തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിൽ സൗകര്യങ്ങൾ വിപുലമാക്കുന്നതിനൊപ്പം സേവനവും മികച്ചതാവണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. തൊഴിൽ സുരക്ഷിതത്വമുള്ളതിനാൽ ഇവിടെ ഉദ്യോഗസ്ഥമേധാവിത്ത പ്രവണത ഉണ്ടാവാൻ എളുപ്പമാണ്. കെ.ടി.ഡി.സിയുടെ സ്ഥാപനങ്ങളിൽ ആനുകൂല്യങ്ങളോടെ സേവനങ്ങൾ ലഭ്യമാക്കുന്ന ആജീവനാന്ത മെമ്പർഷിപ്പ് കാർഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപനത്തിന്റെ ആസ്‌തി പണമാക്കി മാറ്റി സ്വന്തം കാലിൽ നിൽക്കാൻ കെ.ടി.ഡി.സി നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. വിപുലമായ ശൃംഖലയുള്ള കെ.ടി.ഡി.സിയോട് മറ്റ് സ്ഥാപനങ്ങൾക്ക് മത്സരിക്കാനാവില്ലെന്നും ഐസക്ക് പറഞ്ഞു. നന്മയെ അടിസ്ഥാനമാക്കിയുള്ളതാണ് കെ.ടി.ഡി.സിയുടെ മത്സരമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കെ.ടി.ഡി.സിയുടെ നേതൃത്വത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടക്കുകയാണ്. തേക്കടിയിൽ 2.64 കോടിരൂപ ചെലവിൽ ഹോട്ടൽ പുതുക്കിപ്പണിയുന്നു. പൊന്മുടിയിൽ 3.2 കോടി രൂപയ്ക്ക് ഹോട്ടൽ നിർമ്മാണവും നടക്കുന്നു. കനകക്കുന്നിൽ ഡിജിറ്റൽ മ്യൂസിയത്തിന് ഏഴു കോടി രൂപ അനുവദിച്ചു. ആദ്യ പ്രീമിയം മെമ്പർഷിപ്പ് കാർഡ് ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ് ഏറ്റുവാങ്ങി. കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്‌ടർ പി. ബാലകിരൺ, കെ.ടി.ഡി.സി മാനേജിംഗ് ഡയറക്‌ടർ ആർ. രാഹുൽ, ഇ.എം.നജീബ് എന്നിവർ പങ്കെടുത്തു.