ആര്യനാട്: ആര്യനാട് ജനമൈത്രി പൊലീസിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതി ആര്യനാട് യൂണിറ്റിന്റെയും വയോജന സൗഹൃദ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു. അഞ്ച് ലക്ഷം രൂപ ചെലവിലാണ് കാമറകൾ സ്ഥാപിച്ചത്. ആദ്യഘട്ടമെന്നോണം 16 കാമറകളാണ് ഹൈസ്കൂൾ ജംഗ്ഷൻ, പോസ്റ്റ് ഒാഫീസ് ജംഗ്ഷൻ, പാലം ജംഗ്ഷൻ, മാർക്കറ്റ് ജംഗ്ഷൻ, കാഞ്ഞിരംമൂട്, ഗണപതിയാംകുഴി എന്നിവിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ മോണിട്ടറിംഗ് സംവിധാനം ആര്യനാട് പൊലീസ് സ്റ്റേഷനിലാണ് സജ്ജീകരിക്കുന്നത്. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമിലാബീഗത്തിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹൻ കാമറകളുടെ സ്വിച്ച് ഒാൺ കർമം നിർവഹിച്ചു. ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എ. റഹിം, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംന നവാസ്, ആര്യനാട് ഇൻസ്‌പെക്ടർ ബി. അനിൽ കുമാർ, സബ് ഇൻസ്പെക്ടർ എസ്.വി. അജീഷ്, ഡെയിൽവ്യൂ ഡയറക്ടർ സി. ക്രിസ്തുദാസ്, ജനമൈത്രി സി.ആർ.ഒ നിസാറുദ്ദീൻ, വ്യാപാരി വ്യസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വർണനാ സുരേന്ദ്രൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ അജിത, ഗിരിജ, വയോജന സമിതി സെക്രട്ടറി എം.എസ്. സുകുമാരൻ, ശിവജിപുരം ഭുവനേന്ദ്രൻ, ആര്യനാട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എസ്. ദീക്ഷിത്, ബ്ളോക്ക് പഞ്ചായത്തംഗം പ്രസന്നകുമാരി, പി.എൻ. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.