റെ അന്നം ആരും കൈയിട്ടുവാരാതിരിക്കാൻ വേണ്ടിയാണ് ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കിയത്. നിയമം നടപ്പായ ശേഷവും റേഷൻ കൊള്ള തുടരുന്നുവെങ്കിൽ നിയമം നടപ്പാക്കാൻ ചുമതലപ്പെട്ട സംവിധാനം ശരിയല്ലെന്നാണ് അർത്ഥം.
സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പദ്ധതി നടപ്പാക്കാൻ പതിവിൽക്കവിഞ്ഞ ഇച്ഛാശക്തിയും കരുത്തും ആവശ്യമാണ്. മന്ത്രി മാത്രം വിചാരിച്ചാൽ അത് നടക്കില്ല. ഉദ്യോഗസ്ഥന്മാരും ശ്രമിക്കണം. മനഃപൂർവം ഒാരോ തടസമുണ്ടാക്കി റേഷൻ വിതരണം കുഴപ്പിക്കുന്നവരെ കണ്ടുപിടിച്ച് ശിക്ഷിച്ചാൽ മാത്രമേ ഇൗ രംഗത്തെ കള്ളക്കളിക്ക് തടയിടാനാകൂ.