-sabarimala-women-entry

ശബരിമല എന്ന പുണ്യനാമം മലയാളിയുടെ മനസിൽ പാവനമായ വികാരമാണ് ഉണർത്തുന്നത്. താരതമ്യങ്ങൾക്കതീതമായ സവിശേഷതകൾ കൊണ്ട് ശ്രദ്ധേയവുമാണ്. അയ്യപ്പസ്വാമിയുടെ പ്രഭാവം നിറഞ്ഞുനിൽക്കുന്ന ശബരിമലയിൽ വാവരുസ്വാമിക്കും മാളികപ്പുറത്തിനും പ്രത്യേക സ്ഥാനവും നൽകിയിട്ടുണ്ട്. മതസാഹോദര്യത്തിന്റെയും മതസമന്വയത്തിന്റെയും പ്രായോഗികതലം കൂടിയാണ് ഇവിടെ തുറന്നുനൽകുന്നത്. ദേവീസാന്നിദ്ധ്യമാണ് മാളികപ്പുറത്തമ്മയായി കുടികൊള്ളുന്നതെന്നാണ് വിശ്വാസം. ഇൗ നിലയിൽ നിസ്തുലമായ ഒൗന്നിത്യം കൈവരിച്ച ശബരിമലയുടെ പേരിലുള്ള ശബ്ദകോലാഹലങ്ങൾ ഏറെ ആശയക്കുഴപ്പങ്ങൾക്കാണ് വഴിയൊരുക്കുന്നത്. സ്ത്രീപ്രവേശനത്തെ ശരണമന്ത്രങ്ങളിലൂടെ പ്രതിരോധിക്കുന്ന കലാപമുഖരിതവും ശബ്ദമുഖരിതവുമായ ഒരു അന്തരീക്ഷത്തിനാണ് ശബരിമല സാക്ഷ്യം വഹിച്ചത്. സാധാരണക്കാർ ഇതുകണ്ട് പകച്ചുനിൽക്കുകയാണ്.

ആത്മീയതയെ വിഭാഗീകരിക്കുകയും ദൈവത്തെ സങ്കുചിത ചിന്തകളുടെ ഉറവിടമാക്കുകയും ചെയ്യുന്നതിലൂടെ പലവിധത്തിലുള്ള ആത്മീയ അനർത്ഥങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ആത്മീയതയുടെയും ദൈവത്തിന്റെയും പേരിലുള്ള ഇൗ അനർത്ഥമാണ് മനുഷ്യരാശി നേരിടുന്ന പുതിയ ശാപം. ഇന്നത്തെ കാലഘട്ടം മതത്തിന്റെ പിടിയിൽപ്പെടാത്ത ദൈവത്തെയും ആത്മീയതയെയും തേടുകയാണ്. മതങ്ങളിലൂടെയും ആചാരങ്ങളിലൂടെയും മാത്രമേ ദൈവത്തിനും ആത്മീയതയ്ക്കും ജീവിക്കാനാകൂ എന്ന വിശ്വാസം തകർന്നുകൊണ്ടിരിക്കുകയാണ്.

മതങ്ങളുടെയും ആചാരങ്ങളുടെയും മേൽക്കൂരയില്ലാത്ത ഇൗ സ്വതന്ത്ര ആത്മീയതയുടെ ഏറ്റവും പ്രാചീനമായ ശബ്ദം അവതരിപ്പിച്ചത് ശ്രീബുദ്ധനായിരുന്നു. മാനവികതയുടെയും ആത്മീയതയുടെയും നക്ഷത്രവെളിച്ചം പ്രസരിപ്പിച്ച ബുദ്ധമതത്തെ ഹിന്ദുത്വം കപട വൈഭവങ്ങളാൽ കാലഹരണപ്പെടുത്തുകയായിരുന്നു. 1888 ൽ അരുവിപ്പുറത്ത് ശ്രീനാരായണഗുരു പ്രതിഷ്ഠിച്ചത് ജാതിയും മതവും ഇല്ലാത്ത ദൈവത്തെയാണ്. ഹിന്ദുക്ഷേത്രാചാരങ്ങൾക്കെതിരായ വിപ്ളവ മുദ്രാവാക്യമാണ് അവിടെ മുഴങ്ങിയത്. ക്ഷേത്ര പ്രതിഷ്ഠകൾക്ക് മുന്നോടിയായുള്ള ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പൂജകളും ഹോമങ്ങളും ഒന്നും ഉണ്ടായിരുന്നില്ല. പുഴയിൽനിന്ന് മുങ്ങിയെടുത്ത ഒരു കല്ല് ഹൃദയമന്ത്രം ചൊല്ലി പ്രതിഷ്ഠിക്കുകയായിരുന്നു. ക്ഷേത്ര സങ്കല്പങ്ങളെ പരിവർത്തന വിധേയമാക്കിക്കൊണ്ടാണ് മഹാഭൂരിപക്ഷം ജനങ്ങളുടെ മോചനത്തിന് വഴിയൊരുക്കിയത്

ശ്രീരാമന്റെ ഏറ്റവും വലിയ ഭക്ത ശബരിയാണ്. ആ പാവപ്പെട്ട ദളിത സ്ത്രീയുടെ പേരിലാണ് 'ശബരിമല" അറിയപ്പെടുന്നത് എഴുത്തച്ഛന്റെ ആദ്ധ്യാത്മരാമായണത്തിൽ രാമലക്ഷ്മ്ണന്മാരുടെ ശബര്യാശ്രമപ്രവേശം വിവരിക്കുന്നുണ്ട്. ഹീനജാതിയിലുള്ള മൂഢയെന്നാണ് ശബരി തന്നെപ്പറ്റി സ്വയം പറയുന്നത്. ജഗദീശ്വരന്റെ കഴലിണകൂപ്പി എപ്രകാരമാണ് സ്തുതിക്കേണ്ടതെന്ന് അറിഞ്ഞുകൂടാ എന്ന ശബരിയുടെ നിർമ്മല ഭക്തിയോടെയുള്ള വാക്കുകൾക്ക് മറുപടിയായി കളങ്കസ്പർശമില്ലാത്ത ഭക്തിയാണ് ഇൗശ്വരദർശനത്തിനുള്ള ഉപാധിയെന്നാണ് ശ്രീരാമൻ ഉപദേശിക്കുന്നത് . തത്വമസി പൊരുൾ വിളംബരം ചെയ്യുന്ന ശബരിമല എല്ലാറ്റിനെയും സ്വീകരിക്കുന്ന വിശാലതയുടെ ഉറവിടമാണ്. ശബരിമലയുടെ ഇൗ സമന്വയ മഹിമയിലേക്ക് ജനങ്ങളെ കൈപിടിച്ചുയർത്തുന്ന സമീപനമാണ് ആവശ്യം. മാനവികത പ്രായോഗികമാക്കുകയാണ് ആത്മീതയുടെ ഏറ്റവും വലിയ ദൗത്യം. വിശ്വാസിയായ ഒരു യുവതിക്ക് ശബരിമലപ്രവേശനത്തിന് അർഹതയുണ്ടെന്നതാണ് സുപ്രീംകോടതിവിധി. വിധി ചോദ്യംചെയ്തുകൊണ്ട് സമർപ്പിച്ചിട്ടുള്ള പുന:പരിശോധനാ ഹർജിയും കോടതിയുടെ പരിഗണനയിലാണ്.

ഉപാസനാമാർഗത്തിൽ കാലാന്തരത്തിൽ വന്നുചേർന്ന അശാസ്ത്രീയ ധാരണകളെ തിരുത്തിക്കൊണ്ടുമാത്രമേ ശരിയായ ആചാരങ്ങൾക്കുവേണ്ടി നിലകൊള്ളാനാവൂ. ആചാര ബാഹുല്യത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും അതിപ്രസരത്തിൽനിന്ന് ക്ഷേത്രങ്ങളെ മോചിപ്പിച്ചുകൊണ്ടുള്ള അഭിനവമായ ആരാധനാ സമ്പ്രാദയത്തിലേക്കും ക്ഷേത്രസങ്കല്പത്തിലേക്കും കൂടി ഇത് വിരൽചൂണ്ടുന്നുണ്ട്. പൂജാകർമ്മങ്ങൾ ശാസ്ത്രീയമായി പഠിച്ച അബ്രാഹ്മണശാന്തിക്ക് ശബരിമല ശാന്തിവൃത്തി ഇന്നും അപ്രാപ്യമാണ്. അദ്വൈതം പ്രസംഗിക്കുകയും അയിത്തം ആചരിക്കുകയും ചെയ്യുന്ന കാപട്യത്തിന് നേരെ നാം കണ്ണടച്ചുകൂടാ.

''എങ്കിലും ബ്രഹ്മവിദ്യേ, നിന്നി-

ലെന്താണിക്കാണുന്ന വൈപരീത്യം"? എന്ന ചോദ്യം ഇന്നും ഉത്തരം തേടുകയാണ്.