കല്ലറ: കാരേറ്റ് - പാലോട് റോഡിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ഭരതന്നൂർ ജംഗ്ഷനിൽ വിവിധ സ്ഥലങ്ങളിൽ പി.ഡബ്ളിയു.ഡി ഏറ്റെടുത്ത് നൽകിയ സ്ഥലം ഒഴിവാക്കി റോഡും ഒാടയും നിർമ്മിക്കാനുള്ള കരാറുകാരന്റെ ശ്രമം ഇന്നലെ നാട്ടുകാർ ചേർന്ന് തടഞ്ഞിരുന്നു. പണികൾ പുരോഗമിക്കും തോറും റോഡിന്റെ വീതി കറഞ്ഞു വരുന്നുവെന്നാണ് ആരോപണം. 13.6 മീറ്റർ വീതിയിലാണ് റോഡിന്റെ രണ്ടാം ഘട്ട നിർമ്മാണവും നടക്കുന്നത്. എന്നാൽ പല സ്ഥലങ്ങളിലും റോഡിന് വീതിയില്ല. പുറംപോക്ക് സ്ഥലം ഇല്ലാത്തതിനാലാണ് റോഡിന് വീതി കുറയാൻ കാരണമെന്നാണ് പി.ഡബ്ളിയു.ഡി അധികൃതർ പറയുന്ന ന്യായം. ഇതേ സമയം ഏറ്റെടുത്ത പുറംപോക്ക് സ്ഥലം പോലും ഒഴിവാക്കിയാണ് പലയിടങ്ങളിലും പണിനടക്കുന്നതെന്ന് നാട്ടുകാരും ആരോപിക്കുന്നു. റോഡിനോട് ചേർന്ന് വസ്തുക്കളുള്ള ചിലരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് എസ്റ്റിമേറ്റിലുള്ളതിന് വിരുദ്ധമായി പണികൾ നടത്തുന്നതെന്നും ചില രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഇതിനുള്ളതായും നാട്ടുകാർ ആരോപിക്കുന്നു. മുപ്പത്തിരണ്ട് കോടി മുടക്കി അത്യാധുനിക രീതിയിൽ നിർമ്മിക്കുന്ന കാരേറ്റ് - പാലോട് റോഡിന്റെ രണ്ടാം ഘട്ട ജോലികളാണ് ഇവിടെ നടക്കുന്നത്. കാരേറ്റ് മുതൽ കല്ലറ വരെയും, ഭരതന്നൂർ ആല വളവ് മുതൽ പാലോട് വരെയുമാണ് രണ്ടാം ഘട്ടത്തിലുള്ളത്. കല്ലറ മരുതമൺ മുതൽ ഭരതന്നൂർ ആല വളവ് ജംഗ്ഷൻ വരെയായിരുന്നു ഒന്നാം ഘട്ടം. ഇതിന്റെ ജോലികൾ പൂർത്തിയായിക്കഴിഞ്ഞു.
ഒന്നാം ഘട്ടത്തിന്റെ അടങ്കൽ തുക - 7 കോടി
രണ്ടാം ഘട്ട നിർമ്മാണം - 13.6 മീറ്റർ വീതിയിൽ
ടാറിംഗ് - 7 മീറ്റർ
ഇരുവശങ്ങളിലുമുള്ള ബേണുകൾ - 1. 5 മീറ്റർ വീതം
ഒാടകൾ - 1.8 മീറ്റർ വീതം
റവന്യൂ അധികൃതർ അളന്ന് തിട്ടപ്പെടുത്തി നൽകിയ സ്ഥലങ്ങളിൽ മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. നാട്ടുകാർ സംശയം ഉന്നയിച്ച സാഹചര്യത്തിൽ തർക്കമുള്ള ഭാഗങ്ങൾ ഒന്നുകൂടി അളന്ന് തിട്ടപ്പെടുത്തി നൽകാൻ റവന്യൂ അധികൃതരോട് ആവശ്യപ്പെടും.
സജിത ബീഗം. അസി. എൻജിനിയർ, പി.ഡബ്ളിയു.ഡി വെഞ്ഞാറമൂട്
റോഡ് പണിയിൽ അപാകതയുണ്ട്. ചിലരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് എസ്റ്റിമേറ്റിലുള്ളതിന് വിരുദ്ധമായി പണികൾ നടത്തുന്നത്. ചില രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും ഇതിനുണ്ട്. തർക്കമുള്ള ഭാഗങ്ങൾ ഒന്നുകൂടി അളന്ന് തിട്ടപ്പെടുത്തി നിർമ്മാണപ്രവർത്തനങ്ങൾ തുടരാനുള്ള നടപടികളാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.
അജയകുമാർ ഭരതന്നൂർ,. റോഡ് വികസന സമിതി അംഗം, സംയുക്ത ട്രേഡ് യൂണിയൻ